•  23 Jan 2025
  •  ദീപം 57
  •  നാളം 45
വചനനാളം

മനുഷ്യന്റെ അധ്വാനവും ദൈവത്തിന്റെ ആശീര്‍വാദവും

ജനുവരി 26     ദനഹാക്കാലം    നാലാം ഞായര്‍

സംഖ്യ 11:23-35ഏശ 46:5-13
ഹെബ്രാ 7:23-28 യോഹ 2:1-11

    ഇന്നത്തെ ദൈവവചനപ്രഘോഷണങ്ങളെല്ലാം ദൈവികവെളിപ്പെടുത്തലുകളെക്കുറിച്ചുള്ളതാണ്. പഴയനിയമവായനകള്‍  ദൈവമഹത്ത്വത്തെക്കുറിച്ചാണു പ്രഘോഷിക്കുന്നത്. മോശയിലൂടെയും തിരഞ്ഞെടുക്കപ്പെട്ട നേതാക്കന്മാരിലൂടെയും ദൈവമഹത്ത്വം വെളിപ്പെടുന്നതാണ് സംഖ്യയുടെ പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണം. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാമത്തെ പ്രഘോഷണത്തില്‍ ഇസ്രയേലിന്റെ ആസന്നമായ രക്ഷയെക്കുറിച്ചുള്ള വെളിപാടാണു നല്കുന്നത്. രക്ഷയുടെ മധ്യസ്ഥനും നിത്യപുരോഹിതനുമാണ് മിശിഹാ എന്ന കാര്യമാണ് ഹെബ്രായര്‍ക്ക് എഴുതപ്പെട്ട ലേഖനം പ്രഘോഷിക്കുന്നത്.
യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷമനുസരിച്ച് മിശിഹാ ചെയ്ത അടയാളങ്ങളില്‍ ഒന്നാമത്തേതായിരുന്നു കാനായിലെ അടയാളം. ഈശോ വളര്‍ന്ന പട്ടണമായ നസ്രത്തില്‍നിന്ന് അധികദൂരത്തല്ലാതെ സ്ഥിതിചെയ്തിരുന്ന ഗ്രാമമാണ് കാനാ. അവിടെ ഒരു വിവാഹവിരുന്നില്‍  ഈശോ ചെയ്ത അദ്ഭുതമാണ് ഇന്നത്തെ സുവിശേഷപ്രഘോഷണം. ഈശോ ഇവിടെ ചെയ്തത് വീഞ്ഞു തീര്‍ന്നുപോയ അവസരത്തില്‍  അവരുടെ കഷ്ടപ്പാടില്‍ സഹായിക്കാന്‍ വീഞ്ഞ് ഉണ്ടാക്കിക്കൊടുത്തു എന്ന ഒരു അദ്ഭുതമല്ല;  മറിച്ച്,  അത് ഒരു അടയാളമായിരുന്നു;  വലിയൊരു വെളിപ്പെടുത്തലായിരുന്നു. മൂന്നാം ദിവസം ഗലീലിയായിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു എന്നാണ് സുവിശേഷകന്‍ പറയുന്നത്. മൂന്നാം ദിവസം ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നതിനെ സൂചിപ്പിക്കുന്നതാണ്. പുറപ്പാടുപുസ്തകം 19:6ല്‍ ദൈവമായ കര്‍ത്താവ്  ഇസ്രയേല്‍ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തുന്നത്  മൂന്നാം ദിവസമാണ്. പുതിയനിയമത്തില്‍  മൂന്നാം ദിവസമെന്നു പറയുന്നത് കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ ദിവസമാണ്; ദൈവികവെളിപാടുകളുടെ പൂര്‍ണത അവിടുത്തെ ഉത്ഥാനമാണല്ലോ. മൂന്നാം ദിവസം നടന്ന സംഭവമായി കാനായിലെ കല്യാണവിരുന്നിനെക്കുറിച്ചു പറയുമ്പോള്‍  അവിടെയും ദൈവികവെളിപാട് നടക്കുന്നു വെന്നതാണ് യാഥാര്‍ഥ്യം. ഈശോയെ ഇസ്രായേലിനു വെളിപ്പെടുത്തുന്ന അടയാളങ്ങളുടെ ആരംഭമാണ് ഇവിടെ നടക്കുന്നത്.  
