അഞ്ചു വര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുള്ള എല്ലാ സ്‌കൂളധ്യാപകര്‍ക്കും ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീംകോടതിവിധി സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അഞ്ചുവര്‍ഷത്തിലേറെ സര്‍വീസ് ബാക്കിയുള്ള എല്ലാ അധ്യാപകരും രണ്ടുവര്‍ഷത്തിനുള്ളില്‍ ടെറ്റ് യോഗ്യത നേടണമെന്നും ഇല്ലെങ്കില്‍ സര്‍വീസില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്നുമാണു കോടതിവിധി. അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വീസുള്ള അധ്യാപകര്‍ക്കു സ്ഥാനക്കയറ്റത്തിനും ടെറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസാ വകാശനിയമം നിലവില്‍വരുന്നതിനുമുമ്പു ജോലിയില്‍ പ്രവേശിച്ചവര്‍ക്കടക്കം വ്യവസ്ഥ ബാധകമാക്കിയത് സംസ്ഥാനത്തു വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു വിദ്യാഭ്യാസവകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞുകഴിഞ്ഞു. സുപ്രീംകോടതിവിധിക്കെതിരേ സര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി നല്കുകയോ കൂടുതല്‍ വ്യക്തത തേടുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം ഒന്നാം തീയതിയാണ്, ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച് വിവിധ ഹൈക്കോടതികളില്‍നിന്നുള്ള 28 അപ്പീലുകള്‍ പരിഗണിച്ച് ഏറെ ആശങ്കകളുണര്‍ത്തുന്ന ഇത്തരമൊരു വിധി നടത്തിയത്. അധ്യാപകനിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാണോ എന്നതായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്. 2009 ലെ വിദ്യാഭ്യാസാവകാശനിയമം വരുന്നതിനുമുമ്പ് അധ്യാപകരായവര്‍ക്കും ടെറ്റ് യോഗ്യത നിര്‍ബന്ധമാണെന്ന നിബന്ധനയാണ് കാര്യങ്ങളെ ഇപ്പോള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. അതനുസരിച്ച് 2027 സെപ്റ്റംബര്‍ ഒന്നാണ്, അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ സര്‍വീസ് ശേഷിക്കുന്ന അധ്യാപകര്‍ സുപ്രീംകോടതിവിധിപ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിരിക്കേണ്ട അവസാനതീയതി. മേല്‍വിധിപ്രകാരം വിരമിക്കാന്‍ അഞ്ചുവര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള അധ്യാപകര്‍ക്ക് വിരമിക്കുന്നതുവരെ ടെറ്റ് ഇല്ലാതെ സര്‍വീസില്‍ തുടരാമെന്നിരിക്കിലും, ടെറ്റ് നിര്‍ബന്ധമായ തസ്തികകളിലേക്ക് ഇവര്‍ക്കു സ്ഥാനക്കയറ്റം ലഭിക്കുകയില്ല. മാത്രമല്ല, വിരമിക്കാന്‍ അഞ്ചു വര്‍ഷമോ അതില്‍ക്കൂടുതലോ ശേഷിക്കുന്നവര്‍, കോടതിയുത്തരവു വന്ന 2025 സെപ്റ്റംബര്‍ ഒന്നു കണക്കാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍, അതായത്, 2027 സെപ്റ്റംബര്‍ ഒന്നിനകം ടെറ്റ് പരീക്ഷയെഴുതി പാസാകാതെ വന്നാല്‍ ആനുകൂല്യങ്ങള്‍ വാങ്ങി വീട്ടിലിരിക്കേണ്ടിയുംവരും!
