•  21 Nov 2024
  •  ദീപം 57
  •  നാളം 37
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

   കൂര്‍ത്തുമൂര്‍ത്ത പാറക്കെട്ടുകളുടെ മീതേ ഉറച്ച കാലടികള്‍വച്ച് ഓരോ കൈയിലും ഓരോ കരിനാഗത്തെയുംപിടിച്ച് ഒരു രൂപം മുന്നോട്ടുവരുന്നു. ഒറ്റനോട്ടത്തില്‍ ആരെയും ഭയപ്പെടുത്തുന്ന മുഖഭാവം. മുന്നോട്ടുന്തിയ രണ്ടു പല്ലുകള്‍. ചുവന്നുകലങ്ങിയ ക്രുദ്ധമായ രണ്ടു കണ്ണുകള്‍. ഒത്ത ഉയരം. അതിനൊത്ത വണ്ണവുമുണ്ട്. വലുപ്പമേറിയ പാദങ്ങള്‍. അവര്‍ നോക്കിനില്‍ക്കേ കാവല്‍ക്കാരന്‍ പെട്ടെന്ന് ഓടിച്ചെന്ന് സര്‍പ്പകാലന്റെ കാല്‍തൊട്ടു വന്ദിച്ചു. പിന്നെ എല്ലാ കാര്യവും ഒറ്റശ്വാസത്തില്‍ പറഞ്ഞുകേള്‍പ്പിച്ചു. അതുകേട്ട് ഒരു നിമിഷം സര്‍പ്പകാലന്‍ അന്തിച്ചുനിന്നു. ആ മുഖം വിവര്‍ണമായി. ആ കണ്ണുകള്‍ വീണ്ടും ചുവന്നു. സര്‍പ്പകാലന്‍ വല്ലാതെ അസ്വസ്ഥനായി. പെട്ടെന്ന് ഫണമുയര്‍ത്തിനിന്ന സര്‍വസര്‍പ്പങ്ങളും തലതാഴ്ത്തി. സര്‍പ്പകാലന് എന്തോ സംഭവിച്ചിരിക്കുന്നതുപോലെ കാവല്‍ക്കാരനു തോന്നി. ഒരിക്കലും കാണാത്ത ഒരു കഠിനദുഃഖം ആ മുഖത്ത് പടര്‍ന്നുപന്തലിക്കുന്നു. ജീവിതത്തിലാദ്യമായി സര്‍പ്പകാലന്‍ കരയാന്‍ തുടങ്ങുന്നതുപോലെ. ആ കണ്ണുകള്‍ നിറയുന്നതുപോലെ. ''അവിടുന്ന് എന്തിനാണിങ്ങനെ വിഷമിക്കുന്നത്? അതിനു തക്ക കാര്യങ്ങളൊന്നും കാണുന്നില്ലല്ലോ.'' അയാള്‍ പറഞ്ഞു: ''ഒന്നുമില്ല.'' പെട്ടെന്ന് വലതുകൈയിലിരുന്ന കരിനാഗത്തെ ഒരു പാറയുടെ മുകളിലേക്ക് ആഞ്ഞെറിഞ്ഞു. അത് വലിയൊരു സീല്‍ക്കാരത്തോടെ കല്ലുകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി. 
വീണ്ടും സര്‍പ്പകാലന്‍ അസ്വസ്ഥനായി. ആ മനസ്സില്‍ ആരോടൊക്കെയോ ഒരു കനത്ത പ്രതികാരജ്വാലയുയര്‍ന്നു.
ആ മുഖം വീണ്ടും ഭയാനകമായി. പല്ലുകള്‍ കടിച്ചു ഞെരിച്ചു. പിന്ന അത്യുച്ചത്തില്‍ അലറി: ''എന്നെ അവന്‍ വഞ്ചിച്ചു. അവനെ ഞാന്‍...''
അയാള്‍ വലിയൊരു പാറക്കല്ലെടുത്ത് താഴേക്ക് ആഞ്ഞെറിഞ്ഞു. അത് വലിയൊരു ശബ്ദത്തോടെ താഴേക്കുരുണ്ടു പുഴയിലെ വെള്ളത്തിലേക്കു വീണു. 
ആ രംഗം കണ്ട് കാവല്‍ക്കാരനും രാജദൂതനും ഭടന്മാരുമെല്ലാം ഞെട്ടിത്തെറിച്ചതുപോലെ നിന്നു.
അടുത്തനിമിഷം സര്‍പ്പകാലന്‍ അരക്കെട്ടിലെ ഭാണ്ഡത്തില്‍നിന്നു തന്റെ സര്‍പ്പവടി കൈയിലെടുത്തു. പിന്നെ ഇടതുകൈയിലെ പാമ്പിനെ കറക്കി ആകാശത്തേക്കെറിഞ്ഞു. അത് സമീപത്തുള്ള ഒരു മരച്ചില്ലയില്‍ അള്ളിപ്പിടിച്ചിരുന്നു.
''വരൂ... നമുക്കു പോകാം.'' അയാള്‍ മെല്ലെ കുതിരവണ്ടിയുടെ സമീപത്തേക്കു നടന്നടുത്തു. 
അത്രയും നേരം അവിടെ ഫണമുയര്‍ത്തിനിന്നിരുന്ന കരാളസര്‍പ്പങ്ങള്‍ ഒന്നൊന്നായി മലമുകളിലേക്ക് ഇഴഞ്ഞുകയറി.