     വിരുന്ന് മിശിഹായുടെ രാജ്യത്തിന്റെ സമൃദ്ധിയും സന്തോഷവും ചിത്രീകരിക്കാന്‍ പ്രവാചകന്മാര്‍ ഉപയോഗിക്കുന്ന പ്രതീകമാണ് (എശ. 25:68; ഹോസി. 2:19-20, ജറെ. 3:12). ഇസ്രയേലും ദൈവവുമായുള്ള ഉടമ്പടിബന്ധത്തിന്റെയും (ഏശയ്യ 54:6-8; ജറെ. 2:2) സഭയും മിശിഹായും തമ്മിലുള്ള ബന്ധത്തിന്റെയും അടയാളമായി വിശുദ്ധഗ്രന്ഥത്തില്‍  പ്രതീകാത്മകമായി ഉപയോഗിച്ചിട്ടുണ്ട് (1 കോറി. 11:2; എഫേ. 5:25,26). ശൂന്യമായ ആറു കല്‍ഭരണികളും പഴയനിയമത്തിന്റെ പ്രതീകമാണ്. അത് ശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്നതാണ്. ശുദ്ധീകരണജലത്തെക്കുറിച്ച് ലേവ്യര്‍ 19:11-22 പറയുന്നുണ്ട്. പഴയനിയമം പൂര്‍ത്തിയായി; പുതിയനിയമത്തിന്റെ ആരംഭം കുറിക്കുന്നതാണ് കാനായില്‍ സംഭവിക്കുന്നത്. വീഞ്ഞിന്റെ സമൃദ്ധിയും പുതുവീഞ്ഞും മിശിഹായുടെ വരവിന്റെ അടയാളമായി പ്രവാചകര്‍ പറഞ്ഞിട്ടുണ്ട് (ഏശ. 25:6; ജോയേ. 3:18; ആമോസ് 9:13). ഇപ്രകാരം, മിശിഹായുടെ വരവ് യാഥാര്‍ഥ്യമായി എന്നു പ്രഘോഷിക്കുകയാണ് കാനായിലെ വിരുന്നില്‍ സംഭവിക്കുന്നത്. പുതിയനിയമ രക്ഷാപദ്ധതിയുടെ ആരംഭം കുറിക്കുന്ന സംഭവമാണ്. മിശിഹാരഹസ്യങ്ങള്‍ ധ്യാനിച്ചിരുന്ന മറിയം ഇവിടെ മിശിഹായോടൊത്തു സഹകരിക്കുന്നു. ദൈവശാസ്ത്രപരമായി ഈ വചനഭാഗത്തിന്റെ ലക്ഷ്യം ഇതാണ്. എന്നാല്‍, ആത്മീയവളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന വ്യത്യസ്ത വിചിന്തനങ്ങള്‍ ഈ വചനഭാഗത്തെ അടിസ്ഥാനപ്പെടുത്തി നല്കുന്നുണ്ട്. 
ഈശോനാഥന്‍ പങ്കെടുത്തുകൊണ്ടിരുന്ന വിവാഹവിരുന്നില്‍ അതു സംഭവിച്ചു. ആളുകള്‍ അടക്കംപറയാന്‍ തുടങ്ങി. ആ വാര്‍ത്ത മാതാവിന്റെ ചെവിയിലുമെത്തി. കുടുംബനാഥന്റെ മാനുഷികപ്രശ്‌നവും തന്റെ പുത്രന്റെ ദൈവികതയും മനസ്സിലാക്കിയ അമ്മ, മാനുഷികപ്രശ്‌നത്തെ ദൈവസന്നിധിയിലേക്ക് എത്തിക്കുകയാണ്. ദൈവസന്നിധിയില്‍നിന്നു ശ്രവിച്ച വചനമനുസരിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ മാനുഷികമായ കുറവുകള്‍ നികത്തപ്പെടുന്നതായി നാം കാണുന്നു. നമ്മുടെ ജീവിതയാത്രയിലും മാനുഷികമായ കുറവുകളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടിവരും. അപ്പോള്‍ എന്തുചെയ്യണമെന്ന സന്ദേശമാണ് സുവിശേഷകന്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറവുകളെ നികത്തുന്ന ദൈവത്തിന്റെ സന്നിധിയിലേക്കു പ്രശ്‌നങ്ങളെ എത്തിക്കുകയാണ്.
