•  16 Oct 2025
  •  ദീപം 58
  •  നാളം 32
കടലറിവുകള്‍

അന്റാര്‍ട്ടിക് സമുദ്രം

   അന്റാര്‍ട്ടിക്ക് വന്‍കരയുടെ പത്തില്‍ ഒമ്പതു ഭാഗവും ഹിമാവൃതമാണ്. ഹിമത്തിന്റെ അടിയില്‍ പര്‍വതനിരകളും ശിഖരങ്ങളുമൊക്കെയുണ്ട്. നൈസ് ഗ്രാനൈറ്റ്, സെഡിമെന്ററി റോക്ക്, മൈക്കാ ഷീറ്റ്, സാന്‍ഡ് സ്റ്റോണ്‍, ബസാല്‍ട്, ഡയോറൈറ്റ് എന്നിവയാണധികവും. പര്‍വതങ്ങളില്‍നിന്നും പല ഫോസിലുകളും കല്ലിച്ച മരവുമൊക്കെ കണ്ടുകിട്ടിയിട്ടുണ്ട്.
   അന്റാര്‍ട്ടിക്‌സമുദ്രത്തിന്റെ ആഴം പല തരത്തിലാണ്. തെക്കേ ജോര്‍ജ് ദ്വീപില്‍ 4000 ഫാതമുള്ളപ്പോള്‍ ദക്ഷിണധ്രുവത്തിനടുത്ത് ഓസ്‌ട്രേലിയയ്ക്കുനേരെ തെക്കുവശത്ത് 1950 ഫാതമാണുള്ളതെന്ന് ചലഞ്ചര്‍ സംഘം കണ്ടെത്തി. വേല്‍സ് ഉള്‍ക്കടലില്‍ അഥവാ റോസ് കടലില്‍ 300 ഫാതം വരെ 1934 ല്‍ പൗള്‍ട്ടര്‍ ആഴം അളക്കുകയുണ്ടായി. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ പടിഞ്ഞാറ് 200 ഫാതമാണ് ഡിഗെരാഷ് കണ്ടെത്തിയത്.
ഭൂമികയുടെ ഏറ്റവും തെക്കേയറ്റത്താണല്ലോ അന്റാര്‍ട്ടിക്ക. ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം. ദക്ഷിണധ്രുവപ്രദേശം. ഓസ്‌ട്രേലിയയുടെ രണ്ടിരട്ടിയും അമേരിക്കയുടെ ഒന്നരയിരട്ടിയും വലിപ്പമുള്ള ഭൂഖണ്ഡം. ലോകത്തേറ്റവും മഞ്ഞുള്ള പ്രദേശം അന്റാര്‍ട്ടിക്കതന്നെ. അന്റാര്‍ട്ടിക്കയുടെ 98 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്നു. ചില സ്ഥലങ്ങളില്‍ മഞ്ഞിന്റെ കനം നാലുകിലോമീറ്റര്‍ വരെയാണ്. അതിനാലാണ് ഇവിടുള്ള പര്‍വതങ്ങള്‍പോലും മഞ്ഞിനടിയിലായിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുമുഴുവന്‍ ഉരുകിയെന്നിരിക്കട്ടെ; എങ്കില്‍ കടലിലെ ജലനിരപ്പ് 200 അടിയോളം ഉയരുമത്രേ. ലോകത്തിലെ പല പ്രധാനനഗരങ്ങളും രാജ്യങ്ങളുമൊക്കെ കടലിനടിയിലാവുകയും ചെയ്യും. അങ്ങനെ മഞ്ഞുരുകിയാല്‍ അന്റാര്‍ട്ടിക്കയുടെ ഷേപ്പിനു മാറ്റം വരും. ആ ഭൂഖണ്ഡത്തിന്റെ വലിപ്പം നേര്‍പകുതിയായി മാറും.
   അന്റാര്‍ട്ടിക്കയുടെ ചുറ്റുമാണ് അന്റാര്‍ട്ടിക് കടല്‍. ഇതൊരു പ്രത്യേക കടലാണെന്നു ചില വാദങ്ങളുണ്ട്. ചില ശാസ്ത്രജ്ഞരുടെ  കാഴ്ചപ്പാട് മറ്റൊന്നാണ്. പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രം എന്നീ സമുദ്രങ്ങളുടെ തെക്കേയറ്റം ചേര്‍ന്നുണ്ടായതാണ് അന്റാര്‍ട്ടിക്ക് കടല്‍ എന്നതാണത്. മറ്റേതൊരു ഭൂഖണ്ഡത്തെക്കാളും ഉയരത്തിലാണ് അന്റാര്‍ട്ടിക്കയുടെ  കിടപ്പ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന ഊഷ്മാവ് മൈനസ് 89.2 ഡിഗ്രി സെല്‍ഷ്യസാണ്. ഭൂമിയില്‍ മറ്റൊരിടത്തും ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും കുറഞ്ഞ ചൂട്!
അന്റാര്‍ട്ടിക്കയ്ക്കു ചുറ്റുമുള്ള സമുദ്രത്തില്‍ എപ്പോഴും മഞ്ഞുമലകളുണ്ടാകും. 240 കി.മീ. നീളവും 110 കി. മീ. വീതിയുമുള്ള മഞ്ഞുമലകള്‍വരെ  ഇവിടെ ഉണ്ടായിക്കാണുന്നു. അന്റാര്‍ട്ടിക്കയില്‍ സ്ഥിരമായി മനുഷ്യവാസമില്ലെങ്കിലും ചില ജീവികളുണ്ട്. സീല്‍, തിമിംഗലം, ആല്‍ബട്രോസ്, പെന്‍ഗ്വിന്‍ മുതലായവയൊക്കെ ഇവിടെ സ്ഥിരതാമസമുള്ളതായിക്കാണാം. 1959 ല്‍ അന്റാര്‍ട്ടിക്കയുടെ അവകാശത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ ഒരു ഉടമ്പടി പ്രാബല്യത്തില്‍വന്നു. അതനുസരിച്ച് അന്റാര്‍ട്ടിക്ക ഒരു രാജ്യത്തിന്റെയും കീഴിലല്ല. ആ ദക്ഷിണധ്രുവപ്രദേശത്ത് ആര്‍ക്കും പോകാം. പരീക്ഷണങ്ങള്‍ നടത്താം. എന്നാല്‍ അതു സമാധാനപരമായ ആവശ്യങ്ങള്‍ക്കായിരിക്കണം എന്നു മാത്രം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)