അയാള്‍ സാവധാനം കുതിരവണ്ടിയില്‍ കയറി. രാജദൂതന്‍ സര്‍പ്പകാലന്റെ സമീപം ഇരുന്നു. മറ്റു ഭടന്മാരെല്ലാം മറ്റൊരു കുതിരവണ്ടിയിലും കയറി.
''ഉം, പോകട്ടെ.'' അയാള്‍ കുതിരക്കാരന് അനുവാദം നല്‍കി. പിന്നെ കുതിരകള്‍ രാജകൊട്ടാരം ലക്ഷ്യമാക്കി പാഞ്ഞു. വഴിയോരത്തുള്ളവര്‍ വിസ്മയഭരിതരായി ആ യാത്ര നോക്കിനിന്നു. ചുരുക്കം ചിലര്‍ക്ക് അപ്പോഴും കാര്യമെന്താണെന്നു പിടികിട്ടിയില്ല. അവര്‍ മറ്റുള്ളവരോടു വിവരങ്ങള്‍ തിരക്കി. 
കുതിരവണ്ടി കൊട്ടാരമുറ്റത്തെത്തുമ്പോള്‍ കൊട്ടാരവും പരിസരവും വലിയൊരു ജനസഞ്ചയംകൊണ്ടു നിറഞ്ഞിരുന്നു. സര്‍പ്പകാലനെ കാണാനായിരുന്നു ഭൂരിഭാഗംപേരും അവിടെയെത്തിയിരുന്നത്. വളരെ അപൂര്‍വമായിട്ടേ സര്‍പ്പകാലന്‍ കുന്നിന്‍മുകളില്‍നിന്നു പുറത്തുവരാറുള്ളൂ. ജീവിതത്തില്‍ ആകെ രണ്ടോ മൂന്നോ പ്രാവശ്യമേ കാലന്‍ നാട്ടിലെത്തിയിട്ടുള്ളൂ. അസാധാരണമായ എന്തെങ്കിലും സംഭവിച്ചെങ്കില്‍മാത്രമേ പുറത്തിറങ്ങാറുള്ളൂ. ബാക്കിസമയം അത്യാവശ്യമെങ്കില്‍ തന്റെ ശിഷ്യന്മാരെമാത്രമേ പറഞ്ഞയയ്ക്കുകയുള്ളൂ.
സര്‍പ്പകാലന്‍ നേരിട്ടെത്തിയത് രാജ്യത്തെ പ്രജകളെ അത്യന്തം മുള്‍മുനയില്‍ നിറുത്തി. എന്താണു സംഭവിക്കുന്നതെന്നറിയാതെ ജനം അമ്പരന്നുനിന്നു.
പലരും പല അഭിപ്രായങ്ങളും പറഞ്ഞു. രാജാവിനെ ദംശിച്ച സര്‍പ്പത്തെ കാലന്‍ നിഷ്‌കരുണം വടി നിലത്തടിച്ചു കൊല്ലുമെന്നും അതല്ല, അതിനെ ജീവനോടെതന്നെ പിടിച്ചു മലമുകളിലെ തന്റെ സര്‍പ്പവനത്തിലേക്കു കൊണ്ടുപോകുമെന്നും കുറേപ്പേര്‍ വിശ്വസിച്ചു.
കുതിരകള്‍ കൊട്ടാരമുറ്റത്തു വന്നുനിന്നു. ഭടന്മാര്‍ വളരെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വണ്ടി നിന്നതേ കാര്‍ഫിയൂസ് വാവിട്ടുനിലവിളിച്ചുകൊണ്ട് സര്‍പ്പകാലനെ തൊഴുതുനിന്നു.
സര്‍പ്പകാലന്‍ മെല്ലെ കുതിരവണ്ടിയില്‍നിന്നിറങ്ങി. പിന്നെ നിശ്ചലനായി നിന്ന് ചുറ്റും ഒന്നു കണ്ണോടിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ ആരെയോ തിരയുന്നതുപോലെ.
''പ്രഭോ ഇനി ഞങ്ങള്‍ എന്തു ചെയ്യണം? മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയാണ്.'' അടുത്ത നിമിഷം അലറുന്ന സ്വരത്തില്‍ അയാള്‍ ചോദിച്ചു: ''താങ്കളുടെ ഇളയകുമാരനെവിടെ?''
ഒരു ഭടന്‍ ഓടി വന്നു പറഞ്ഞു:
''പ്രഭോ... പിതാവു മരിച്ചതിന്റെ ദുഃഖം സഹിക്കാനാകാതെ കരഞ്ഞുതളര്‍ന്ന് അകത്തു കിടക്കുകയാണ്.'' 
''ഈ മുറിക്കുള്ളില്‍ സര്‍പ്പം എങ്ങനെ കയറി?''
ആര്‍ക്കും മറുപടിയില്ല. എല്ലാവരും അന്യോന്യം നോക്കി. ഒന്നും പറയാന്‍  കഴിയുന്നില്ല. 
സര്‍പ്പകാലന്‍ മെല്ലെ അടഞ്ഞ മുറിയുടെ വാതില്‍ക്കലെത്തി. പിന്നെ കൈയിലിരുന്ന മാന്ത്രികവടി തറയില്‍ ആഞ്ഞടിച്ചു. പെട്ടെന്ന് അകത്തുനിന്നു സര്‍പ്പത്തിന്റെ പിടച്ചിലുകളും സീല്‍ക്കാരശബ്ദങ്ങളും ഉയര്‍ന്നു. ചുറ്റുംനിന്നവര്‍ ഭയന്നു പിറകോട്ടു ഓടിമാറി.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)