•  31 Jul 2025
  •  ദീപം 58
  •  നാളം 21
ബാലനോവല്‍

പിങ്ക്‌ളാങ്കിയും അഞ്ച് മാലാഖമാരും

    ഓണപ്പരീക്ഷയുടെ മാര്‍ക്കു കിട്ടി. കണക്കുപരീക്ഷ ജയിച്ചു, ഹിന്ദി തോറ്റു, അമ്മ അത്രയ്ക്ക് വഴക്കു പറഞ്ഞില്ല. പക്ഷേ, റ്റിയൂഷന്‍ ഏര്‍പ്പാടാക്കാന്‍ ആരെയൊക്കെയോ അമ്മ വിളിച്ചു. പക്ഷേ, അമ്മ ഇടയ്‌ക്കൊക്കെ ദേഷ്യത്തില്‍ ഒരു നോട്ടം നോക്കി. ഹിന്ദി വഴങ്ങാത്തതിന് എന്തു ചെയ്യും?
അന്നൊരു വെള്ളിയാഴ്ച യായിരുന്നു. വൈകുന്നേരം 
സ്‌കൂള്‍ വിട്ടു വന്നപ്പോള്‍, കേട്ട വാര്‍ത്ത അച്ചായന്മാര്‍ വന്നു മാലാഖമാരുടെ രൂപങ്ങള്‍ എടുത്തുകൊണ്ടുപോയി എന്നാണ്.
പിങ്ക്‌ളാങ്കി ഈ വിവരം കേട്ടതും പൊട്ടിക്കരയാന്‍ തുടങ്ങി, അവന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അമ്മ പേടിച്ചുപോയി.
''ഈ ചെറുക്കന് ഇത് എന്തിന്റെ കേടാണ്? അവര്‍ക്കതു പള്ളിയില്‍ കൊടുക്കേണ്ടേ? ഐവാന്‍, നീ എന്റെ കയ്യില്‍ നിന്നും അടി വാങ്ങും ഞാന്‍ പറഞ്ഞേക്കാം.''
''എന്റെ മാലാഖാമാരാണ് അവര്.''
''നിന്റെ മാത്രം അല്ല, എല്ലാവരുടെയും മാലാഖാമാരാണ്.''
''ഞങ്ങളു ഫ്രണ്ട്സ് ആയിരുന്നു.''
''ഇവന്‍ എന്താ പിച്ചും പേയും പറയുന്നത്? നീയാണോ ആ പൊതിഞ്ഞുവെച്ചതൊക്കെ കിള്ളിപ്പൊളിച്ചത്?''
അതിന് ഉത്തരം പറയാതെ അവന്‍ പിന്നെയും കരയാന്‍ തുടങ്ങി.
''എനിക്കു മാലാഖമാരെ കാണണം, എനിക്കു ബൈ പറയാന്‍ പറ്റിയില്ല.''
അവനെ ആശ്വസിപ്പിക്കാന്‍ ആശ പറഞ്ഞു:
''ക്രിസ്മസ്അവധിക്കു 
നിന്നെ ആ പള്ളിയില്‍ കൊണ്ടു പോകാം.''
''അമ്മ ചുമ്മാ പറയുന്നതാണ്, എന്നെ കൊണ്ടുപോകില്ല.''
''പപ്പ വരുമ്പോള്‍ അമ്മ പറയാം, തീര്‍ച്ചയായിട്ടും കൊണ്ടുപോകാം, അമ്മ അല്ലേ പറയുന്നത്.''
ആ ആശ്വാസവാക്കുകള്‍ ഒന്നും അവനു സമാധാനം കൊടുത്തില്ല, പിന്നെയും പിങ്ക്‌ളാങ്കി ഏങ്ങിയേങ്ങി കരഞ്ഞു.
തന്റെ കൂട്ടുകാരന് എന്തോ സംഭവിച്ചെന്ന് പിപ്പിനു മനസ്സിലായി, അവന്‍ ആ മുറിയില്‍നിന്നു മാറാതെ ചുറ്റിപ്പറ്റി നിന്നു, ഇടയ്ക്കിടെ കട്ടിലില്‍ കയറി തൊട്ടുരുമ്മി.
ശനിയും ഞായറും കരച്ചിലും ആശ്വസിപ്പിക്കലുമായി കടന്നുപോയി.
