ഏകദേശം ഒരു കാളയുടെ ഭാരമുള്ള വമ്പന്‍ ആമകള്‍ കടലില്‍ നീന്തിനടക്കുന്നതു കാണാം. ലെതര്‍ബാക് ടര്‍ട്ടിലാണത്. മലയാളത്തില്‍ തോല്‍ച്ചുങ്കന്‍ കടലാമയെന്നു പറയും. വലുപ്പത്തില്‍ വമ്പനായ ഈ ആമ ഉരഗങ്ങളില്‍ നാലാം സ്ഥാനക്കാരനാണ്. സാധാരണ കടലാമകള്‍ക്കു കട്ടിയേറിയ അസ്ഥികള്‍കൊണ്ടുള്ള പുറംതോടാണുള്ളതെങ്കില്‍, ഇതില്‍നിന്നു വ്യത്യസ്തമായി വഴക്കമുള്ള അസ്ഥികള്‍ ചേര്‍ന്ന് തുകല്‍പോലെയുള്ള ചര്‍മത്താല്‍ പൊതിഞ്ഞിരിക്കുന്നു ലെതര്‍ബാഗ് ടര്‍ട്ടിലുകളുടെ പുറന്തോട്. അതുകൊണ്ടുതന്നെ ഏറെ ആഴത്തിലേക്കു മുങ്ങാംകുഴിയിടാന്‍ ഈ വമ്പനാമകള്‍ക്കു കഴിയുന്നു.
ജെല്ലിഫിഷ് കൂന്തല്‍പോലുള്ള ജലജീവികളും അമ്മാതിരി മൃദുവായ ശരീരമുള്ള ചില മത്സ്യങ്ങളുമൊക്കെയാണ് ലെതര്‍ ബാഗ് ടര്‍ട്ടിലുകളുടെ ഇഷ്ടയാഹാരം. ജെല്ലിഫിഷുകളെ തേടി പകല്‍നേരത്ത് ആഴമേറിയ കടല്‍ഭാഗങ്ങളില്‍ ഇവറ്റകള്‍ ചുറ്റിക്കറങ്ങുന്നു. രാത്രിയില്‍ ജെല്ലിഫിഷുകള്‍ തമ്പടിക്കുക ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിലാണ്. ആ സമയം നോക്കി തക്കത്തിന് ഈ കടലാമകള്‍ അവിടെയും എത്താറുണ്ട്. തങ്ങളുടെ ശരീരഭാരത്തിന്റെ എഴുപതു ശതമാനത്തിലേറെ ഭക്ഷണം അകത്താക്കുന്നവരാണീക്കൂട്ടര്‍.
പസഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളിലൊക്കെ ലെതര്‍ബാഗ് ടര്‍ട്ടിലുകളെ കാണാനാവും. മുട്ടയിടാനായി 5000ത്തിലേറെ കിലോമീറ്റര്‍ ദൂരം ഇവ സഞ്ചരിക്കാറുണ്ട്. 25 വര്‍ഷംമുതല്‍ 50 വര്‍ഷം വരെയാണ് ഇതിന്റെ ശരാശരി ആയുസ്സ്. വംശനാശഭീഷണി നേരിടുന്ന ഒരു വിഭാഗമാണിത്.
മനുഷ്യരാണ് ഇവയുടെ പ്രധാന ശത്രുക്കള്‍. ലെതര്‍ബാഗ്ടര്‍ട്ടിലുകളുടെ മുട്ടയ്ക്കു വലിയ ഡിമാന്‍ഡാണ്. 1980 കളില്‍ ഒരു ലക്ഷത്തിലേറെ ലെതര്‍ബാക് കടലാമകള്‍ പല കടല്‍ത്തീരങ്ങളിലും മുട്ടയിടാനായി എത്തിയിരുന്നു. ഇന്നിപ്പോള്‍ അതിന്റെ പാതിപോലും കാണുന്നില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ണവളര്‍ച്ചയെത്തിയ ഒരു പെണ്‍ലെതര്‍ബാഗ് ടര്‍ട്ടിലിനെ ഉപഗ്രഹസഹായത്തോടെ ഗവേഷകര്‍ പിന്തുടര്‍ന്ന കഥയുണ്ട്. ഏതാണ്ട് 19,000 കിലോമീറ്റര്‍ ഈ ആമ സഞ്ചരിച്ചിരുന്നു. ഒരു കശേരുജീവി നടത്തിയ ഏറ്റവും നീണ്ട ദേശാന്തരയാത്രയാണിത്.