''മോളേ എഴുന്നേറ്റേ, ആ പെങ്കൊച്ച് നിന്നെ ഒരുക്കാനിപ്പമിങ്ങുവരും.''
സ്‌കൂളില്‍ പഠിക്കുന്നകാലത്തും മക്കളെ വെളുപ്പിനെ വിളിച്ചുണര്‍ത്തുന്നത് അപ്പനായിരുന്നു. അവരുടെ ലഘുവായ പ്രഭാതപ്രാര്‍ഥനകേട്ട് അമ്മ ഝടുതിയില്‍ എണീറ്റ് അടുക്കളയില്‍ക്കയറി, കോഫിയുണ്ടാക്കി ലിസിക്കും അപ്പനും നല്കി. എന്നിട്ട് ചെമ്പുകലത്തില്‍ വെള്ളം ചൂടാക്കി, അതു കുളിമുറിയിലൊഴിക്കാന്‍ അപ്പനെ സഹായിച്ചു.
''ലിസിമോളേ, എളുപ്പംപോയി കുളിച്ചേ, ആ പെങ്കൊച്ചു വരുമ്പളത്തേക്ക് റെഡിയായി നിയ്ക്ക്. ഒരുങ്ങിക്കഴിഞ്ഞാല്‍ പിന്നെ കഴിക്കാന്‍ സമയം കിട്ടില്ല. കുളിച്ചിട്ടുവന്ന് ഒരപ്പം കഴിക്ക്.''
ലിസി പറഞ്ഞു: ''ഈ കട്ടവെളിപ്പിന് പതിവില്ലാതെ കഴിച്ചാല്‍ നെഞ്ചെരിച്ചിലുണ്ടാകും, ഒരുങ്ങുന്നതിനിടയ്ക്ക് ഇപ്പം തന്നപോലെ ഒരു നല്ല കാപ്പി തന്നാമതി.''
ലിസി കുളിച്ചുകയറി വരുമ്പോള്‍ ദാ മോനി അമ്മകൊടുത്ത ചൂടുകാപ്പി ആറ്റിക്കുടിക്കുകയാണ്.
''ഇത്രേം നേരത്തേ വന്നോ, ഇച്ചാച്ചനാണോ കൊണ്ടുവന്നേ.'' ലിസി അദ്ഭുതംകൂറി.
''അല്ലല്ല, എന്റപ്പച്ചനാ, ഒരു സന്തോഷവാര്‍ത്തേമൊണ്ട്, ഒരു ബ്യൂട്ടിപാര്‍ലറിട്ടു തരാമെന്ന് അപ്പച്ചന്‍ പറഞ്ഞു.''
''അതു നല്ലകാര്യമാ, കണ്ടോ എന്നെ സഹായിക്കാം എന്നുവച്ചപ്പളേ, ദൈവാനുഗ്രഹം വരുന്നവഴി കണ്ടില്ലേ.'' ലിസിയുടെ തമാശയും മോനിയുടെ പൊട്ടിച്ചിരിയുംകേട്ട് ഓരോരുത്തരായി എഴുന്നേല്ക്കാന്‍ തുടങ്ങി.
സ്ത്രീജനങ്ങള്‍ അപ്പം ചുടാനും, പുരുഷഗണം മുറ്റത്തെ അടുപ്പില്‍ ചിക്കന്‍സ്റ്റ്യൂ ഉണ്ടാക്കാനും ആരംഭിച്ചു.
മോനി അമ്മയെ വിളിച്ചിട്ടു പറഞ്ഞു: ''സാരിയുടുപ്പിക്കുന്നതിനു മുന്നേ റ്റീച്ചറിനുള്ള കാപ്പി കൊടുത്തേക്കണേ. മറ്റാരേം കേറ്റിവിടരുത്.''
ലിസി ഇടയ്ക്കുകയറിപ്പറഞ്ഞു: ''ഡ്രസ്സുംകൊണ്ട് ഗ്രേസിവരും, അവളേം നമ്മടെ സുമേം വിടണം, വേറാരും വേണ്ടാ.''
ലിസി മോനിയോടു പറഞ്ഞു: ''സിമ്പിളൊരുക്കം മതി, വെരി സിമ്പിള്‍, ലിപ്സ്റ്റിക്കും റൂഷുമൊന്നും വേണ്ടാ. അച്ചാച്ചന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.''
''ആഹാ അപ്പുവേട്ടനെ അച്ചാച്ചനെന്നാണോ വിളിക്കുന്നത്, അറിയാവോ പുള്ളി എന്റെ ഒരു കസിനാണ്.''
''ആ, എനിക്കറിയാം പാറേലമ്മ നിങ്ങടെ ബന്ധുവല്ലേ.''
