അമ്മ പറഞ്ഞു: ''കുളിരുമ്പം കിട്ടാത്ത കുപ്പായമെന്തിനാ ചന്തിക്കീഴേ വിരിച്ചിട്ടിരിക്കാനോ? ലിസിമോളിനി അപ്പുമോന്‍ പറയുന്നതുപോലെ ചെയ്യ്. ഇവിടെ ഒരുവര്‍ഷം ജോലിചെയ്യുന്ന കാശ് അവിടെ ഒരുമാസംകൊണ്ട് ഉണ്ടാക്കാം.''
അപ്പു ചിരിച്ചുകൊണ്ടു പറഞ്ഞു: ''ജീവിതച്ചെലവും അവിടെ കൂടുതലാ, എന്നാലും അവിടുത്തെ ജീവിതവും ഇവിടുത്തെ ജീവിതവും തമ്മില്‍ അജഗജാന്തരമാണ്. അവിടെ ജീവിച്ചവരാരും വീണ്ടും ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടില്ല.''
അപ്പന്‍ പറഞ്ഞു: ''അപ്പുമോന്‍ അവന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു, ഇനി ലിസിക്കുട്ടിയെന്നാ പറയുന്നേ? ഇവിടുത്തെ ജോലി കളഞ്ഞിട്ട് അപ്പൂന് ഒപ്പം പോകുവാണോ?''
ലിസി പറഞ്ഞു: ''അതിച്ചാച്ചാ നേരത്തേ ഈ ജോലി കിട്ടീരുന്നേല്‍ ലോങ് ലീവെടുത്തു പോകാരുന്നു, ജോയിന്‍ ചെയ്തിട്ട് ഉടനെ ലോങ് ലീവ് കിട്ടില്ലല്ലോ, അതിനൊക്കെ ഒരുപാടു നടപടികളുണ്ട്. ഞാന്‍ എന്നെ രക്ഷിച്ചവന് എന്റെ തല കൊടുത്തു. ഇനി അച്ചാച്ചനൊപ്പം പോകുവാ. ഒരു നന്മവരുമ്പം നമ്മളെ കണ്‍ഫ്യൂഷനിലാക്കാന്‍ നിരവധി സാഹചര്യങ്ങള്‍ വരും. പി. എസ്. സി യുടെ ഒരുപാടു ലിസ്റ്റുകളില്‍ ഞാനുണ്ട്. പിന്‍വാതില്‍നിയമനവും രാഷ്ട്രീയക്കാരുടെ സ്വജനപക്ഷപാതവും ആശ്രിതനിയമനവും ജാതിസംവരണവുമൊക്കെ കഴിഞ്ഞുവരുന്ന തുറന്ന വേക്കന്‍സികളില്‍ ചിലതെങ്കിലും ഇതുപോലെ കിട്ടും.''
ബോംബെയിലും ഹൈദരാബാദിലുമൊക്കെ വിസാ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി അപ്പുവിനോടൊപ്പം ലിസിയും അപ്പൂന്റെ അമ്മച്ചിയുംപോയി. ലിസിയുടെയും അമ്മച്ചിയുടെയും ആദ്യവിമാനയാത്രയാണത്.
ബോംബെയില്‍ മുറിയെടുത്തിട്ട്, അപ്പു പറ്റുന്ന സ്ഥലങ്ങളൊക്കെ ഇരുവരെയും കൊണ്ടെക്കാണിച്ചു. അമ്മച്ചിക്ക് ഒരു ജലദോഷത്തിന്റെ ആരംഭം. അതു കടുത്താല്‍ പ്രശ്‌നമാണ്. അമ്മച്ചിക്കു ശ്വാസംമുട്ടലിന്റെ അസഹ്യതയുണ്ട്. അതുകൊണ്ട് ഹൈദരാബാദില്‍ പോയിട്ട്, പുറത്തൊരു പര്യടനവുമവര്‍ നടത്തിയില്ല.
