•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. ഇരുപതുവര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് അവര്‍ തമ്മില്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും കാറില്‍ ഹൈറേഞ്ചിലേക്കു പോയി. കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലാണവര്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി അവിടെച്ചെന്നു. സിസിലിയുടെ ഭര്‍ത്താവ് തോമസിനെ എട്ടുവര്‍ഷം മുമ്പ് ആന ചവിട്ടിക്കൊന്നു എന്ന സത്യം അവിടെച്ചെന്നപ്പോള്‍ മാത്രമാണ് സൂസമ്മ അറിഞ്ഞത്. പിന്നീട് സിസിലിയും ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. അതുകൊണ്ട് അവള്‍ക്ക് വിവാഹമൊന്നും ഒത്തുവന്നില്ല. സര്‍ജറി നടത്തി മുടന്തുമാറ്റാന്‍ ഒരുപാട് പണം വേണ്ടിയിരുന്നതിനാല്‍ സിസിലി അതിനു തുനിഞ്ഞില്ല. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയാണ്. ഇടയ്ക്കിടെ അവള്‍ മദ്യപിക്കാറുണ്ടെന്നു മനസ്സിലാക്കിയ ജയേഷ് അസ്വസ്ഥനായി. വര്‍ഷയുടെ പപ്പയും അമ്മയും അവളുടെ മദ്യപാനത്തെ അനുകൂലിച്ചു. 
(തുടര്‍ന്നു വായിക്കുക)

യേഷ് കണ്ണുതുറന്ന് ആദ്യം നോക്കിയത് ക്ലോക്കിലേക്കാണ്. മണി പതിനൊന്ന്. മുഖംതിരിച്ച് അവന്‍ വര്‍ഷയെ നോക്കി. അഴിച്ചിട്ട മുടിയും ചുവന്ന കണ്ണുകളുമായി കാലുകള്‍ നിലത്തുറയ്ക്കാതെ കട്ടിലിന്റെ ക്രാസിയില്‍ കൈപിടിച്ച് അവള്‍ നില്‍ക്കുകയാണ്. നില്പുകണ്ടപ്പോള്‍ മനസ്സിലായി, മദ്യത്തിന്റെ കെട്ട് ഇനിയും വിട്ടിട്ടില്ലെന്ന്. ജയേഷ് കട്ടിലില്‍ എണീറ്റിരുന്നു. അടുത്തിരുന്ന് അവന്റെ തോളില്‍ കൈയിട്ടുകൊണ്ട് വര്‍ഷ പറഞ്ഞു:
''ജയേഷിനെ അവിടെല്ലാരും അന്വേഷിച്ചു.'' അവളുടെ വാക്കുകള്‍ കുഴഞ്ഞിരുന്നു. വര്‍ഷ തുടര്‍ന്നു:
''മോശായിപ്പോയി നേരത്തേ പോന്നത്. താമസിച്ചു വന്നവര് ജയേഷിനെ തിരക്കി. കല്യാണത്തിനു വരാന്‍ പറ്റാതിരുന്നവരാ. ജയേഷ് പോയി കിടന്നൂന്നു പറഞ്ഞപ്പം പപ്പയ്ക്കും ദേഷ്യംവന്നു. തലവേദനയായതുകൊണ്ടാ പോയതെന്നു പറഞ്ഞ് ഞാന്‍ ആ പ്രശ്‌നം സോള്‍വു ചെയ്തു.''
''ഇപ്പഴാണോ എല്ലാം കഴിഞ്ഞേ?''
''കഴിഞ്ഞിട്ടില്ല. ടെറസില്‍ പാട്ടും ഡാന്‍സുമൊക്കെ ഇപ്പഴുമുണ്ട്. ജയേഷിവിടെ തന്നെയല്ലേയുള്ളൂന്നോര്‍ത്ത് ഞാന്‍ വേഗം പോന്നതാ.''
''നല്ല ഫിറ്റാണല്ലോ?''
