•  14 Aug 2025
  •  ദീപം 58
  •  നാളം 23
കടലറിവുകള്‍

ഒലിവ് റിഡ്‌ലി

   ഭൂമിയിലെ ധ്രുവപ്രദേശങ്ങളൊഴികെയുള്ള മിക്ക സമുദ്രങ്ങളിലും കടലാമകളെ കാണാം. ഇതുവരെ ഏഴിനം കടലാമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ ഒരിനമാണ് ഒലിവ് റിഡ്‌ലി. ആഴക്കടലില്‍  ഒലിവിലയുടെ നിറത്തില്‍ കാണപ്പെടുന്ന ഈ കടലാമകള്‍, കേരളത്തോടുചേര്‍ന്ന സമുദ്രഭാഗങ്ങളിലും കാണപ്പെടുന്നു. ഇവയുടെ  ഒരു മീറ്ററോളം നീളംവരുന്ന പുറന്തോടിന് പച്ചകലര്‍ന്ന തവിട്ടുനിറമാണ്. അടിവശത്തിന് നേര്‍ത്ത ഇളം മഞ്ഞ നിറവും.
   മുട്ടയിടുന്ന കാലമായാല്‍ ഇത്തരം ആയിരക്കണക്കിന് ആമകള്‍ കരയിലേക്കു കയറിവരും. ഈ ആമവരവിന് 'അറിബാദ' എന്നു പറയും. ആഗമനം എന്നയര്‍ഥത്തില്‍ ഉപയോഗിക്കുന്ന സ്പാനീഷ്‌വാക്കാണത്. പ്രായപൂര്‍ത്തിയായ ഒരു ഒലിവ് റിഡ്‌ലി ആമയ്ക്ക് 60 മുതല്‍ 70 വരെ സെന്റീമീറ്റര്‍ നീളമുണ്ടാകും.  70 കിലോഗ്രാമാണ് ഭാരം. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള ഇടവേളകളിലാണ് ഈ ആമകള്‍ മുട്ടയിടുക. നല്ല ഇരുട്ടുള്ള സുരക്ഷിതമായ സ്ഥലത്ത് പിന്‍കാലുകള്‍കൊണ്ടു കുഴിയെടുത്ത് അതിലാണ് പെണ്‍കടലാമ മുട്ടയിടുക. മുട്ടയിട്ടുകഴിഞ്ഞാല്‍ അങ്ങനെയൊരു കുഴി അവിടെയുണ്ടെന്നുപോലും അറിയാത്തമട്ടില്‍  അതു മൂടിക്കളയുന്നു. എന്നിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരികെ കടലിലേക്കു പോകും.
   തരംകിട്ടിയാല്‍ കടലാമകളുടെ മുട്ടകള്‍ തട്ടിയെടുത്ത് തിന്നാന്‍ ഒളിച്ചും പാത്തും നടക്കുന്നവരാണ് കുറുക്കനും കീരിയും നായയുമൊക്കെ. മുട്ട വിരിഞ്ഞുണ്ടാകുന്ന കടലാമക്കുഞ്ഞുങ്ങളെയും ഇവര്‍ വെറുതെ വിടാറില്ല. മുട്ട വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങള്‍ രാത്രിയിലാണു കടലിലേക്കു പോകുക. കടലില്‍ പ്രതിഫലിക്കുന്ന നിലാവു നോക്കിയാണ് ഈ കടലാമക്കുഞ്ഞുങ്ങള്‍ സമുദ്രത്തിലേക്കുള്ള ദിശ മനസ്സിലാക്കുന്നത്. ഇപ്രകാരം കടലിലേക്കെത്തുന്ന കടലാമക്കുഞ്ഞുങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ടത്രേ. ഇക്കാലത്ത് ബീച്ചുകളിലെയും റോഡുകളിലെയുമൊക്കെ  കൃത്രിമവെളിച്ചം കടലാമക്കുഞ്ഞുങ്ങളുടെ ദിശയും മറ്റും കുഴപ്പത്തിലാക്കുന്നുണ്ട്. സമുദ്രത്തിന്റെ നേരേ എതിര്‍ദിശയിലേക്കും അവ യാത്ര തിരിക്കാറുണ്ട്. അങ്ങനെ അന്യജീവികള്‍ക്ക് ഇരകളായും  വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടും കടലാമക്കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്ത് കടലിലെത്തുന്ന എണ്ണമറ്റ കടലാമക്കുഞ്ഞുങ്ങളില്‍ വളരെ ചുരുക്കം മാത്രമേ പ്രായപൂര്‍ത്തിയെത്തുംവരെ ജീവിക്കുന്നുള്ളൂ.
   ഞണ്ടുകള്‍, ചെമ്മീന്‍, ചെറുമീനുകള്‍, ചില കടല്‍സസ്യങ്ങള്‍, ജെല്ലിഫിഷ്, ആല്‍ഗകള്‍ തുടങ്ങിയവയാണ് ഒലിവ് റിഡ്‌ലി കടലാമകളുടെ ഭക്ഷണം. മിശ്രഭുക്കുകളാണിവ. റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്ന ജീവികളാണ് ഒലിവ് റിഡ്‌ലി കടലാമകള്‍. 1960കളില്‍ ഉണ്ടായിരുന്നതിന്റെ പകുതിയെണ്ണമേ ഇന്നിപ്പോള്‍ സമുദ്രത്തിലുള്ളൂ.
    കടലാമകള്‍ കണ്ണീരൊഴുക്കാറുണ്ട് എന്നൊരു  വസ്തുതയുണ്ട്. അവ ദുഃഖിച്ചിരിക്കുന്നതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. ഭക്ഷണത്തിലൂടെ അമിതമായി ഉള്ളിലെത്തുന്ന ഉപ്പ് കണ്ണിനടുത്തുള്ള പ്രത്യേക ഗ്രന്ഥികള്‍വഴി പുറന്തള്ളുന്നതിലാണീ കണ്ണീരൊഴുക്ക്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)