ലിസിക്കു വേണ്ടപ്പെട്ട ഭവനങ്ങളില്‍ ഒരുക്കിയ കൊച്ചുകൊച്ചു വിരുന്നുകളില്‍ അവര്‍ സംബന്ധിച്ചു.
മറിയക്കുട്ടിക്കൊച്ചമ്മ, തറവാട്ടില്‍ വലിയ ഒരു വിരുന്നൊരുക്കുന്നതായി വല്യമ്മച്ചി മുഖേന അറിഞ്ഞ ലിസി പറഞ്ഞു: ഓരോ ഗ്ലാസ്സ് പച്ചവെളളം മാത്രംമതി. ഞങ്ങള്‍ രണ്ടുപേരുടെയും വയറിനു സുഖമില്ല.
തറവാട്ടിലെ വിരുന്നു സ്വീകരിക്കാത്തതില്‍ വല്യമ്മച്ചിക്ക് അമര്‍ഷമായി. വല്യമ്മച്ചി പറഞ്ഞു: ''പെമ്പിള്ളാര്‍ക്ക് ഇത്രേം അഹമ്മതി പാടില്ല.''
ലിസി വല്യമ്മച്ചിയോടു പറഞ്ഞു: ''തറവാട്ടിലെ മേശയില്‍നിന്ന് ഞാന്‍ എന്നെങ്കിലും കഴിച്ചിട്ടുണ്ടോ? പേരപ്പന്മാരുടെ മക്കളൊക്കെ തറവാട്ടിലൊരുക്കിയ മേശയില്‍നിന്ന് പലഹാരങ്ങളും സദ്യയും കഴിച്ചപ്പോള്‍ ഞാന്‍ അടുക്കളപ്പുറത്തെ നടയിലിരുന്ന് പഴങ്കഞ്ഞിയും പഴകിയ ആഹാരങ്ങളും കഴിച്ചു, ഞാനും വല്യമ്മച്ചിയുടെ കൊച്ചുമോളായിരുന്നില്ലേ, ആ സങ്കടം തീരുന്നില്ല.''
അമ്മയുടെ സഹോദരങ്ങളും അപ്പന്റെ സഹോദരങ്ങളും ലിസിക്കു കൈവന്നഭാഗ്യത്തില്‍ ഒരുപോലെ സന്തോഷിച്ചു. ലിസിയുടെ ഇടവകപ്പള്ളിയില്‍ 'പ്രസ്താവന' വായിക്കുന്ന സമയം വികാരിയച്ചന്‍ പുതുമണവാളനെയും മണവാട്ടിയെയും എഴുന്നേല്പിച്ചുനിറുത്തി. മണവാളനെ പരിചയപ്പെടുത്തി, പ്രാര്‍ഥിച്ച്, ഇരുവരെയും ആശീര്‍വദിച്ചു.
വല്യമ്മച്ചിക്ക് ഇപ്പോള്‍ തീരെവയ്യാ. തറവാട്ടിലെ നടകള്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. അതിനാല്‍ ലിസി പോകുന്നതുവരെ ബേവിച്ചെറുക്കന്റെ വീട്ടില്‍ താമസിക്കണം.
വല്യമ്മച്ചിയുടെ ആഗ്രഹപ്രകാരം അപ്പനും ജാക്‌സനും അച്ചോയിയും കൂടെ ക്യാന്‍വാസുകസേരയിലിരുത്തി വല്യമ്മച്ചിയെച്ചുമന്ന് വീട്ടില്‍ക്കൊണ്ടുവന്നു.
വല്യമ്മച്ചി പറഞ്ഞു: ''എടാ ബേവിച്ചാ, ലിസിപ്പെണ്ണ് പോകുന്നതിനു മുന്നേ എനിക്കൊന്നു കുമ്പസാരിച്ച് കുറുബാന കൈക്കൊള്ളണം.''