അവരുടെ സംസാരവും അണിയിച്ചൊരുക്കലും അങ്ങനെ നീണ്ടുപോകുകയാണ്.
സ്വര്‍ണാഭരണങ്ങളും കല്യാണവസ്ത്രങ്ങളും കണ്ടിട്ട് അപ്പന്‍ പറഞ്ഞു: ''എന്റെ കുഞ്ഞ് ഭാഗ്യവതിയാ, കര്‍ത്താവ് ചെയ്ത നീതി കണ്ടില്ലേ, ഇഷ്ടംപോലെ സ്വര്‍ണ്ണോം, വിലകൂടിയ നല്ലസാ രീം.''
''ഭാഗ്യമെന്നു പറഞ്ഞാലത് ദൈവനിന്ദയാകും, ഇതു ഭാഗ്യമല്ല, ദൈവാനുഗ്രഹമാണ്, കണ്ണീരിനെ മറികടക്കാത്ത ദൈവത്തിന്റെ കൃപ.''
അമ്മ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി ദൈവത്തെ വണങ്ങി.
''ഇങ്ങനെയുണ്ടോ ഒരൊരുക്കം, എത്ര നേരായി?'' വല്യമ്മച്ചി അക്ഷമയായി.
സ്വര്‍ണാഭരണവിഭൂഷിതയായി, കല്യാണവസ്ത്രങ്ങള്‍ ധരിച്ച് അതിസുന്ദരിയായി, കൈയില്‍ ബ്രൈഡല്‍ ബൊക്കേയും പിടിച്ച്, ഒരുങ്ങിവന്ന ലിസിയെ എതിരേറ്റത് അപ്രേം അയച്ച വീഡിയോഗ്രാഫറും ഫോട്ടോഗ്രാഫറുമായിരുന്നു. അവരാവശ്യപ്പെട്ടപ്രകാരം മോനി സാരിയുടെ ഞൊറികള്‍ ശരിയാക്കി, ഫോട്ടോയ്ക്കു പോസ് ചെയ്തു.
റോയിച്ചന്‍ ആരും കേള്‍ക്കാതെ അമ്മയുടെ ചെവിയില്‍ മന്ത്രിച്ചു: ''എനിക്കും അളിയനുമൊന്നും ഒരു റോളുമില്ലേയമ്മേ.''
''അതിലൊന്നും കാര്യമില്ല മക്കളേ, അവളുടെ കണ്ണീരും പ്രാര്‍ഥനയും കേട്ട ദൈവം അനുഗ്രഹമഴ ചൊരിയുകയാണ്. എല്ലാം നന്നായി നടക്കാന്‍ പ്രാര്‍ഥിക്കാം. ആ പാറേലമ്മയുടെ നല്ല മനസ്സുകൊണ്ടാ ഈ രീതിയില്‍ മാന്യമായി അവളെ ഇറക്കിവിടാമ്പറ്റുന്നത്.''
റോയിച്ചന്‍ പറഞ്ഞു: ''ഇനി സുമേടെ കാര്യോംകൂടെ മതിയല്ലോ. അവളെ ഞാന്‍ കെട്ടിച്ചുവിട്ടോളാം, ഞങ്ങളൊരു ചിട്ടീല്‍ ചേര്‍ന്നിട്ടുണ്ട്.''
''ഇപ്പം അതൊക്കെ വിട്, ഇവിടെ തിരക്കല്ലേ, തന്നേമല്ല സുമ കുഞ്ഞല്ലേ, കുറച്ചൂടെ പഠിപ്പിച്ചിട്ടാകാം, ബി.കോം പൂര്‍ത്തിയാക്കട്ടേ.''
ജാള്യം മാറ്റാന്‍ റോയിച്ചന്‍ ലിസിക്കായി വാങ്ങിച്ച സ്വര്‍ണവളകള്‍ സുമയുടെ കൈയില്‍ ഇടുവിച്ചുകൊടുത്തു. മേഴ്‌സികൊടുത്ത വള അപ്പന്‍ തിരികെ മേഴ്‌സിയെ ഏല്പിച്ചു.
അമ്മയുടെയും സഹോദരിമാരുടെയും മുഖത്ത് ഒരു മന്ദസ്മിതം കളിയാടി.
ചെറുക്കന്റെ ഇടവകപ്പള്ളിയിലെത്തിയപ്പോളാണ് ലിസിയും വീട്ടുകാരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. വിവാഹശേഷം മുഖ്യകാര്‍മികനായ തിരുമേനി നടത്തിയ ലഘുപ്രസംഗം അവരെ ആനന്ദതുന്ദിലിതരാക്കി.
