വര്‍ഷങ്ങളായി എയ്ഡഡ്‌സ്‌കൂളധ്യാപകരായി ജോലി ലഭിച്ച്, കളിപ്പിച്ചും ചിരിപ്പിച്ചും രസിപ്പിച്ചും സമര്‍പ്പണബുദ്ധിയോടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരുപറ്റം അധ്യാപകരുടെ തലയ്‌ക്കേറ്റ പ്രഹരമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 31-ാം തീയതി പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച 5022/2025 ഉത്തരവ്. അതായത്, ആയിരക്കണക്കിന് അധ്യാപകര്‍ക്ക് / അനധ്യാപകര്‍ക്ക് സ്ഥിരനിയമനത്തിനു സര്‍ക്കാരിന്റെ അംഗീകാരമില്ല, മാസശമ്പളമില്ല; എത്രനാള്‍ കാത്തിരിക്കണമെന്നു നിശ്ചയവുമില്ല. ഒരു ഭരണകൂടത്തിനു സ്വതന്ത്രമായി തീരുമാനിക്കാവുന്ന ഒരു കാര്യം കോടതി തീരുമാനിക്കട്ടെയെന്ന്!...?
ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ഇരട്ടത്താപ്പുനയമാണ് എയ്ഡഡ് കത്തോലിക്കാവിദ്യാലയങ്ങളുടെയും അധ്യാപകരുടെയും അവരുടെ കുടുംബങ്ങളുടെയും നിലനില്പിനെ ബാധിക്കുന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നത്. 2018 മുതല്‍ സ്ഥിരനിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുമ്പോള്‍ നായര്‍ സര്‍വീസ് സൊസൈറ്റി / ഗവ. സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു! എന്‍എസ്എസ് കോടതിയുത്തരവ് നേടിയെന്നും ക്രൈസ്തവസഭകള്‍ കോടതിയില്‍ പോയി അനുകൂലഉത്തരവ് വാങ്ങിയാല്‍ നീതി നടത്തിത്തരാമെന്നുമാണ് സര്‍ക്കാര്‍ വ്യാഖ്യാനം. എല്ലാം കോടതിയുത്തരവുപ്രകാരം നടപ്പാക്കാനാണെങ്കില്‍ പിന്നെന്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍?
യഥാര്‍ഥപ്രശ്‌നം
ഭിന്നശേഷിനിയമനം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മറ്റു നിയമനങ്ങള്‍ അംഗീകരിക്കാനാകൂ എന്ന സര്‍ക്കാരിന്റെ ശാഠ്യമാണ് യഥാര്‍ഥപ്രശ്‌നം. ഭിന്നശേഷിസംവരണം ഗവണ്‍മെന്റുത്തരവുകള്‍ അനുസരിച്ച് കത്തോലിക്കാമാനേജുമെന്റുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവവിശ്വാസപ്രകാരം ഭിന്നശേഷിക്കാരും ദൈവത്തിന്റെ സമ്മാനമാണ്. അവരെ സംരക്ഷിക്കുന്നതിലും അവര്‍ക്കു ജോലിയും വരുമാനമാര്‍ഗവും ഒരുക്കിക്കൊടുക്കുന്നതിലും സന്തോഷവുമാണ്. അതുകൊണ്ടുതന്നെ കോടതിവിധി അനുസരിച്ചും സര്‍ക്കാരിന്റെ ഉത്തരവുപ്രകാരവും നിശ്ചിതശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി കേരളത്തിലെ കത്തോലിക്കാമാനേജുമെന്റുകള്‍ മാറ്റിവച്ചിട്ടുണ്ട്.
എന്നാല്‍, ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തു മാറ്റിവച്ച 2022 വരെയുള്ള ഒഴിവുകളില്‍ പകുതിയില്‍പോലും അര്‍ഹരായിട്ടുള്ളവരെത്തിയിട്ടില്ല. ഉദാഹരണമായി, പാലാ രൂപത കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവച്ച 43 സീറ്റുകളില്‍ 20 എണ്ണത്തില്‍ മാത്രമാണ് അര്‍ഹരായവര്‍ എത്തിയിട്ടുള്ളത്. അതുകൂടാതെ, 2022-25 കാലയളവിലുണ്ടായ തസ്തികകള്‍ക്കാനുപാതികമായി സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ നികത്തപ്പെടാതെ കാത്തിരിക്കുകയുമാണ്. പക്ഷേ, ആവശ്യത്തിന് ഭിന്നശേഷി അധ്യാപകര്‍ ലഭ്യമല്ല! വസ്തുത ഇതായിരിക്കെ, ഭിന്നശേഷിക്കാരുടെ നിയമനങ്ങള്‍ പൂര്‍ത്തിയാകാതെ മറ്റധ്യാപകനിയമനങ്ങള്‍ അംഗീകരിക്കില്ലെന്നു ശഠിക്കുന്നതിനുപിന്നില്‍ സര്‍ക്കാരിന് നിക്ഷിപ്തതാത്പര്യങ്ങള്‍ മാത്രമാണുള്ളത്.