''ആ അതിനെന്നാ ഞായറാഴ്ചയാട്ടേ, അന്ന് വിശുദ്ധകുര്‍ബാനയും അനുഭവിക്കാം. കിടപ്പുരോഗി അല്ലാത്തതുകൊണ്ട് നമ്മളു പള്ളിയില്‍ കൊണ്ടുപോകണം എന്നേയുള്ളൂ, കാറുപിടിച്ചു കൊണ്ടുപോകാം, അമ്മച്ചിയുടെ ആഗ്രഹമല്ലേ.''
''പിള്ളേര് എന്നാടാ പോകുന്നേ, ടിക്കറ്റൊക്കെ ശരിയായോ, ഇനി അവരു വരുന്നത് യാത്ര പറയാനാകുമല്ലേ.'' വല്യമ്മച്ചി തുടര്‍ന്നു: ''അവക്കെന്നോട് തീരാത്ത അമര്‍ഷമുണ്ട്, ഒന്നൂടെ അവളെയൊന്നു കാണണം.''
ലിസി അവളുടെ സര്‍ട്ടിഫിക്കറ്റുകളും അത്യാവശ്യരേഖകളുമെടുത്ത് യാത്ര പറയാന്‍ വീട്ടിലെത്തി.
വല്യമ്മച്ചി ചോദിച്ചു: ''മാനിന്നുതന്നേ തിരുവല്ലായ്ക്കു പോകണോ, നാളെ പോയാല്‍ പോരേ, എന്റെ കാലം തീരാറായി, ഇനി വരുമ്പം ഞാനില്ലെങ്കിലോ?''
''അങ്ങനെയൊന്നും വരില്ല, വല്യമ്മച്ചി ദീര്‍ഘായുസ്സായിട്ടിരിക്കും, നൂറു തികച്ചിട്ടേ പോകൂ.''
വല്യമ്മച്ചി ലിസിയെ മാറോടുചേര്‍ത്ത്, അവളുടെ കവിളിണയില്‍ മുത്തംനല്കി. അവള്‍ക്ക് വല്യമ്മച്ചിയില്‍നിന്ന് ആദ്യമായി ലഭിക്കുന്ന അനര്‍ഘസമ്മാനമാണത്.
''ന്റെ മാന്‍ വല്യമ്മച്ചിയോടു പിണങ്ങരുത്, ഒത്തിരി വേലയെടുപ്പിച്ചിട്ടുണ്ട്. അതൊന്നും വിരോധം കൊണ്ടല്ല, എന്തു പറഞ്ഞാലും നീയനുസരിക്കും, മറുത്തു പറയാതെ ചെയ്യും, അന്നേരം നനഞ്ഞിടം കുഴിക്ക്വാരുന്നു, പിന്നെ നീയോ നിന്റപ്പനോ ഒരിക്കലും പരാതി പറഞ്ഞുമില്ല.''
''എന്നെ ഒരുപാടു സ്‌നേഹിച്ച, ലിശിയമ്മേന്നു മാത്രം വിളിക്കുന്ന, പല്ലില്ലാത്ത, എന്റെയാ തലതൊട്ടമ്മയെ, വാകത്താനത്തെ വല്യമ്മച്ചിയെ ഞാന്‍ മിസ്സുചെയ്യുന്നു. ആ വല്യമ്മച്ചി അനുഗ്രഹിച്ചു നല്കിയ കുണുക്കുകള്‍കൊണ്ടു പണിത ഈ മോതിരം മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ഇതെന്നും എന്റെ നല്ല ഓര്‍മയാണ് പാവം വല്യമ്മച്ചിക്ക് ആകെയുണ്ടായിരുന്ന പൊന്നാണത്.''