''ഇവിടെ സന്നിഹിതരായിരിക്കുന്ന ഓരോരുത്തര്‍ക്കും മാതൃകയാക്കാവുന്ന പ്രവൃത്തികളാണ് അപ്രേം - ലിസി ദമ്പതികള്‍ ചെയ്തിരിക്കുന്നത്. പള്ളിക്കു സ്വര്‍ണ്ണക്കുരിശു നല്കാനോ, പള്ളിപിടിച്ചെടുക്കാന്‍ തല്ലും വഴക്കും നടത്തി കോടതിക്കേസുകള്‍ നടത്താനോ കര്‍ത്താവ് കല്പിച്ചിട്ടില്ല. കര്‍ത്താവ് പറഞ്ഞത് ഈ എളിയവരില്‍ ഒരുവനു നിങ്ങള്‍ ചെയ്‌തെല്ലാം എനിക്കാണു ചെയ്തതെന്നാണ്. വിശക്കുന്നവര്‍ക്ക് ആഹാരം നല്കുക, രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കുക, സര്‍വോപരി നിന്നെപ്പോലെതന്നെ നിന്റെ അയല്ക്കാരനെ സ്‌നേഹിക്കുക എന്നീ ലളിതമായ കല്പനകള്‍ പാലിക്കുന്നവര്‍ കര്‍ത്താവിനാല്‍ അനുഗൃഹീതരാണ്. അപ്രേം - ലിസി ദമ്പതികള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. സാധു കൊച്ചൂഞ്ഞുപദേശിയുടെ വരികള്‍ശ്രദ്ധിക്കുക, ക്രിസ്തു 'അരക്കാശിനു മുതലില്ലാതെ തല ചായ്ക്കാനും ഇടമില്ലാതെ' ലോകരക്ഷകനായി ജീവിച്ചു.
ദൈവം ആത്മാവാണ്. ക്രിസ്തു മരിച്ചുയര്‍ത്ത് ഇന്നും ജീവിക്കുന്നു. പരിശുദ്ധാത്മാവെന്ന കാര്യസ്ഥനെ നമുക്കു നല്കിയത് ക്രിസ്തുവാണ്. ഹൃദയവാതില്‍ തുറന്നുകൊടുത്താല്‍ പരിശുദ്ധ റൂഹായെ നമുക്ക് അനുഭവിച്ചറിയാം. ചൂടായും, കുളിരായും കാറ്റായും അഗ്‌നിയായും അറിയാം. കാറ്റിന്റെ മര്‍മരങ്ങള്‍ നാം കേള്‍ക്കാറില്ലേ? വൃക്ഷത്തലപ്പുകളില്‍ കാറ്റടിക്കുമ്പോള്‍ നാം ശബ്ദം കേള്‍ക്കുന്നു, അതുപോലെ ഹൃദയവാതില്‍ തുറന്നുകൊടുത്താല്‍ പരിശുദ്ധറൂഹായുടെ മര്‍മരങ്ങള്‍ നമുക്ക് അനുഭവവേദ്യമാകും. റൂഹായുടെ മര്‍മരങ്ങള്‍ കേള്‍ക്കുന്നവന്‍ ഇതുപോലെ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കും.
അപ്രേമിന്റെയും ലിസിയുടെയും വിവാഹത്തിനുശേഷം മറ്റു രണ്ടു വിവാഹങ്ങള്‍കൂടെ ഇന്നിവിടെയുണ്ട്. ഇടവകയിലെ രണ്ടുപെണ്‍കുട്ടികളുടെ വിവാഹം അപ്രേമിന്റെ ചെലവില്‍ നടത്തുകയാണ്. പൊന്നുംപണവും കല്യാണച്ചെലവുകളും അപ്രേമിന്റെ ചെലവിലാണ്.
പള്ളിയിലെ മൂന്നു പാരിഷ്ഹാളിലായി മൂന്നുകൂട്ടരുടെയും ക്ഷണിച്ചുവന്ന ആള്‍ക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കിയിരിക്കുന്നു. വളരെ അച്ചടക്കത്തോടെ കൃത്യമായി എല്ലാക്കാര്യങ്ങളും പള്ളിക്കാരുതന്നെ മുന്‍കൈയെടുത്തു നടത്തുന്നു. വാര്‍ത്ത പരസ്യമാകാതിരിക്കാന്‍ അപ്രേമും വീട്ടുകാരും ശ്രദ്ധിച്ചു. ആ പെണ്‍കുട്ടികള്‍ക്ക് ഈ സൗജന്യം ഒരിക്കലും മാനഹാനിക്കിടയാകരുതെന്ന് അപ്രേമിന്റെ അമ്മച്ചി ശഠിച്ചു.