''ഏയ്... മൂന്നു പെഗ്ഗേ കഴിച്ചുള്ളൂ. അമ്മ നാലു പെഗ് അടിച്ചു. മത്സരമായിരുന്നു. ഞാന്‍ തോറ്റുപോയി.
''അതേതായാലും നന്നായി.''
''തോറ്റുപോയതോ?''
''ഉം. അമ്മ പഠിപ്പിച്ചതല്ലേ. ആ സ്ഥിതിക്ക് അമ്മ തോല്‍ക്കാന്‍ പാടില്ലല്ലോ.''
 ''ബോറടിച്ചോ?''  
''ഏയ് ഇല്ല. ഡ്രസ് മാറീട്ട് വന്നു കിടക്ക്.'' ജയേഷിന്റെ ഉള്ളില്‍ ദേഷ്യം നുരഞ്ഞുപൊന്തുകയായിരുന്നു. അവന്‍ കിടക്കയിലേക്കു ചാഞ്ഞു.
എണീറ്റ് വേച്ചുവേച്ചുപോയി വേഷം മാറി നൈറ്റ് ഡ്രസ് എടുത്തു ധരിച്ചിട്ട് വര്‍ഷ വന്നു ജയേഷിനോടൊപ്പം കിടന്നു. എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തു. മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത തോന്നി ജയേഷിന്.
വര്‍ഷ കൈകള്‍ ചുറ്റി ഭര്‍ത്താവിനെ തന്നിലേക്കു ചേര്‍ത്തുപിടിച്ചു. ജയേഷിന്റെ എല്ലാ ആവേശവും ഉന്മേഷവും പമ്പ കടന്നിരുന്നു. പാവ കണക്കെ കിടന്നതേയുള്ളൂ അവന്‍. 
ജയേഷ് അതിരാവിലെ എണീറ്റു കുളിച്ചു. വര്‍ഷ ഇനിയും എണീറ്റിട്ടില്ല. കുളി കഴിഞ്ഞു വന്ന് ജയേഷ് ഭാര്യയെ തട്ടിയുണര്‍ത്തി. അവള്‍ എണീറ്റ് ക്ലോക്കിലേക്കു നോക്കി. മണി ഏഴര.
''എണീറ്റുപോയി കുളിക്ക്. ഇന്നലത്തെ കെട്ടു വിടട്ടെ. എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടു നമുക്കുടനെ പോകണം.''
''ഉച്ചകഴിഞ്ഞു പോയാപ്പോരേ?''
എണീറ്റ് മുടി ഒതുക്കിക്കൊണ്ട് അവള്‍ ചോദിച്ചു.
''പോരാ.''
ജയേഷ് ഗൗരവത്തിലായിരുന്നു.
''രാവിലെ ദേഷ്യത്തിലാണല്ലോ!'' 
''എന്താന്നു നിനക്കറിയാല്ലോ.'' ഒന്നു നിറുത്തിയിട്ട് ജയേഷ് തുടര്‍ന്നു:
''കല്യാണത്തിനു മുമ്പുള്ള നിന്റെ ജീവിതം എങ്ങനെയായിരുന്നെന്നൊന്നും ഞാന്‍ തിരക്കുന്നില്ലാന്ന് ഇന്നലെ പറഞ്ഞായിരുന്നു. അതറിയണമെന്ന് ഇനിയും എനിക്കാഗ്രഹമില്ല. പക്ഷേ, ഇനിയുള്ള ജീവിതത്തില്‍ എന്റെ ഇഷ്ടംകൂടി നോക്കണം. എങ്കിലേ നമ്മുടെ കുടുംബജീവിതം സന്തോഷമായിട്ടു പോകൂ.''
''ഇന്നലെ ഞാനിത്തിരി കഴിച്ചതാണോ പ്രശ്‌നമായത്?''
