•  20 Nov 2025
  •  ദീപം 58
  •  നാളം 37
കടലറിവുകള്‍

റെയിന്‍ഡീറുകള്‍

    ക്രിസ്മസ്‌കഥകളിലെ സാന്താക്ലോസ്  അപ്പൂപ്പന് ഒരു വണ്ടിയുണ്ട്. ചക്രങ്ങളില്ലാത്ത വണ്ടി. അതായത്, തെന്നുവണ്ടി-സ്ലെഡ്ജ്. ഈ വണ്ടി വലിക്കുന്നത് റെയിന്‍ഡീറുകളാണ്. മഞ്ഞുഭൂമികയിലെ ഈ കൗതുകമുണര്‍ത്തുന്ന, മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് കുട്ടികള്‍ക്കു സമ്മാനവുമായെത്തുക.
    അമേരിക്കന്‍ വന്‍കരയുടെ ആര്‍ട്ടിക്പ്രദേശങ്ങളില്‍ വന്യമൃഗങ്ങളായി കാണുന്ന റെയിന്‍ഡീറുകളെ 'കാരിബോ' എന്നാണു വിളിക്കുന്നത്. യൂറോപ്പിന്റെ ആര്‍ട്ടിക്പ്രദേശങ്ങളില്‍ കാരിബോകളെക്കാള്‍ കൂടുതല്‍ ഇണക്കിവളര്‍ത്തുന്നതു റെയിന്‍ഡീറുകളെയാണ്. കൂട്ടമായാണ് ഇവയുടെ താമസവും ഭക്ഷണംതേടലും സഞ്ചാരവുമൊക്കെ. ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉത്തരധ്രുവപ്രദേശങ്ങളിലെ ഓരോ കാരിബോ കൂട്ടത്തിലും ആയിരക്കണക്കിന് എണ്ണമുണ്ടായിരുന്നത്രേ. ആര്‍ട്ടിക്കിലെ വസന്തകാലത്ത് ടുന്‍ഡ്രപ്രദേശങ്ങളില്‍ ഇവ സ്വതന്ത്രമായി മേഞ്ഞുനടക്കും. എന്നാല്‍, ശൈത്യകാലമാകുന്നതോടെ ടുന്‍ഡ്ര ഉപേക്ഷിച്ചു തണുപ്പുകുറഞ്ഞ വനപ്രദേശങ്ങളിലേക്കു പിന്‍വാങ്ങുകയാണു  പതിവ്. തണുപ്പ് വര്‍ധിക്കുന്നതുമാത്രമല്ല, തീറ്റ നന്നേ കുറയുന്നതും ഈ പിന്‍വാങ്ങലിന്‍കാരണംതന്നെ.
    മങ്ങിയ തവിട്ടുനിറത്തില്‍ സാമാന്യം വലുപ്പമുള്ള മൃഗങ്ങളാണ് റെയിന്‍ഡീറുകള്‍. മാന്‍വര്‍ഗത്തില്‍പ്പെട്ട ഇവയുടെ ആണിനും പെണ്ണിനും കൊമ്പുകളുണ്ട്. ശാഖകളോടുകൂടിയ ഇവയുടെ വലിയ കൊമ്പുകള്‍ അല്പം പരന്നിട്ടാണ്. വളര്‍ച്ചയെത്തുന്ന കൊമ്പുകള്‍ വര്‍ഷത്തിലൊരിക്കല്‍ കൊഴിഞ്ഞ് പുതിയതുണ്ടാകുന്നു. റെയിന്‍ഡീറുകള്‍ക്കു കിലോമീറ്ററുകളോളം ക്ഷീണമില്ലാതെ നടക്കാനാവുന്നു. നല്ല നീന്തല്‍ക്കാരുമാണ്. ഇത്തരം ഗുണവിശേഷങ്ങളാകണം റെയിന്‍ഡീറിനെ നല്ലൊരു വളര്‍ത്തുമൃഗമാക്കി മാറ്റിയതും. യൂറോപ്പിലെ നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ വടക്കന്‍ഭാഗങ്ങള്‍, റഷ്യയുടെ വടക്കന്‍ സൈബീരിയ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെട്ട ആര്‍ട്ടിക്‌മേഖലയിലാണ് പ്രധാനമായും ഇവയെ ഇണക്കിവളര്‍ത്തുന്നത്. 'ലാപ്' എന്ന ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന ഈ പ്രദേശങ്ങള്‍ ലാപ്‌ലാന്‍ഡ് എന്നറിയപ്പെടുന്നു.
ലാപ്പുകളുടെ എല്ലാമാണ് റെയിന്‍ഡീറുകള്‍. റെയിന്‍ഡീറുകളുടെ പാലാണ് ലാപ്പുകള്‍ ഉപയോഗിക്കുന്നത്. കേരളത്തിലും മറ്റും ആട്ടിന്‍പാല്‍ ഉപയോഗിക്കുന്നതുപോലെ. ലാപ്പുകള്‍ ശൈത്യത്തില്‍  നിന്നു രക്ഷപ്പെടാന്‍ കോട്ടും പാദരക്ഷയും നിര്‍മിക്കുന്നത് ഇവയുടെ തോലില്‍നിന്നാണ്. തൊപ്പിയും ബ്ലാങ്കറ്റുമൊക്കെ ഉണ്ടാക്കാന്‍ റെയിന്‍ഡീറുകളുടെ രോമമുപയോഗിക്കുന്നു. കടുത്ത മഞ്ഞുകാലത്ത് ഉപയോഗിക്കാനായി ഇവയുടെ മാംസം ഉണക്കിസൂക്ഷിക്കാറുമുണ്ട്. കേരളത്തിലും ഉണക്കയിറച്ചി സുലഭമാണല്ലോ.
    ചക്രങ്ങളില്ലാത്ത ''സ്ലെഡ്ജ്'' എന്ന മഞ്ഞുവണ്ടിയാണ് ലാപ്പുകള്‍ ഉപയോഗിക്കുന്നത്. ഇതു വലിക്കുന്നതാകട്ടെ റെയിന്‍ഡീറുകളാണ്. റെയിന്‍ഡീറുകളെ  വളര്‍ത്താനും എളുപ്പംതന്നെ. പ്രത്യേകകൂടൊന്നും ആവശ്യമില്ല. ഒരു വേലിക്കെട്ടിനുള്ളില്‍ കൂട്ടമായി ഇവ കഴിഞ്ഞുകൂടും. മറ്റൊരു അതിശയകരമായ കാര്യംകൂടിയുണ്ട്. ശൈത്യകാലത്ത്  മഞ്ഞുപാളികള്‍ക്കു മേലേ കിടന്നുറങ്ങാന്‍പോലും ഇവയ്ക്കാകുമെന്നതാണത്. എന്തായാലും റെയ്ന്‍ഡീറുകള്‍ ധ്രുവപ്രദേശത്തെ കൊടുംശൈത്യത്തിനുചേര്‍ന്ന ജീവി തന്നെ. വിചിത്രവും വിസ്മയമുളവാക്കുന്നതുമായ മനോഹരമൃഗം തന്നെയിവ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)