''ഇടംകൈ ചെയ്യുന്നത് വലംകൈ അറിയരുത്. ക്രിസ്തുവചനമാണത്.
നല്ല ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും കിട്ടിയതില്‍ ലിസി ദൈവമുമ്പാകെ നമ്രശിര
സ്‌കയായി.
ആദ്യത്തെ നാലുദിനങ്ങള്‍ മുന്‍നിശ്ചയിച്ചപ്രകാരം വരന്റെ വീട്ടിലാണ്. അടുത്ത ബന്ധുക്കളുടെ വീടുകളിലൊക്കെ വിരുന്നുപോയി. എല്ലാവര്‍ക്കും എന്തെന്തു സ്‌നേഹം! പണക്കാരുടെ ജാടകളില്ലാതെ നിര്‍ബന്ധിച്ച് വിരുന്നൂട്ടുന്നു.
ലിസി മനസ്സിലോര്‍ത്തു; ഇത്രയേറെ സന്തോഷം അനുഭവിപ്പിക്കാനായിരുന്നോ അത്രയും കഠിനമായ മുന്‍കാലങ്ങള്‍ ലഭിച്ചതെന്ന്. പണമില്ലാതെ, പരിഗണനയില്ലാതെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകൗമാരത്തില്‍, കനല്‍ക്കട്ടയിലാണ് നിത്യവും ചവിട്ടിനടന്നത്. ഏറ്റവും സങ്കടമായത്, വല്യമ്മച്ചിയുടെ ആജ്ഞാനുവര്‍ത്തിയായി ചെയ്തുകൊടുത്ത അറയ്ക്കപ്പെട്ട, നാണംകെട്ട ദാസ്യവേലകളായിരുന്നു. തന്റെ സമപ്രായക്കാരായ കസിന്‍സ് തറവാട്ടില്‍ വരുമ്പോള്‍ അവരോടൊപ്പം കളിച്ചുല്ലസിച്ചു നടക്കാന്‍ സമ്മതിക്കാതെ സദാ വേലയെടുപ്പിച്ചിട്ട്, ഒരു നല്ലവാക്കോ, ഒരു മിഠായിയോ കാലണപോലുമോ തരാത്ത വല്യമ്മച്ചിയെ അക്കാലങ്ങളില്‍ അവള്‍ക്ക് എത്രയധികം വെറുപ്പായിരുന്നു. എന്നിട്ട്, വിവാഹാവസരത്തില്‍പ്പോലും ഒരു ബ്ലൗസിനുതുണിയെങ്കിലും അവരെടുത്തു തന്നില്ലല്ലോ.
ഇന്നിതാ കൊട്ടാരസദൃശമായ ഈ വീട്ടിലെ ജോലിക്കാരോടൊക്കെ അപ്രേമിന്റെ വീട്ടുകാര്‍ ഇടപെടുന്നത് എത്ര സ്‌നേഹത്തോടെയാണ്! ദൈവത്തോടുള്ള നന്ദികൊണ്ട് അവളുടെ ഹൃദയത്തില്‍നിന്ന് സ്‌തോത്രഗാനങ്ങള്‍ ഉയര്‍ന്നു.
അടുത്ത നാലുദിവസം ലിസിയുടെ വീട്ടിലാണ്. അവിടത്തെ ബന്ധുഗൃഹങ്ങളിലും ഇടവകപ്പള്ളിയിലും പോകണം. എന്തുചെയ്യാം, സമയം തീരെയില്ല. വീട്ടില്‍ ചെന്നപ്പോള്‍ രണ്ടുമൂന്നു സന്തോഷവാര്‍ത്തകള്‍ കാത്തിരിക്കുന്നു. ഒന്ന്, പാസ്സ്‌പോര്‍ട്ടുകിട്ടിയത്. മറ്റൊന്ന്, ഇടുക്കി പൈനാവിലെ പ്ലാനിങ് ഓഫീസില്‍ ടൈപ്പിസ്റ്റായി ലിസിക്ക് നിയമനം കിട്ടിയിരിക്കുന്നു. ഒപ്പം കൊല്ലം റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്റ്റെനോ ആയിട്ട് അഡൈ്വസ് മെമ്മോയും.
പാസ്‌പോര്‍ട്ട് കിട്ടിയതിനാല്‍ ഇനി അതിന്റെ ബാക്കി നോക്കണം, ബോംബെയിലും ഹൈദരാബാദിലുമൊക്കെ പോകണം. അക്കാര്യങ്ങള്‍ നടത്താന്‍ അപ്പു ഉത്സുകനായി.
(തുടരും)