ഇന്ത്യയുടെ ഗ്ലാസ് വുമണ്‍ എന്നറിയപ്പെടുന്ന മിസ്സിസ് ധന്യ രവി ഓണ്‍ലൈന്‍ ക്ലാസ്സിനെക്കുറിച്ച് ഇപ്രകാരം പരാമര്‍ശിക്കുകയുണ്ടായി: ''ഞാനൊക്കെ എന്റെ മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനിലാണ് നടത്തിയത്. ഈ കൊവിഡ് കാലഘട്ടത്തില്‍ എല്ലാവരും ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദമല്ലെന്നും മടുപ്പാണെന്നും അഭിപ്രായപ്പെടുമ്പോള്‍ എനിക്ക് അദ്ഭുതം തോന്നുന്നു.''
ജന്മനാ അസ്ഥി ഒടിഞ്ഞുനുറുങ്ങുന്ന അപൂര്‍വ്വരോഗാവസ്ഥയിലിരുന്നുകൊണ്ട് ഇന്ന് അനേകം വേദികളില്‍ പ്രസംഗിക്കുന്ന മിസ്സിസ് ധന്യയുടെ അഭിപ്രായത്തോടു ചേര്‍ന്നുനിന്നുകൊണ്ട് ഓണ്‍ലൈന്‍പഠനത്തെ ഒന്നു വിചിന്തനം ചെയ്യാം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസപ്രക്രിയയില്‍ വിദ്യാര്‍ത്ഥിയുടെ ശാരീരികസാന്നിധ്യം ആവശ്യമില്ലാത്തതിനാല്‍, കോളജുകളിലേക്കും സ്‌കൂളുകളിലേക്കുമുള്ള പോക്കുവരവുകള്‍ക്കായി ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ ദിനത്തില്‍നിന്ന് അപഹരിച്ചിരുന്ന സമയം മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനുള്ള അവസരം കൈവന്നിരിക്കുന്നു.
മാതാപിതാക്കളെ സഹായിക്കുന്നതിനും അറിവും കാഴ്ചപ്പാടുകളും വിശാലമാക്കുന്നതിനും മാനസികോല്ലാസത്തിനും ആരോഗ്യപാലനത്തിനുമുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
ക്ലാസ്‌റൂം നോട്ടുകളും വീഡിയോകളും പുനര്‍വായനയ്ക്കും പഠനങ്ങള്‍ക്കും പര്യാപ്തമായതിനാല്‍, അസൗകര്യങ്ങളില്‍പ്പെട്ടു നഷ്ടമാകുന്ന ക്ലാസ്സുകള്‍ വീണ്ടെടുക്കാനാകും. പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതലറിവുശേഖരണത്തിനുള്ള ത്വര വിദ്യാര്‍ത്ഥികളില്‍ ചിലരിലെങ്കിലും ജനിപ്പിക്കുവാനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു കഴിഞ്ഞിട്ടുണ്ട്.
എന്നിരുന്നാലും, പതിവായുള്ള മൊബൈലിന്റെയും കംപ്യൂട്ടറിന്റെയും ഉപയോഗം കണ്ണിന്റെയും മറ്റും ആരോഗ്യത്തിനു തകരാറുണ്ടാക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍വിദ്യാഭ്യാസത്തിന്റെ ആവിര്‍ഭാവത്തോടെ തലവേദന, കണ്ണുവേദന തുടങ്ങിയ ശാരീരികബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരും കണ്ണട ഉപയോഗിക്കേണ്ടി വന്നവരും നിരവധിയാണ്. സ്രോതസ്സില്‍നിന്നു നേരിട്ടല്ലാതെ ശ്രവിക്കുന്ന ശബ്ദം ഒരു നിശ്ചിതസമയത്തിനപ്പുറത്തേക്കു ശ്രദ്ധിക്കുവാന്‍ സാധ്യമല്ലാതെ വരുന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഒരു പോരായ്മയാണ്.
നേരിട്ടുള്ള അധ്യയനത്തില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ ഒരു ദിവസം തലച്ചോറില്‍ തെളിഞ്ഞുനില്‍ക്കുമെന്നും തല്‍സ്ഥാനത്ത് വെര്‍ച്വല്‍ പ്‌ളാറ്റുഫോമുകളില്‍നിന്നു ലഭ്യമാകുന്നതിന്റെ ആയുസ് ഒരു മണിക്കൂറാണെന്നും പറയപ്പെടുന്നു. കൂടുതല്‍ ഏകാഗ്രതയും ക്ഷമയും ഓണ്‍ലൈന്‍ വിദ്യാഭ്യാസസമ്പ്രദായം ആവശ്യപ്പെടുന്നുണ്ട്.
മറ്റൊരു വലിയ പ്രശ്‌നം നെറ്റുവര്‍ക്ക് തകരാറുകളാണ്. ക്ലാസ്സുകള്‍ വ്യക്തമായി ശ്രവിക്കുന്നതിന് ഇതു തടസ്സം സൃഷ്ടിക്കുന്നു. ക്ലാസ്സുകള്‍ക്കിടയിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍പോലും സാധിക്കാത്ത അവസ്ഥയിലേക്ക് റേഞ്ചുതകരാറുകള്‍ മാറിയാല്‍ അതു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുന്നു.
അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയെയും വ്യക്തിപരമായി മനസ്സിലാക്കുവാനും സംവദിക്കുവാനും ഓണ്‍ലൈന്‍ വിദ്യാഭ്യാസം പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.
സമൂഹം കൊറോണാഭീതിയിലാഴ്ന്നിരിക്കുന്ന ഇക്കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനത്തോട് പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്. ഓണ്‍ലൈന്‍ സമ്പ്രദായം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. അതിന്റെ ന്യൂനതകളെ പരിഹരിക്കാനാവശ്യമായ കാര്യങ്ങള്‍ ക്രമപ്പെടുത്തുകയാണാവശ്യം.
വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ആത്മാര്‍ത്ഥതയാണ് പ്രഥമമായ കാര്യം. ഓണ്‍ലൈന്‍ ക്ലാസ്സിനോട് ക്രിയാത്മകമനോഭാവത്തോടെ പ്രതികരിക്കുവാന്‍ ഓരോ വിദ്യാര്‍ത്ഥിയും ശ്രമിക്കണം. പരിമിതികളെ കുറ്റം പറയുന്നതിനുപകരം അവയെ സാധ്യതകളായി രൂപാന്തരപ്പെടുത്തുമ്പോഴാണ് നാം വിജയികളാകുന്നത്. ഒരേസമയം നിരവധി കാര്യങ്ങളില്‍ വ്യാപൃതനായിരുന്നുകൊണ്ട് ഓണ്‍ലൈന്‍ക്ലാസ്സുകളെ നിസ്സാരവത്കരിക്കുന്ന ഒരു പ്രവണതയാണ് പൊതുവില്‍ വളര്‍ന്നുവരുന്നത്. വിജ്ഞാനമുള്ള തലമുറയ്ക്ക് വിദ്യാഭ്യാസം കൂടിയേതീരൂ.
ലേഖകന്‍ പാലാ സെന്റ് തോമസ് കോളജ് ബിഎസ്‌സി (മാത്‌സ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.