തിങ്കളാഴ്ച സ്‌കൂളില്‍ പോകില്ല എന്നു മകന്‍ പറഞ്ഞെങ്കിലും സ്‌കൂള്‍ബസ്സില്‍ വിടാതെ, അമ്മതന്നെ പിങ്ക്‌ളാങ്കിയെ സ്‌കൂളില്‍ കൊണ്ടാക്കി.
അശ്വിന്‍ നാരായണനെ സുഖപ്പെടുത്തിയ, അവന്റെ സ്വന്തം മാലാഖമാര്‍ പോയി, ഒരു യാത്രപോലും പറയാതെ. അതും ദൂരെ ഒരു പള്ളിയിലേക്ക്, വയനാട്ടിലെ ഏതോ ഒരു സ്ഥലം.
പപ്പ കട വിട്ടിട്ട് എങ്ങും ദൂരേക്കു വരില്ല. അമ്മയുടെ ഇച്ചായന്മാര്‍ കൊണ്ടുപോകുമോ എന്നറിയില്ല.
സ്‌കൂളില്‍ ഒന്നിലും ശ്രദ്ധിക്കാന്‍ സാധിച്ചില്ല.
ഐവാന്റെ മുഖം കണ്ടിട്ടു ടീച്ചര്‍ ചോദിച്ചു:
''എന്താ ഐവാന്‍, കണ്ണും മുഖവുമൊക്കെ ഒരുമാതിരി, സുഖമില്ലേ?''
''ഒന്നുമില്ല ടീച്ചര്‍.''
വൈകുന്നേരം സ്‌കൂള്‍ബസ്സിലും അവന്‍ മൂകനായിരുന്നു.
രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടു മറുപടി കേള്‍ക്കാഞ്ഞ് അമ്മ മുറിയില്‍ പോയി നോക്കിയപ്പോള്‍, പിങ്ക്‌ളാങ്കിക്കു നല്ല പനി, എന്തൊക്കെയോ ഉരുവിടുന്നു.
മാലാഖമാരോട് അവന്‍ സംസാരിക്കുന്നപോലെ ആശയ്ക്കു തോന്നി. ചൂടുകൊണ്ട് നെറ്റിയും ശരീരവും പൊള്ളുന്ന പോലെ.
പപ്പയെ ഫോണ്‍ വിളിച്ചു പറഞ്ഞിട്ട്, അമ്മ അടുത്ത വീട്ടിലെ ചേട്ടനെയും ചേച്ചിയെയും വിളിച്ചു, കാറെടുത്തു പിങ്ക്‌ളാങ്കിയെ ആശുപത്രിയില്‍ കൊണ്ടുപോയി.
ഡോക്ടര്‍ പരിശോധിച്ചിട്ടു, ഡ്രിപ് കൊടുത്തു. ഇന്നു രാത്രി ഇവിടെ കിടക്കട്ടെ എന്നു പറഞ്ഞു. 
വിവരം അറിഞ്ഞു പപ്പാ ഓടി വന്നു. 
അമ്മയും പപ്പയും അന്നു രാത്രിയില്‍ ഐവാനെ നോക്കിയിരുന്നു. 
ഉറക്കത്തില്‍ അവന്‍ തന്റെ മാലാഖമാരെ കണ്ടു. അവര്‍ അവനോടു സംസാരിക്കുന്നു, പക്ഷേ, അമ്മയ്ക്കു തോന്നിയത് അവന്‍ പനികൊണ്ട് എന്തൊക്കെയോ പറയുകയാണെന്നാണ്.
പിറ്റേദിവസം പനി മാറിയെങ്കിലും, മുഖത്തു നല്ല ക്ഷീണവും, സങ്കടവും.
ആശ ചോദിച്ചു:
''മോനേ നിനക്ക് എന്തുപറ്റി?''
''എന്റെ മാലാഖമാര്‍'' പിന്നെയും വിതുമ്പലിന്റെ വക്കോളം എത്തി ഐവാന്‍.
''മോനേ അത് മാലാഖമാരുടെ രൂപങ്ങളാണ്, ഇച്ചായന്മാര്‍ അതു വില്‍ക്കാന്‍ ഓര്‍ഡര്‍ എടുത്തുണ്ടാക്കിയതല്ലേ, അതങ്ങനെ വീട്ടില്‍ വെക്കാന്‍ പറ്റുമോ, പറഞ്ഞതുപോലെ പള്ളിയില്‍ ഏല്പിക്കണം, അമ്മയ്ക്ക് അറിയില്ലായിരുന്നു, നീ അവരോടു കൂട്ടുകൂടിയ വിവരം.''