''അതൊരു പ്രശ്‌നമല്ലേ? രസത്തിനുവേണ്ടി നമ്മള്‍ ഓരോന്നു തുടങ്ങും. പിന്നീടതു ശീലമാകും. പിന്നെയതു മാറ്റാന്‍ പറ്റിയെന്നു വരില്ല.'' 
''എനിക്കങ്ങനെ തോന്നീട്ടില്ല.''
വര്‍ഷ ജയേഷിനെത്തന്നെ തുറിച്ചുനോക്കി ഇരിക്കയായിരുന്നു.
''നീയൊരു പെണ്ണാണെന്ന് ഓര്‍മ വേണം. ഒരു കുഞ്ഞിനു ജന്മം നല്‍കേണ്ടവളാ. മദ്യം ശരീരത്തിനു ദോഷമല്ലാതെ ഗുണമൊന്നും ചെയ്യില്ലാന്നു നിനക്കറിയാല്ലോ...''
''വല്ലപ്പഴുമല്ലേയുള്ളൂ. അതിത്ര സീരിയസാക്കണോ? എന്റെ പപ്പയ്ക്കും അമ്മയ്ക്കുമില്ലാത്ത വെഷമം ജയേഷിനെന്തിനാ?''
''ഞാന്‍ നിന്റെ ഹസ്ബന്റായതുകൊണ്ടുതന്നെ. ഇനിയുള്ള കാലം നീ എന്റെകൂടെയാ ജീവിക്കേണ്ടത് എന്നോര്‍മ വേണം.''
''ജയേഷ് ഒരമ്പതുവര്‍ഷംമുമ്പേ ജനിക്കേണ്ട ആളായിരുന്നു.''
നീരസത്തോടെ അങ്ങനെ പറഞ്ഞിട്ട് വര്‍ഷ എണീറ്റ് ചവിട്ടിത്തുള്ളി ബാത്‌റൂമിലേക്കു പോയി. ജയേഷ് തെല്ലുനേരം ചിന്താമൂകനായി കസേരയിലിരുന്നു.
കുളി കഴിഞ്ഞു വന്നിട്ട് വര്‍ഷ ഒന്നും മിണ്ടിയില്ല. മുടി ഉണക്കിക്കൊണ്ടിരിക്കുമ്പോള്‍ താഴെനിന്ന് വിളി വന്നു. ബ്രേക്ക് ഫാസ്റ്റ് റെഡിയായി, താഴേക്കു ചെല്ലാന്‍.
ജയേഷിനെ വിളിച്ചിട്ട് അവള്‍ മുമ്പേ നടന്നു. പിന്നാലെ പടികളിറങ്ങി ജയേഷും ഡൈനിങ് റൂമിലേക്കു ചെന്നു. 
ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വര്‍ഷയുടെ പപ്പ അലക്‌സ് പറഞ്ഞു: 
''ജയേഷ് കുറച്ചുകൂടിയൊക്കെ മോഡേണ്‍ ആവണം കേട്ടോ. വര്‍ഷയുടെ ലെവലിലേക്കൊക്കെ ഒന്നുയരാന്‍ നോക്കണം. ഒന്നുമല്ലെങ്കിലും ഒരാണല്ലേ.''
കരണത്ത് ഒരടികിട്ടിയതുപോലെ തോന്നി ജയേഷിന്. നുരഞ്ഞുപൊന്തിയ ദേഷ്യം അവന്‍ കടിച്ചമര്‍ത്തി. വേഗം ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് എണീറ്റ് കൈകഴുകി മുറിയിലേക്കു പോയി. പതിനഞ്ചുമിനിറ്റ് കഴിഞ്ഞാണ് വര്‍ഷ മുറിയിലെത്തിയത്. അപ്പോഴേക്കും വേഷം മാറി പോകാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു ജയേഷ്.
''ആഹാ... ഇത്ര പെട്ടെന്നു റെഡിയായോ? ഊണുകഴിഞ്ഞു പോയാമതീന്നു പപ്പ പറഞ്ഞു.'' 
''നീ ഊണുകഴിഞ്ഞു വന്നാ മതി. ഞാന്‍ പോക്വാ.''