കോടതിവിധികളും സര്‍ക്കാര്‍ ഉത്തരവുകളും
ഭിന്നശേഷിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ബഹു. സുപ്രീംകോടതിയും (എസ്.എല്‍.പി.(സി) നമ്പര്‍ 11373/2024) തുടര്‍ന്ന് സര്‍ക്കാരും (ജി.ഒ.(എം.എസ്.) നമ്പര്‍ 43/2025 ജി.ഇ.ഡി. എന്‍.ടി.വി.എം. 17.03.2025) അനുകൂലഉത്തരവ് നല്‍കി. മേല്‍ഉത്തരവുകളുടെ വെളിച്ചത്തില്‍ കത്തോലിക്കാമാനേജുമെന്റുകള്‍ സര്‍ക്കാരിനുമുമ്പില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കണമെന്ന ബഹു. കേരളഹൈക്കോടതി ഉത്തരവുപോലും (ഡബ്ല്യു.പി. (സി) നമ്പര്‍ 14317/2025) നിര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാര്‍ പരിഗണിച്ചില്ല.
04.03.2025 ല്‍ ബഹു. സുപ്രീംകോടതി എന്‍.എന്‍.എസിന് നല്‍കിയ വിധിയില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ഒഴിവുകള്‍ ഒഴികെയുള്ള തസ്തികകളില്‍ നിയമനം നടത്താനും ഇതുവരെ താല്‍ക്കാലികമായി നിയമനാംഗീകാരം ലഭിച്ച സേവനത്തിലുള്ള അധ്യാപകരുടെ നിയമനങ്ങള്‍ ക്രമപ്പെടുത്താനും അനുവദിക്കുന്നു.
അതായത്, ഭിന്നശേഷിക്കാരായ ആളുകളുടെ നിയമനങ്ങള്‍ക്കുവേണ്ടി ഒഴിവുകള്‍ നീക്കിവച്ചാല്‍ മാത്രം മതി, മറ്റൊഴിവുകളില്‍ നിയമിക്കപ്പെട്ടിരിക്കുന്നവരെ ക്രമീകരിക്കാമെന്നതാണ് എന്‍.എസ്.എസിനെ സംബന്ധിച്ച് സര്‍ക്കാരിന്റെ ശരി. എന്നാല്‍, ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ഒഴിവുകള്‍ നീക്കിവയ്ക്കുകയും ലഭിച്ച ഭിന്നശേഷിക്കാരെ നിയമിക്കുകയും ചെയ്തിട്ടും മുഴുവന്‍ ഭിന്നശേഷിനിയമനങ്ങളും പൂര്‍ത്തിയായാല്‍ മാത്രമേ മറ്റൊഴിവുകളിലെ നിയമനം അംഗീകരിക്കാനാവൂ എന്നതാണ് സര്‍ക്കാര്‍ കത്തോലിക്കാമാനേജുമെന്റുകളോടു കാണിക്കുന്ന ശരി! എന്‍.എസ്.എസ്. മാനേജുമെന്റും സമാനസാഹചര്യമുള്ള മറ്റു സൊസൈറ്റികളും എത്രയുംപെട്ടെന്ന് ഭിന്നശേഷി ഒഴിവുകള്‍ നികത്താനുള്ള നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി പ്രതീക്ഷിക്കുന്നു. ഭിന്നശേഷിക്കാരുടെ നിയമനങ്ങളും ഭിന്നശേഷിക്കാരല്ലാത്തവരുടെ നിയമനങ്ങളും നടത്തുന്ന മുറയ്ക്കും റെഗുറെലൈസ് ചെയ്യേണ്ട നിയമനങ്ങളുടെ പ്രൊപ്പോസല്‍ ഗവണ്‍മെന്റിലേക്കു നല്‍കുന്ന മുറയ്ക്കും സംസ്ഥാനസര്‍ക്കാര്‍ ത്വരിതഗതിയില്‍ തീരുമാനമെടുക്കണമെന്ന് വിധിയില്‍ പറയുന്നു. ഭിന്നശേഷി നിയമനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമേ, ഇതര നിയമനങ്ങള്‍ അംഗീകരിക്കാവൂ എന്ന് ഈ വിധിയില്‍ പരാമര്‍ശിക്കുന്നില്ല.