    ജീവിതമാകുന്ന കുടങ്ങള്‍ സല്‍പ്രവൃത്തികളാകുന്ന വീഞ്ഞുകൊണ്ടു നിറച്ചെങ്കിലേ മറ്റുള്ളവര്‍ക്കു സന്തോഷം നല്കാന്‍ സാധിക്കൂ. ജീവിതത്തിലെ നന്മ•വറ്റുമ്പോള്‍ അസ്വസ്ഥത നിറയുന്നു. നന്മകൊണ്ടു നാം നിറയണമെങ്കില്‍ നന്മയുടെ നിറകുടവുമായി നിരന്തരബന്ധം പുലര്‍ത്തണം. അതിനു നമ്മെ സഹായിക്കുന്നത് ദിവ്യാംബികയാണ്. കാരണം, പരിശുദ്ധ ജനനിയാണ് നന്മയുടെ നിറകുടവുമായി ഏറ്റവുമധികം സഹകരിച്ച വ്യക്തി. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിലേക്കു പ്രവഹിച്ചപ്പോള്‍ വെള്ളം വീഞ്ഞായി മാറി. മാനുഷികതയെ ദൈവികതകൊണ്ടു പവിത്രീകരിക്കാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ മാനുഷികമായ ഇടപെടലുകളില്‍ അമ്മയെയും മകനെയും വിളിക്കണം. കാനായിലെ കുടുംബനാഥന്‍ വിവാഹാവസരത്തിലേക്ക് അമ്മയെയും മകനെയും ക്ഷണിച്ചിരുന്നതുകൊണ്ട് മാനുഷികമായ കുറവു പരിഹരിക്കാന്‍ സാധിച്ചു. നമ്മുടെ ജീവിതമണ്ഡലങ്ങളിലെല്ലാം അമ്മയുടെയും മകന്റെയും ജീവിതമാര്‍ഗങ്ങളിലൂടെ ചരിക്കാന്‍ സാധിക്കണം. അതിന് അമ്മ നമ്മോടു പറയുന്നത് അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ എന്നാണ്. അമ്മ എപ്പോഴും പുത്രനിലേക്കു നയിക്കുകയാണ്. നമ്മുടെ ജീവിതമാകുന്ന കല്‍ഭരണികള്‍ നമുക്കു നല്കിയിരിക്കുന്ന കഴിവുകളനുസരിച്ച് നിറയ്ക്കുമ്പോള്‍ ദൈവം ബാക്കികാര്യങ്ങള്‍ നോക്കിക്കൊള്ളും. മനുഷ്യന്‍ ഓരോരുത്തരും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ കഴിയുന്നത്ര പൂര്‍ണതയോടെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ദൈവികചൈതന്യം ഒഴുകിയെത്തി അവനെ വിശുദ്ധീകരിക്കും. ദൈവത്തിന്റെ സന്നിധിയില്‍ നമ്മെ പൂര്‍ണമായും സമര്‍പ്പിക്കുമ്പോള്‍ ദൈവകൃപ നമ്മില്‍ നിറയുന്നു. അതിനായി, ദൈവസാന്നിധ്യബോധത്തോടെ നമുക്കു ജീവിക്കാം. ദൈവസാന്നിധ്യബോധം നമ്മുടെ കുടുംബങ്ങളില്‍ നിറയുന്നതു കുടുബപ്രാര്‍ഥനവഴിയും കൗദാശികജീവിതസരണിയിലൂടെയുമത്രേ.
    ദൈവവചനത്തെ യുക്തികൊണ്ടു വെട്ടിമുറിക്കാനുള്ളതല്ല; മറിച്ച്, ദൈവവചനത്തിന്റെ മുമ്പില്‍ യുക്തിപൂര്‍വകമായ ഒരു സമര്‍പ്പണമാണു വേണ്ടിയിരിക്കുന്നത്. വീഞ്ഞ് ഇല്ലാത്തിടത്ത് വെള്ളം കോരാന്‍ പറഞ്ഞപ്പോള്‍ പരിചാരകര്‍ യുക്തികൊണ്ട് അതിനെ വെട്ടിമുറിക്കാതെ ദൈവവചനത്തിന്റെമുമ്പില്‍ ഒരു സമര്‍പ്പണം നടത്തി. മനുഷ്യന്റെ അധ്വാനവും ദൈവത്തിന്റെ ആശീര്‍വാദവും ഒന്നുചേര്‍ന്നപ്പോള്‍ അദ്ഭുതമുണ്ടായി. അതൊരു അടയാളമായി വര്‍ത്തിച്ചു.