ലിസി തുടര്‍ന്നു: ''വല്യമ്മച്ചി ഞാനുണ്ടായപ്പോള്‍, വേലക്കാരിയായ കല്യാണിച്ചോത്തിയെക്കൊണ്ടല്ലേ എനിക്ക് പൊന്നുംതേനും തൊടീച്ചുതന്നത്. തമ്പിച്ചാച്ചന്‍ തമാശയ്ക്കായിട്ടും ജാക്‌സനും മേഴ്‌സിയുമൊക്കെ പിണങ്ങുമ്പോളും എന്നെ 'കല്യാണിച്ചോത്തി' യെന്നു വിളിച്ചെത്രയധികം അപമാനിച്ചിട്ടുണ്ട്. ലിസിയുടെ കണ്ണുകളില്‍നിന്ന് നീര്‍മണികള്‍ ഒലിച്ചിറങ്ങി. വല്യമ്മച്ചിയുടെ നെഞ്ചിലത് വീണുപൊള്ളി. നെഞ്ചുതിരുമ്മിക്കൊണ്ട് വല്യമ്മച്ചി പറഞ്ഞു: ''അതൊക്കെ അന്നങ്ങനെ പറ്റിപ്പോയി, വല്യമ്മച്ചിയും അന്ന് ചെറുപ്പമല്ലാരുന്നോ? ചെറുപ്പത്തിന്റെ അഹമ്മതിയായിട്ട് എന്റെ മാന്‍ കരുതിയാ മതി.''
''എനിക്കു കാരണം അറിയാം. പേറ്റുനോവ് സഹിക്കാതെ നിലവിളിച്ചുകൊണ്ടിരുന്ന എന്റമ്മ പച്ചമരുന്നിടിച്ച് എണ്ണ കാച്ചിത്തരാഞ്ഞിട്ടല്ലേ. പിന്നെ വല്യമ്മച്ചി പൂച്ചനക്കിയ പാത്രത്തില്‍ എനിക്കു ചേമ്പുകറി വിളമ്പിത്തന്നത്, വല്യപ്പച്ചന്റെ വായിലെ ഈളാവെള്ളംവീണ എച്ചിലില്‍ പഴങ്കഞ്ഞിയിട്ട് എന്നെ കുടിപ്പിച്ചത്. ഇതൊക്കെ കഴിച്ചയുടനേ, മറിയക്കുട്ടിക്കൊച്ചമ്മ പറഞ്ഞ് ഛര്‍ദ്ദി നിര്‍ത്താന്‍ മരുന്നു കഴിക്കേണ്ടിവന്നു. എന്റെ നെഞ്ചിലെ മുറിവുകളാണിതെല്ലാം'' ലിസി വല്യമ്മച്ചിയുടെ മാറില്‍ തലചായ്ച്ച് വിങ്ങിക്കരഞ്ഞു.
''എനിക്കു വല്യമ്മച്ചിയോടൊരു പിണക്കോമില്ല. ഇനിയെന്നും വല്യമ്മച്ചി ഇവിടെ നിന്നാമതി.''
വല്യമ്മച്ചി ബേവിച്ചന്റെ വീട്ടില്‍ നില്ക്കാനുള്ള കാരണം കേട്ട് ലിസി ഞെട്ടിപ്പോയി. കിഴക്കേടത്തെയാ ഡ്രൈവറു സുകുമാരന്‍ മറിയക്കുട്ടിയുടെ മുറിയില്‍നിന്നിറങ്ങിപ്പോകുന്നത് വല്യമ്മച്ചി കണ്ടുവത്രേ.
എന്തിനാടീ അവന്‍ നെന്റെ മുറിയില്‍ കയറിയതെന്നു ചോദിച്ചപ്പം മറിയക്കുട്ടി വല്യമ്മച്ചിയുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞത്രേ: ''ന്റെ മക്കളറിഞ്ഞാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല, ആത്മഹത്യചെയ്യും.''
വല്യമ്മച്ചി ലിസിയുടെ കണ്ണീരൊപ്പിക്കൊണ്ടു പറഞ്ഞു: ''ഇതൊന്നും കേട്ട്‌ന്റെ മകളു വെഷമിക്കണ്ടാ, നീയനുഗ്രഹിക്കപ്പെടും, നന്നായിട്ടു വരും, നല്ലതേ വരൂ, നീ തന്ന കച്ചമുണ്ടും കവിണിയും ഉടുത്തോണ്ടാ ഞാന്‍ പള്ളീല്‍ കഴിഞ്ഞ ഞായറാഴ്ച പോയത്, കുമ്പസാരിച്ച് കുറുബാന കൈക്കൊണ്ടത്. ഞാനിനി മറ്റെങ്ങും പോണില്ല, ഇനിയെന്നും എന്റെ ബേവിച്ചെറുക്കന്റെ കൂടെയാ.''