നെറ്റ്, സെറ്റ്, എം.എഡ്, പിഎച്ച്ഡി മുതലായ ഉയര്‍ന്ന യോഗ്യതകള്‍ നേടിയ കേമന്മാരായ അധ്യാപകര്‍ക്കുപോലും ടെറ്റ് നിര്‍ബന്ധമായുള്ള ഒരു തസ്തികയിലേക്കും ടെറ്റ് ഇല്ലാതെ സ്ഥാനക്കയറ്റം ഇനി സാധ്യമാവില്ലായെന്നതാണ് വിധി കൊണ്ടുവരുന്ന മറ്റൊരു ദുര്യോഗം. പുതുതായി നിയമനം നേടുന്നവര്‍ക്ക് നിയമനസമയത്തുതന്നെ ടെറ്റ് അല്ലെങ്കില്‍ സി ടെറ്റ് യോഗ്യതയുണ്ടായിരിക്കണം. ആദ്യം നിയമനവും പിന്നീട് ടെറ്റ് യോഗ്യതയും എന്ന രീതി ഇനി അനുവദിക്കില്ല. നെറ്റ്, സെറ്റ്, എം.എഡ്., പി.എച്ച്.ഡി., എം.ഫില്‍ തുടങ്ങിയ ബിരുദങ്ങള്‍ ടെറ്റിനു പകരമാവില്ലെന്നാണ് ഉയര്‍ന്ന യോഗ്യതകളെക്കുറിച്ചു നല്കുന്ന വിശദീകരണം. ടെറ്റ് എന്നത് കുട്ടികളുടെ ബോധനശാസ്ത്രത്തിലും അധ്യാപനരുചിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രൊഫഷണല്‍ യോഗ്യതാപരീക്ഷയാണത്രേ. ഇത് അക്കാദമിക് ബിരുദങ്ങളില്‍നിന്നു വ്യത്യസ്തമാണെന്നും കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
2009 ല്‍ വിദ്യാഭ്യാസാവകാശനിയമം (ആര്‍ടിഇ) വന്ന ശേഷമാണ് ടെറ്റ് നിര്‍ബന്ധമാക്കിയത്. അതിനുമുമ്പു നിയമിക്കപ്പെടുന്നവര്‍ക്കും ടെറ്റ് യോഗ്യത നിര്‍ദേശിച്ച് (ദേശീയഅധ്യാപകവിദ്യാഭ്യാസകൗണ്‍സില്‍ (എന്‍സിടിഇ) മാര്‍ഗരേഖ പുറത്തിറക്കിയിരുന്നെങ്കിലും കേരളത്തില്‍ ആര്‍ടിഇ ചട്ടം നിലവില്‍വന്നത് 2010 ല്‍ മാത്രമാണ്. 2011 നുശേഷം സര്‍വീസില്‍ കയറുന്നവര്‍ക്കു കെ.ടെറ്റ് നിര്‍ബന്ധമാക്കി. 2012 മുതല്‍ ഇതു നടപ്പായിത്തുടങ്ങുകയും ചെയ്തു. അതിനു മുമ്പുള്ള പി.എസ്.സി. റാങ്ക് പട്ടികയിലുള്ളവരെ ഒഴിവാക്കിയിരുന്നു. ഒരു പുതിയ നിയമം വരുമ്പോള്‍ അതിനു മുമ്പുള്ളവരെ സംരക്ഷിക്കുന്നതാണു സാമാന്യരീതി. ഇതനുസരിച്ചായിരുന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഇളവ്. പക്ഷേ, ആര്‍ടിഇ പ്രകാരമുള്ള ടെറ്റ് യോഗ്യതയ്ക്കു മുന്‍കാലപ്രാബല്യം കണക്കാക്കിയുള്ള സുപ്രീംകോടതിയുടെ പുതിയ വിധി ആയിരക്കണക്കിന് അധ്യാപകരുടെ വയറ്റത്തടിച്ചിരിക്കുകയാണ്.
ഏതായാലും ടെറ്റ് പ്രശ്‌നത്തില്‍ നീതി തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷസംഘടനയായ കെ.പി.എസ്.ടി.എ. രംഗത്തുവന്നുകഴിഞ്ഞു. അധ്യാപകരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് സംസ്ഥാനപ്രസിഡന്റ് കെ.പി. അബ്ദുള്‍മജീദ് ആവശ്യപ്പെട്ടിരിക്കുന്നത്. അരലക്ഷത്തോളം അധ്യാപകരുടെ അന്നം മുട്ടിക്കുന്ന പുതിയ സുപ്രീംകോടതിവിധിക്കു പരിഹാരം കാണാന്‍ ഉത്തവാദിത്വപ്പെട്ടവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.