04.03.2025 നു സുപ്രീംകോടതി എന്‍.എസ്.എസിന് അനുകൂലമായി നല്‍കിയ വിധിക്ക് 17.03.2021 ല്‍ത്തന്നെ സര്‍ക്കാര്‍ അനുകൂലഉത്തരവു നല്‍കി. മേല്‍ഉത്തരവുകളുടെ വെളിച്ചത്തില്‍ കത്തോലിക്കാമാനേജുമെന്റ് കണ്‍സോര്‍ഷ്യം സര്‍ക്കാരിനു മുമ്പില്‍ എന്‍എസ്എസിനു നല്‍കിയതുപോലുള്ള അനുകൂലഉത്തരവിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചു. ഒപ്പം, എന്‍.എസ്.എസിനനുകൂലമായി ലഭിച്ച സുപ്രീംകോടതിവിധിയുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും വെളിച്ചത്തില്‍ കത്തോലിക്കാമാനേജുമെന്റുകളുടെ അപേക്ഷ പരിഗണിക്കണമെന്ന ഹൈക്കോടതിവിധിയും വാങ്ങിച്ചു. നിര്‍ഭാഗ്യവശാല്‍, നാലുമാസത്തെ കാത്തിരിപ്പിനൊടുവില്‍ പ്രതികൂലമായ സര്‍ക്കാര്‍ ഉത്തരവാണ് ലഭിച്ചത്.
കോടതിവിധി വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍.എസ്.എസിന് അനുകൂല ഉത്തരവ് കൊടുത്ത സര്‍ക്കാര്‍ നാലു മാസത്തിനൊടുവില്‍ ക്രൈസ്തവമാനേജുമെന്റുകള്‍ക്ക് പ്രതികൂല ഉത്തരവാണു നല്‍കിയത്! എന്‍എസ്എസിനു ലഭിച്ച സുപ്രീം കോടതിയുടെയും സര്‍ക്കാരിന്റെയും അനുകൂല ഉത്തരവുകളുടെ വെളിച്ചത്തില്‍ ക്രൈസ്തവമാനേജുമെന്റുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ട ഹൈക്കോടതി നിര്‍ദേശത്തിന്റെ മറുപടി സര്‍ക്കാര്‍ തന്നപ്പോള്‍ തീര്‍ത്തും പ്രതികൂലമായി.
ഭിന്നശേഷിക്കാരെ നല്‌കേണ്ടത് ആരാണ്?
കത്തോലിക്കാസ്ഥാപനങ്ങളെ സംബന്ധിച്ച് മാനേജരാണ് നിയമനാധികാരിയെങ്കിലും ഭിന്നശേഷിനിയമനത്തിന്റെ ക്രമീകരണങ്ങള്‍ നടത്തുക, ഭിന്നശേഷിക്കാരെ നല്‍കുക സര്‍ക്കാരിന്റെ ചുമതലയാണ്. ഭിന്നശേഷിക്കാരെ നല്‍കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചെറുവിവരണം ചുവടെ ചേര്‍ക്കുന്നു:
2021 മുതല്‍ ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ / വിദ്യാഭ്യാസവകുപ്പ് ഉത്തരവുകള്‍ ഇറക്കിത്തുടങ്ങി. അതനുസരിച്ച് ആദ്യഘട്ടത്തില്‍ 1996 മുതലുള്ള നിയമനങ്ങളുടെ മൂന്നു ശതമാനവും 2017 മുതല്‍ നാലു ശതമാനവും കണക്കാക്കി തുടര്‍ന്നുവരുന്ന പുതിയ തസ്തികകളില്‍ ഭിന്നശേഷിക്കാരെ നിയമിക്കാന്‍ ആവശ്യപ്പെട്ടു.
2022 ല്‍ റിസര്‍വേഷന്‍ റോസ്റ്റര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ടു.
2022 നവംബര്‍മാസത്തില്‍ മാനേജര്‍ തയ്യാറാക്കിയ റോസ്റ്റര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വെരിഫൈ ചെയ്യേണ്ടതാണെന്ന് പുതിയ ഉത്തരവുണ്ടായി. (2025 പാതി കഴിഞ്ഞിട്ടും മാനേജര്‍മാര്‍ നല്‍കിയ ഈ റോസ്റ്റര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായിട്ടില്ല!)