അമ്മ പറയുന്നത് അത്ര ഉത്സാഹമില്ലാതെ അവന്‍ കേട്ടുകൊണ്ടിരുന്നു.
''നമുക്ക് ജോസിച്ചായനോടു പറഞ്ഞു, വലുപ്പംകുറച്ചു മാലാഖമാരുടെ രൂപം ഉണ്ടാക്കാന്‍ പറയാം.'' പപ്പയാണ് അതു പറഞ്ഞത്. 
''പുതിയത് ഉണ്ടാക്കിയാല്‍ അത് എന്റേതാകില്ല.''
''ഇല്ലടാ, അതേപോലെ തന്നെ ചെറിയത് ഉണ്ടാക്കി ത്തരും.''
അതിന് ഉത്തരം പറയാതെ, പുതപ്പു മുഖത്തേക്കു വലിച്ചിട്ടു, കണ്ണടച്ചു കിടന്നു.
ഡോക്ടര്‍ വന്നു പരിശോധിച്ചിട്ടു, പനി കുറവുണ്ട്, വീട്ടില്‍ വൈകുന്നേരമാകുമ്പോള്‍ പോകാമെന്നു പറഞ്ഞു.
മുഖത്തെ പുതപ്പു മാറ്റിയിട്ട് അവന്‍ ചോദിച്ചു: 
''അമ്മേ പിപ്പിന്‍?''
''ഇപ്പോളാണോ പിപ്പിന്റെ കാര്യം തിരക്കുന്നത്?''
'എനിക്കു പനി അല്ലായിരുന്നോ?''
''സിസിലിയാന്റി വീട്ടിലുണ്ട്, അവര് നോക്കിക്കൊള്ളും, നിന്റെ താളത്തിനു തുള്ളിയതു കൊണ്ട് പണി മറ്റുള്ളവര്‍ക്കാണ്.''
ഉച്ചകഴിഞ്ഞു ഡിസ്ചാര്‍ജ് വാങ്ങി എല്ലാവരും വീട്ടിലെത്തി.
പാവം പിപ്പിന്‍, പിങ്ക്‌ളാങ്കിക്കും ചുറ്റും, പതിവുപോലെ ഓടിക്കളിച്ചു.
പപ്പയും അമ്മയും എത്ര ആശ്വസിപ്പിച്ചിട്ടും ഐവാന്റെ മനസ്സ് ശാന്തമായില്ല, മനസ്സുമുഴുവനും അവന്റെ കൂട്ടുകാരായ മാലാഖമാര്‍ ആയിരുന്നു .
പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞു, മാലാഖമാരെയും അവിടെ പ്രതിഷ്ഠിച്ചു. അള്‍ത്താരയുടെ ഇടത്ത് ഗബ്രിയേല്‍, ഏരിയല്‍ മാലാഖമാര്‍. വലത്ത് റാഫില്‍, ജോഫില്‍ മാലാഖമാര്‍, നടുവിലായി, പ്രധാന ദൂതന്‍ മിഖായേല്‍. ടി വി ചാനലില്‍ അതു പിങ്ക്‌ളാങ്കി കണ്ടു.
അവന്റെ കൂട്ടുകാരെ നോക്കി, എല്ലാവരും പ്രാര്‍ഥിക്കുന്നു. പൂക്കള്‍ ഇടുന്നു, മെഴുകുതിരി കത്തിക്കുന്നു. അമ്മ ടിവിയില്‍ നോക്കി കൈകൂപ്പി പ്രാര്‍ഥിക്കുന്നു. കൂടെ കണ്ണുകള്‍തുടയ്ക്കുന്നു. തന്റെ സഹോദരന്മാര്‍ നിര്‍മ്മിച്ച ശില്പങ്ങള്‍, പ്രൗഢിയോടെ പള്ളിയില്‍ ആളുകള്‍ പ്രാര്‍ഥിക്കുന്നു. അതായിരുന്നു ആശയുടെ മനസ്സില്‍ അപ്പോള്‍. 
മാലാഖമാരുടെ കൂട്ടുകാരനായ താന്‍ മാത്രം അവിടെയില്ല. അതായിരുന്നു പിങ്ക്‌ളാങ്കിയുടെ മനസ്സില്‍. 
 
(തുടരും)
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)