''പിണങ്ങിയോ?''
''വേഗം ഡ്രസ് മാറ്. ഉടനെ പോണം.''
എതിര്‍ത്തൊന്നും പറയാതെ വര്‍ഷ ഡ്രസ് മാറാന്‍ പോയി. വേഷം മാറി രണ്ടുപേരും താഴേക്കിറങ്ങി ച്ചെല്ലുമ്പോള്‍ അലക്‌സ് പത്രം വായിച്ചുകൊണ്ട് സ്വീകരണമുറിയിലിരിപ്പുണ്ടായിരുന്നു. ജയേഷിനെ രൂക്ഷമയി നോക്കിയിട്ട് അലക്‌സ് ചോദിച്ചു:
''ഊണു കഴിഞ്ഞു പോയാപ്പോരേ?''
''പറ്റില്ല പപ്പാ. ചെന്നിട്ട് കുറച്ചു ജോലിയുണ്ട്.'' 
''നിര്‍ബന്ധമാണേല്‍ പോ. പിടിച്ചുകെട്ടിയിടാനൊന്നും എനിക്കു പറ്റില്ലല്ലോ.''
പരുഷമായ ആ സംസാരം കേട്ടപ്പോള്‍ പിന്നെ ഒരു നിമിഷംപോലും അവിടെ നില്‍ക്കാന്‍ തോന്നിയില്ല ജയേഷിന്. തന്റെ കുടുംബാന്തരീക്ഷവും ഇവിടുത്തെ അന്തരീക്ഷവും തമ്മില്‍ എന്തുമാത്രം അന്തരം എന്ന് ഓര്‍ത്തു.
യാത്ര പറഞ്ഞ് വേഗം ഇറങ്ങി കാറില്‍ കയറി. പിന്നാലെ വര്‍ഷയും. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ മൗനത്തിലായിരുന്നു ജയേഷ്. വര്‍ഷയും മിണ്ടിയില്ല. അവളും വാശിയിലായിരുന്നു. ജയേഷ് ചിന്തിച്ചു. കുടുംബജീവിതം തുടങ്ങിയതേയുള്ളൂ. തുടക്കത്തിലേ ഒരു പിണക്കം വേണോ? വാശിപിടിച്ചിരുന്നാല്‍ തകരുന്നത് തന്റെ ജീവിതമാണ്. താന്‍ തോറ്റുകൊടുത്തേക്കാം. അതാണു നല്ലത്. 
''വര്‍ഷേ, നമ്മുടെ ഫാമിലി ലൈഫ് തുടങ്ങിയിട്ടേയുള്ളൂ. തുടക്കത്തിലേ ഒരു കല്ലുകടി വേണ്ട. ഞാന്‍ തോറ്റുതന്നേക്കാം. വീട്ടില്‍ ചെല്ലുമ്പം അമ്മയോടു ദേഷ്യമൊന്നും കാണിക്കരുത്. അമ്മ ഒരു പാവമാ. സ്‌നേഹിക്കാന്‍മാത്രമേ അമ്മയ്ക്കറിയൂ.''
''ഞാനല്ലല്ലോ പിണങ്ങീത്? ജയേഷിന് ജയേഷിന്റെ അമ്മേം പപ്പേം ഇഷ്ടമുള്ളതുപോലെതന്നെ എനിക്ക് എന്റെ അമ്മേം പപ്പേം ഇഷ്ടമാ. ഊണുകഴിഞ്ഞു പോയാ മതീന്നു പപ്പ പറഞ്ഞിട്ട് ചവിട്ടിത്തുള്ളി ഇറങ്ങിപ്പോന്നില്ലേ? ഇതുപോലെ ഞാന്‍ ജയേഷിന്റെ അമ്മയോടു പെരുമാറിയിരുന്നെങ്കിലോ?''