2023 ജനുവരിമാസത്തില്‍ മാനേജര്‍ തയ്യാറാക്കിയ റോസ്റ്റര്‍ രജിസ്റ്റര്‍ സമന്വയവഴി തയ്യാറാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടാതെ ഭിന്നശേഷിക്കാരെ ലഭിക്കുന്നതിനാവശ്യമായ നടപടിക്രമം വിശദമാക്കി ഉത്തരവുകളും വന്നു.
2024 ആയപ്പോള്‍ മാനേജര്‍മാര്‍ നേരിട്ട് എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചില്‍ നല്‍കിവന്നിരുന്ന അപേക്ഷകള്‍ വിദ്യാഭ്യാസഓഫീസുമുഖേന നല്‍കണമെന്ന് ഉത്തരവു വന്നു. ഈ ഉത്തരവ് ഭിന്നശേഷിനിയമനത്തിന്റെ നടപടിക്രമം അല്പംകൂടി നീണ്ടുപോകാന്‍ കാരണമാേയായെന്നു സംശയമുണ്ട്.
2025 ആകുമ്പോള്‍ ഭിന്നശേഷിവിഭാഗത്തിലുള്ളവരെ നിയമനത്തിനായി തിരഞ്ഞെടുത്ത് ശിപാര്‍ശ ചെയ്യാന്‍ സംസ്ഥാനതല, ജില്ലാതലസമിതികള്‍ രൂപീകരിച്ചുകൊണ്ട് ഉത്തരവു വന്നു. 2023 ലെ എസ്.എല്‍.പി. (9566-2023) കോടതിവിധിപ്രകാരമാണ് 2025 ലെ ഈ ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. അതും 20 മാസങ്ങള്‍ക്കുശേഷം!
2021 മുതല്‍ 2025 ഓഗസ്റ്റുവരെ സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും വിവിധ മാനേജുമെന്റധികൃതരും നൂറുകണക്കിനു മണിക്കൂറുകള്‍ ഭിന്നശേഷിനിയമനത്തിനുവേണ്ടി കഠിനമായി അധ്വാനിച്ചു എന്നു മുകളില്‍ ഉദ്ധരിച്ച ഉത്തരവുകളില്‍നിന്നു മനസ്സിലാക്കാനാകും. സര്‍ക്കാരിന്റെ സദുദ്ദേശ്യത്തെ മാനിക്കുന്നു. ഇത്രയേറെ അധ്വാനം നടത്തിയിട്ടും അനേകം ഉത്തരവുകള്‍ ഇറക്കിയിട്ടും കാര്യങ്ങളുടെ പൂര്‍ത്തീകരണം എങ്ങുമെത്തിയിട്ടില്ല. ഭിന്നശേഷിനിയമനം ആരംഭിച്ചിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. നിയമിക്കപ്പെട്ട ഭിന്നശേഷിക്കാര്‍ സുരക്ഷിതരാണ്. അവര്‍ക്കു കൃത്യമായ ശമ്പളവും ഇതരആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നു. ഇനിയും നിയമിക്കപ്പെടാനായി ഭിന്നശേഷിക്കാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. കാരണം, മാനേജര്‍മാര്‍ പല തവണ അപേക്ഷകള്‍ നല്‍കിയിട്ടും മറുപടിയില്ല എന്നതാണ്. എന്നാല്‍, സ്ഥിരമായി നിയമിക്കപ്പെട്ട ആയിരക്കണക്കിനു ഭിന്നശേഷിക്കാരല്ലാത്ത അധ്യാപകര്‍ തികച്ചും അരക്ഷിതരാണ്. ഈ അരക്ഷിതാവസ്ഥയ്ക്കുപിന്നില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കുനയമുണ്ടോ എന്നു സംശയിക്കുന്നു. ഭിന്നശേഷിനിയമനം പൂര്‍ത്തിയാക്കിയശേഷം മാത്രമേ അല്ലാത്ത നിയമനങ്ങള്‍ ക്രമീകരിക്കൂ എന്ന സര്‍ക്കാരിന്റെ ശാഠ്യവും കഴിഞ്ഞ നാലു വര്‍ഷമായി കാര്യങ്ങള്‍ നീണ്ടുപോകുന്നു എന്ന യാഥാര്‍ഥ്യവും ചേര്‍ത്തുവായിക്കുമ്പോള്‍ എയ്ഡഡ്‌മേഖലയിലെ 2018 മുതല്‍ നിയമിതരായ അധ്യാപക-അനധ്യാപകവ്യക്തികളോട് സര്‍ക്കാര്‍ ബോധപൂര്‍വം നീതിനിഷേധം നടത്തുകയാണ് എന്നു മനസ്സിലാക്കാനാകും.