''അതുമതി, വല്യമ്മച്ചി ഇനിയെങ്ങും പോകണ്ടാ, എന്നും ഇവിടെ നിന്നാമതി.''
''വല്യമ്മച്ചിയും പേരക്കിടാവുംകൂടെ കിന്നാരം ചൊല്ലി സമയംപോയി. ''വേഗം ഒരുങ്ങ്, ലിസിമോള്‍ പറഞ്ഞയിടങ്ങളിലൊക്കെ പോകണ്ടേ, എളുപ്പം പോയി വേഗംവരാം.'' അപ്പു പോകാനായി ധിറുതികൂട്ടി.
വല്യമ്മച്ചി അപ്പൂനോടു ചോദിച്ചു: ''മക്കക്ക് അവിടെ വേലക്കാരുണ്ടോ? സ്വന്തം വീടാണോ? അവിടുത്തെ വിശേഷം ഒക്കെ പറ.''
''അതാ വല്യമ്മച്ചീ അവിടത്തെ പ്രത്യേകത. വേലക്കാരുമില്ല, ആരും വേലക്കാരെ നിയമിക്കാറുമില്ല. അവനവന്റെ വീട്ടിലെ ജോലി ആണ്‍പെണ്‍ഭേദമില്ലാതെ എല്ലാരുമൊന്നിച്ചങ്ങു ചെയ്യും. പിന്നെ എല്ലാം മെഷീനല്ലേ ചെയ്യുന്നത്, പാത്രം കഴുകലും, തറ തൂത്തുതുടയ്ക്കലുംവരെ എല്ലാം. പ്രോഗ്രാം ചെയ്തുകൊടുത്താല്‍ മതി മെഷീന്‍ ചെയ്‌തോളും. എനിക്കവിടെ ഒരു നല്ല വീടുണ്ട്. ചെറിയൊരു അടുക്കളത്തോട്ടമുണ്ട്. രണ്ടു പ്ലോട്ടുകളുണ്ട്, രണ്ടു കാറുകളുമുണ്ട്. പിന്നെ നേരമ്പോക്കിനൊരു പട്ടിക്കുട്ടീം. ദൈവമനുഗ്രഹിച്ച്, വല്യമ്മച്ചിയുടെ കൊച്ചുമോള്‍ക്കവിടെ കഷ്‌പ്പെടേണ്ടിവരില്ല. അവിടെ ചെല്ലുന്ന ഓരോരുത്തര്‍ക്കും ഈ സൗകര്യങ്ങളൊക്കെ ഗവണ്‍മെന്റ് ലോണായിനല്കും. എന്റെ വീടിന്റെ ലോണ്‍ മുപ്പതു വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കണം. അതായത്, യൗവനകാലത്ത് അധ്വാനിക്കുന്നതെല്ലാം അവിടെ ലോണ്‍ അടച്ച് വാര്‍ധക്യത്തിലേക്കു സമ്പാദിച്ചെടുക്കുന്നു, വാര്‍ധക്യത്തില്‍ ആരുടെയും മുമ്പില്‍ കൈനീട്ടാതിരിക്കാന്‍. ബാക്കി ഞങ്ങളവിടെച്ചെന്നിട്ട് ഫോണില്‍ വിളിച്ചുപറയാം. ഇപ്പം പോട്ടേ.''
ലിസി വടക്കേടത്തെ വല്യമ്മയുടെ കൈയില്‍ ഒരു പ്ലാസ്റ്റിക് കവറേല്പിച്ചു. ഫോറിന്‍ മിഠായികളും സെറ്റുമുണ്ടും, ഒപ്പം പുകയിലയുടെ ഒരുകെട്ടും. ആ വല്യമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി അവര്‍ ലിസിയെ വാരിപ്പുണര്‍ന്നു.
