•  8 Jan 2026
  •  ദീപം 58
  •  നാളം 43
കടലറിവുകള്‍

ആര്‍ട്ടിക് ടേണ്‍

   ധ്രുവപ്രദേശത്തെ പല പക്ഷികളും വേനല്‍ക്കാലത്തു മാത്രം അവിടെ കഴിയാനിഷ്ടപ്പെടുന്ന സന്ദര്‍ശകരാണ്. വേനല്‍ കഴിയുന്നതോടെ മറ്റു പ്രദേശങ്ങളിലെ സുഖകരമായ കാലാവസ്ഥ തേടി ഇവ ദേശാടനം ആരംഭിക്കുന്നു. ബ്രാന്റ് ഗൂസ്, സ്‌നോഗൂസ് മുതലായ താറാവുകള്‍ ഇങ്ങനെ ആര്‍ട്ടിക്കില്‍ വേനല്‍ക്കാലം ചെലവഴിക്കുന്നവരാണ്. മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച് അവയെയുംകൊണ്ടായിരിക്കും ഇവയുടെ മടക്കയാത്ര. സ്‌നോ ഗൂസ് മൂവായിരത്തോളം കിലോമീറ്ററുകള്‍ പിന്നിട്ട് മെക്‌സിക്കന്‍ ഉള്‍ക്കടല്‍പ്രദേശത്തേക്കാണു മടങ്ങുക.
'ആര്‍ട്ടിക് ടേണ്‍' എന്ന പക്ഷിയുടെ കാര്യം എടുത്തുപറയണം. അതിന്റെ ദേശാടനമാണ് ഏറ്റവും ശ്രദ്ധേയം. ഒരു പ്രാവിന്റെ വലുപ്പമുള്ള ഈ പക്ഷിയുടെ ദേഹം ഒതുങ്ങിയതാണ്. വാലും ചിറകും നീണ്ടുകൂര്‍ത്തതും. ശരീരം വെള്ളയാണെങ്കിലും പുറംഭാഗം ഇളംതവിട്ടുനിറമാണ്. തലയ്ക്കുമുകളില്‍ ഒരു തൊലിപോലെ കറുത്ത തൂവലുകളുണ്ട്. പവിഴനിറത്തിലുള്ളതാണ് കൊക്ക്.
സൈബീരിയായുടെ ആര്‍ട്ടിക്പ്രദേശങ്ങളിലും ഗ്രീന്‍ലണ്ടിലുമായി ജീവിക്കുന്ന ആര്‍ട്ടിക്‌ടേണ്‍പക്ഷികള്‍ വേനല്‍ക്കാലത്താണ് കൂടുകൂട്ടുക. പാറക്കെട്ടുകളില്‍ ഉണങ്ങിയ പുല്ലുനിരത്തിയുണ്ടാക്കുന്ന കൂട്ടിലാണു മുട്ടയിടല്‍. അമ്മപ്പക്ഷി അടയിരുന്നു മുട്ട വിരിയിക്കുന്ന കാഴ്ച കാണാം. കുഞ്ഞുങ്ങള്‍ പറന്നുതുടങ്ങുമ്പോഴേക്കും ഉത്തരധ്രുവപ്രദേശത്തെ വേനല്‍ക്കാലം കഴിയും. അതോടെ ആര്‍ട്ടിക് ടേണ്‍ പക്ഷികള്‍ യാത്രയാവുകയായി. മുതിര്‍ന്നവയോടൊപ്പം കുഞ്ഞുങ്ങളുമുണ്ടാവും യാത്രയ്ക്ക്. ഉത്തരധ്രുവപ്രദേശത്തുനിന്നു നീണ്ട യാത്ര ചെയ്ത് ഇവര്‍ ദക്ഷിണധ്രുവപ്രദേശത്ത് എത്തിച്ചേരുന്നു. അപ്പോള്‍ അവിടെ വേനല്‍ക്കാലത്തിന്റെ ആരംഭമായിരിക്കും. ഉത്തരധ്രുവപ്രദേശത്താകട്ടെ കൊടുംശൈത്യവും. ദക്ഷിണധ്രുവപ്രദേശത്ത് അവ കുറേക്കാലം താമസിക്കുന്നു. അവിടെ തണുപ്പാരംഭിക്കുന്നതോടെ അവര്‍ ഉത്തരധ്രുവപ്രദേശത്തേക്കു മടക്കയാത്രയാരംഭിക്കുന്നു.  അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ 'മഹായാത്ര' പൂര്‍ത്തിയാകുമ്പോള്‍ ഈ പക്ഷികള്‍ പറന്നുപിന്നിടുന്നത് ഏകദേശം നാല്പതിനായിരം കിലോമീറ്ററായിരിക്കും.
ഉത്തരധ്രുവപ്രദേശത്തു ജീവിക്കാനിഷ്ടപ്പെടുന്ന ധാരാളം പക്ഷികളുണ്ട്. എന്നാല്‍, ശൈത്യകാലം ശക്തമാകുന്നതോടെ മിക്ക പക്ഷികളും തണുപ്പുകുറഞ്ഞ പ്രദേശങ്ങളിലേക്കു ചിറകടിക്കുന്ന നേര്‍ക്കാഴ്ചയുണ്ട്. എന്നാല്‍ 'ഐവറിഗള്‍' എന്നറിയപ്പെടുന്ന കടല്‍ക്കാക്കകള്‍ എല്ലാക്കാലത്തും കഴിയുന്നത് ആ തണുപ്പുനാട്ടില്‍ത്തന്നെയാണ്. മഞ്ഞുനിറയുമ്പോള്‍ വെള്ളക്കുപ്പായക്കാരായ ഇവരെ തിരിച്ചറിയാന്‍പോലും ദുഷ്‌കരംതന്നെ. കൊടിയ ശൈത്യകാലത്ത് ഭക്ഷ്യക്ഷാമം നേരിടുന്നതോടെ ഇവ ധ്രുവക്കരടികളുമായി കൂട്ടുകൂടുന്നു. ധ്രുവക്കരടികളുടെ ബാക്കിവരുന്ന ഭക്ഷണം കിട്ടാനുള്ള വിദ്യയാണീ ചങ്ങാത്തം. നമ്മുടെ നാട്ടിലെ കറുത്ത കാക്കകളുടെ ഇമ്മിണി ചെറുപതിപ്പാണ് ഐവറി ഗള്‍. നിറം കറുപ്പിനുപകരം വെളുപ്പായിരിക്കും. നല്ല മഞ്ഞിന്റെ നിറം.        (അവസാനിച്ചു.)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)