''ക്ഷമിക്ക്. ഇന്നലെ ആ മദ്യം കഴിച്ചതോടുകൂടി ഞാനാകെ അസ്വസ്ഥനായിരുന്നു. അതൊരു കല്ലുപോലെ മനസ്സിലിപ്പഴും കെടക്കുവാ. അതെന്റെ മനസ്സിന്റെ കുഴപ്പം കൊണ്ടാകും. നിന്റെ പപ്പ പറഞ്ഞതുപോലെ ഞാന്‍ നിന്റെ ലെവലിലേക്ക് ഉയരണമായിരുന്നു. സാധിച്ചില്ല. ക്ഷമിക്ക്. നമുക്ക് സന്തോഷമായിട്ടു മുന്നോട്ടുപോകാം. ഇനി എത്രയോ വര്‍ഷങ്ങളുണ്ട് നമ്മുടെ മുമ്പില്‍. ഇന്നലെ നടന്നതെല്ലാം ഞാന്‍ മറന്നിരിക്കുന്നു. ഞാന്‍ പറഞ്ഞതെല്ലാം നീയും മറക്കണം.''
''ഇപ്പഴാ ജയേഷ് ഒരു നല്ല ഹസ്ബന്റായത്. ഞാന്‍ അമ്മയോടു നീരസമൊന്നും കാണിക്കില്ല. സന്തോഷായിരിട്ടിരിക്ക്.''
ജയേഷിന്റെ മനസ്സില്‍ ഒരു തണുപ്പുവീണു. ദാമ്പത്യജീവിതം സന്തോഷപ്രദമാകണമെങ്കില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് ജയേഷ് മനസ്സിലാക്കി. നാം ആഗ്രഹിക്കുന്നതെല്ലാം കിട്ടിക്കൊള്ളണമെന്നില്ല. കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടുക. 
ജയേഷ് ഒന്നു നെടുവീര്‍പ്പിട്ടു. പിന്നീട് അവര്‍ ചിരിച്ചും തമാശ പറഞ്ഞുമാണ് യാത്ര തുടര്‍ന്നത്. 
വീട്ടിലെത്തിച്ചപ്പോള്‍ മണി പതിനൊന്ന്. എന്തേ നേരത്തേ പോന്നതെന്ന് സൂസമ്മ ചോദിച്ചെങ്കിലും വ്യക്തമായി ഒരു മറുപടി പറഞ്ഞില്ല ജയേഷ്. തലേ രാത്രിയിലെ ആഘോഷത്തെപ്പറ്റിയോ മദ്യസല്‍ക്കാരെത്തെപ്പറ്റിയോ സൂചിപ്പിച്ചതുമില്ല.
''വൈകിട്ട് നമുക്കൊരു സിനിമയ്ക്കു പോകണം. പപ്പ നേരത്തെ വരാമെന്നു പറഞ്ഞിട്ടുണ്ട്.'' സൂസമ്മ പറഞ്ഞു.
''ഇതു ഞാനങ്ങോട്ടു പറയാനിരിക്കയായിരുന്നു.'' 
വര്‍ഷയ്ക്കു സന്തോഷം.
റൂമില്‍ ചെന്ന് വേഷം മാറിയിട്ട് അവള്‍ മൊബൈല്‍ എടുത്ത് പുതിയ സിനിമകള്‍ ഏതൊക്കെ എന്നു തിരഞ്ഞു. നഗരത്തിലെ തിയേറ്ററുകളില്‍ ഓടുന്ന സിനിമകളുടെ പേരു പറഞ്ഞിട്ട് അവള്‍ ജയേഷിനോടു ചോദിച്ചു:
''ഏതാ ബുക്കു ചെയ്യേണ്ടത്?''
''വര്‍ഷയ്ക്ക് ഇഷ്ടമുള്ളതു ബുക്കു ചെയ്‌തോ. വൈകിട്ട് ഏഴുമണിക്കത്തെ ഷോ. പപ്പ ആറരയ്‌ക്കെത്തും.'' 