   ഈ സുവിശേഷഭാഗം പ്രധാനപ്പെട്ടതാകുന്നത് ദിവ്യാംബികയെക്കുറിച്ചുള്ള പരാമര്‍ശംകൊണ്ടുകൂടിയാണ്. കത്തോലിക്കരും പെന്തക്കോസ്തുസഭാവിഭാഗങ്ങളും ഈ വചനത്തിനു വളരെ പ്രാധാന്യം നല്കുന്നു. സുവിശേഷാധിഷ്ഠിതമായി മാതൃഭക്തിക്കു പ്രാധാന്യം നല്കുന്നതിനുവേണ്ടി വിശ്വാസികള്‍ ഈ വചനഭാഗം ഉദ്ധരിക്കുമ്പോള്‍ പെന്തക്കോസ്തുസഹോദരര്‍ എതിര്‍ക്കുന്നു. അതിനു കാരണം, ഈ ഭാഗത്ത് ക്രിസ്തു മറിയത്തെ 'സ്ത്രീ' എന്ന് അഭിസംബോധന ചെയ്യുന്നതാണ്. സ്ത്രീ എന്ന് സ്വന്തം അമ്മയെ വിളിച്ചതു മാതാവിനെ ഈശോ അംഗീകരിക്കാത്തതുകൊണ്ടല്ല. ദൈവശാസ്ത്രപരമായി അതിന് ആഴമായ അര്‍ഥമുണ്ട്. മറിയം ഇവിടെ നില്ക്കുന്നത് ഈശോയുടെ അമ്മയായിമാത്രമല്ല; പ്രത്യുത, രക്ഷാകര്‍മത്തില്‍ ക്രിസ്തുവിനോടു സഹകരിക്കുന്ന വ്യക്തിയായി ക്കൂടിയാണ്. ദൈവമഹത്ത്വീകരണം രക്ഷാകരമാണ്. ഈ മഹത്ത്വീകരണത്തിന് ഈശോയോടു സഹകരിക്കുന്ന സ്ത്രീയാണ് മാതാവ്. മനുഷ്യന്റെ വീഴ്ചയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീ സഹകരിച്ചു. രക്ഷാകര്‍മത്തില്‍ രണ്ടാമത്തെ ആദമായ ഈശോയോടു സഹകരിക്കുന്ന രണ്ടാം ഹവ്വയാണ് മാതാവ്. ഇതാണ് സ്ത്രീയെന്ന വാക്കിന്റെ സൂചന. ദൈവമഹത്ത്വീകരണത്തില്‍ ആദ്യന്തം സഹകരിക്കുന്ന വ്യക്തിയാണ് മറിയം. ഈശോയുടെ വെളിപ്പെടുത്തലില്‍ മാതാവിനു പ്രത്യേക ദൗത്യമുണ്ട്. അതുകൊണ്ടാണ്, എനിക്കും നിനക്കും എന്ത് എന്നു ചോദിക്കുന്നത്.
    മാതാവിനെ സ്ത്രീ എന്ന് രണ്ടു പ്രാവശ്യം ഈശോ അഭിസംബോധന ചെയ്യുന്നു. കുരിശിന്‍ചുവട്ടില്‍വച്ച്, സ്ത്രീയേ, ഇതാ നിന്റെ മകന്‍ (യോഹ. 19: 26) എന്ന് അവിടുന്നു പറയുന്നു. അടയാളങ്ങളുടെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നാണ് അഭിസംബോധന ചെയ്യുന്നത്. അതിനാല്‍, ഈ ഭാഗം മാനുഷികബന്ധങ്ങളുടെ അടിസ്ഥാനത്തിലല്ല; മറിച്ച്, ദൈവശാസ്ത്രപരമായ കാഴ്ചപ്പാടിലാണു മനസ്സിലാക്കേണ്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)