•  14 Aug 2025
  •  ദീപം 58
  •  നാളം 23
കടലറിവുകള്‍

നീരാളി

   ടലിലെ വിസ്മയിപ്പിക്കുന്ന ജീവികളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് നീരാളി അഥവാ ഒക്‌ടോപസ്. നട്ടെല്ലില്ലാത്ത അനവധി ജലജീവികളിലൊന്നാണിത്. നീണ്ടുവളര്‍ന്നുനില്‍ക്കുന്ന എട്ടു കൈകളാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇവ സ്പര്‍ശിനികളാണ്. ഒക്‌ടോപസിന്റെ ശരീരം ഏറെക്കുറെ  ഒരു മാംസളമായ പന്തിന്റെ രൂപത്തിലാണ്. അതിനു ചുറ്റുമായിട്ടാണ് സ്പര്‍ശിനികള്‍. ഈ സ്പര്‍ശിനികള്‍ ഉപയോഗിച്ചാണു നീരാളി ഇര പിടിക്കുക.
നിറം മാറാനുള്ള കഴിവും നീരാളിക്കുണ്ട്. ഇരയെ പിടികൂടാനുള്ള തന്ത്രങ്ങളിലൊന്നാണിത്. പരിസരത്തോടു ചേര്‍ന്നുള്ള നിറം സ്വീകരിക്കുന്ന നീരാളി പാറകളുടെ പൊത്തുകളില്‍ പതുങ്ങിയിരിക്കും. ഇര അടുത്തുകൂടി പോകുന്ന നിമിഷം നീണ്ട വള്ളിക്കൈകള്‍ അതിനെ പിടികൂടുന്നു. വരിഞ്ഞുമുറുക്കിക്കഴിഞ്ഞാല്‍ പാവം ജീവിയുടെ കഥ കഴിഞ്ഞതുതന്നെ. നീരാളിക്കു വിഷം വമിപ്പിക്കുന്ന കടുപ്പമേറിയ ചുണ്ടുകളുണ്ട്. കക്കയെയും ഞണ്ടിനെയും പുറന്തോടുള്ള മറ്റ് ഇരകളെയും കൊല്ലാനും കടിച്ചുപൊട്ടിക്കാനും നിമിഷങ്ങള്‍ മതി. ജലപാളികളിലൂടെ തെന്നിനീങ്ങുന്ന നീരാളിക്ക് പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചു കയറാനും ശരീരത്തില്‍നിന്നു വെള്ളം പുറത്തേക്കു ചീറ്റിച്ച് അതിവേഗം നീന്താനും നല്ല മിടുക്കുണ്ട്. സാധാരണഗതിയില്‍ നീരാളിയുടെ  ആക്രമണത്തില്‍നിന്ന് ഒരു ഇരയ്ക്കും രക്ഷപ്പെടാനാവില്ല. 'നീരാളിപ്പിടിത്തം' എന്ന  ചൊല്ലുതന്നെയുണ്ടല്ലോ.
നീരാളികള്‍ കൂന്തലിന്റെ ഉറ്റബന്ധുക്കളാണ്. നീരാളിയുടെ സ്പര്‍ശിനികളുടെ അമിതമായ വളര്‍ച്ചയാണ് ഇതിനെ കൂന്തലില്‍നിന്നു വ്യത്യസ്തമാക്കുന്നത്. സ്പര്‍ശിനികളുടെ ഉള്ളിലെ കപ്പുകള്‍പോലുള്ള ഭാഗങ്ങള്‍ എണ്ണത്തിലും വണ്ണത്തിലും ക്രമാതീതമായി വികസിക്കുന്ന കാഴ്ചയുണ്ട്. മാംസളമായ ഈ കപ്പുകള്‍ ഏതെങ്കിലും വസ്തുവില്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ വേര്‍പെടുത്താന്‍ നീരാളിക്കൈ മുറിക്കുകതന്നെ വേണം. പിടികൂടുന്ന ഇരയുടെ ഭാഗങ്ങള്‍ ഈ സ്പര്‍ശിനികള്‍ വായിലെത്തിക്കുന്നു.
ഭീമന്‍നീരാളികളുടെ കൈകളിലകപ്പെട്ടാല്‍ വലിയ ജീവികള്‍പോലും മൃതപ്രായരായെന്നുവരാം. വായുരഹിതമായ കപ്പുകളുടെ ബലിഷ്ഠമായ പിടിത്തത്തില്‍ തൊലിപൊട്ടി ചോരവാര്‍ന്നുപോകുന്നതാണ് ഇതിനു കാരണം. മനുഷ്യര്‍പോലും അപകടത്തില്‍പ്പെടാം. കൈകളുടെ വര്‍ധമാനമായ വികാസംകാരണം ഒളിയിടങ്ങളില്‍ അലസജീവിതം നയിക്കാനാണു നീരാളികള്‍ ഇഷ്ടപ്പെടുക. കൂന്തലുകളെപ്പോലെ നീന്തിനടക്കാന്‍ നീരാളികള്‍ക്കു കഴിയില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)