ഉള്ളതില്‍ റേറ്റിങ് കൂടിയ സിനിമയ്ക്ക് നാലു സീറ്റുകള്‍ അവള്‍ ബുക്ക് ചെയ്തു.
ഊണുകഴിഞ്ഞു മുറിയില്‍ വിശ്രമിക്കുമ്പോള്‍ വര്‍ഷയ്ക്ക് ഒരു ഫോണ്‍ കോള്‍. എടുത്തുനോക്കിയപ്പോള്‍ കൂടെ ജോലി ചെയ്യുന്ന ദീപക് ആണ്. വര്‍ഷ ഫോണ്‍ എടുത്തുകൊണ്ട് ബാല്‍ക്കണിയിലേക്ക് ഇറങ്ങി.
ബാല്‍ക്കണിയില്‍നിന്നുള്ള അവളുടെ ചിരിയും തമാശകളുമൊക്കെ ജയേഷ് മുറിയിലിരുന്നു കേട്ടു. തന്നോടുപോലും ഇത്രയും സന്തോഷത്തോടെ സംസാരിച്ചിട്ടില്ലല്ലോ എന്നോര്‍ത്തു. അരമണിക്കൂര്‍ നേരത്തെ സംഭാഷണത്തിനുശേഷം കോള്‍ കട്ടാക്കി വര്‍ഷ മുറിയിലേക്കു കയറിവന്നു.
''എന്റെകൂടെ ജോലി ചെയ്യുന്ന ആളാ, ദീപക്. എന്റെ ഏറ്റവും അടുത്ത ഫ്രണ്ടാ. കരിയര്‍ സംബന്ധമായ എല്ലാ സംശയങ്ങളും ഞാനവനോടു ചോദിച്ചാ ക്ലിയര്‍ ചെയ്യുന്നത്. അവന്‍ നാട്ടില്‍ വന്നിട്ടുണ്ട്. ഇന്നു വൈകിട്ട് ഇങ്ങോട്ടുവരുന്നെന്ന്. ഞാന്‍ പറഞ്ഞു: വൈകിട്ടു ഞങ്ങള്‍ സിനിമയ്ക്കു പോകാനിരിക്വാ, നാളെ വരാന്‍. നാളെ രാവിലെ അവനു പോണമത്രേ. എന്നാ പിന്നെ വരാന്‍ പറഞ്ഞു.''
''അപ്പം സിനിമ?''
''സിനിമ പിന്നെയാണേലും കാണാല്ലോ. ബുക്കു ചെയ്ത കാശു പോകൂന്നല്ലേയുള്ളൂ. പത്തോ അഞ്ഞൂറോ പോയാ പോട്ടെ. അവന്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുമ്പം വരണ്ടാന്നു പറയുന്നതെങ്ങനാ.''
''അമ്മ സിനിമയ്ക്കു പോകാനുള്ള സന്തോഷത്തോടെ ഇരിക്ക്വാ. പപ്പയെ വല്ലപ്പോഴുമേ ഇങ്ങനെ കിട്ടൂ. അമ്മ നിര്‍ബന്ധിച്ചിട്ടാ പപ്പ പോരാന്നു സമ്മതിച്ചതുതന്നെ.''
''അപ്പം ഞാനവനോടു വരണ്ടാന്നു പറയണമായിരുന്നോ?'' വര്‍ഷയുടെ മുഖം കറുത്തു. ''ജയേഷിന്റെ ഫ്രണ്ടാണെങ്കില്‍ വരണ്ടാന്നു പറയ്വായിരുന്നോ? കല്യാണം കഴിഞ്ഞെന്നുവച്ച് ഫ്രണ്ട്‌സിനെ ഉപേക്ഷിക്കാനൊന്നും എനിക്കുവയ്യ.''
''ദേഷ്യപ്പെടണ്ട. വന്നോട്ടെ. സിനിമ വേറൊരു ദിവസത്തേക്കാക്കാം. ഞാന്‍ അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.''
ജയേഷ് തോറ്റുകൊടുത്തു. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)