അംബുജംചേച്ചി നല്കിയ ചായയും കുടിച്ച് അവര്‍ പാറേലമ്മയുടെ വീട്ടിലെത്തി. അപ്പുമോന്‍ നല്കിയ നോട്ടുകെട്ട് അമ്മയുടെ കൈയില്‍ നിര്‍ബന്ധിച്ചുപിടിപ്പിച്ചു. ഒപ്പം ഒരു ഫോറിന്‍ കമ്പിളിപ്പുതപ്പും കസവുകവിണിയും, ബിന്ദുമോള്‍ക്കായി കരുതിയ ചോക്കലേറ്റും.
ലിസി ആയമ്മയ്‌ക്കൊരു ചുടുചുംബനം നല്കിക്കൊണ്ടു പറഞ്ഞു:''അമ്മയെ ഞങ്ങളുമറക്കില്ല, എന്താവശ്യമുണ്ടെങ്കിലും ഞങ്ങളെ അറിയിക്കണം.''
''നിറഞ്ഞൊഴുകിയ കണ്ണുകളോടെ ആ സുന്ദരിയമ്മ പറഞ്ഞു: 'എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍' എന്ന തിരുവചനം മറക്കരുത്. നിങ്ങളതു മറക്കില്ലെന്നറിയാം. കര്‍ത്താവ് തരുന്നതിന്റെ വീതം ദരിദ്രര്‍ക്കു കൊടുക്കണം. എനിക്കിനിയൊന്നും വേണ്ടാ.''
ലിസിയെയും അപ്പുനെയും ചേര്‍ത്തുപിടിച്ച് അവര്‍ ആശ്ലേഷിച്ചിട്ടു പറഞ്ഞു: ''ഇപ്പം സമാധാനമായി, ചേരേണ്ടതു തമ്മിലാചേര്‍ന്നത്.''
അപ്പുവിനോടവള്‍ പറഞ്ഞു: അച്ച, ക്ഷമിക്കണം, ഇനി സന്ധ്യമോളുടെ വീട്ടിലൂടെ ഒന്നു കേറിയാ മതി.
''ങാഹാ ഇതാരായീവരുന്നേ, പുതുമണവാളനും മണവാട്ടീം.'' മറ്റക്കണ്ടത്തിലെ മുത്തശ്ശി പല്ലില്ലാത്ത മോണകള്‍ കാട്ടി ചിരിച്ചു. സന്ധ്യമോള്‍ ഓടിവന്നു കെട്ടിപ്പിടിച്ചെതിരേറ്റു. ഒരു പാക്കറ്റ് ചോക്കലേറ്റും മുത്തശ്ശിക്കു ചവയ്ക്കാന്‍ ഉണക്കനെല്ലിക്കയുടെ പാക്കറ്റുകളുമവള്‍ സ്‌നേഹത്തോടെ നല്കി.
കേശവപിള്ളസാറിന്റെ ഫോട്ടോ അപ്പൂനെ കാണിച്ചിട്ട് മുത്തശ്ശി പറഞ്ഞു; അച്ഛന്റെ ശിഷ്യയാണ് നിന്റെ ഭാര്യ. ഇവളു നല്ല കുട്ടിയാണ്. നല്ല മാതൃകകള്‍ പിന്തുടരുന്ന മിടുക്കിക്കുട്ടി.
'ഉവ്വോ' ഫോട്ടോയില്‍ നോക്കിക്കൊണ്ട് അപ്പു അത്ഭുതംകൂറി.
മോളിച്ചേച്ചി ചായ എടുത്തെങ്കിലും കുടിക്കാന്‍ നിന്നില്ല. സമയത്തിന്റെ പരിമിതി മനസ്സിലാക്കിയ മുത്തശ്ശി പറഞ്ഞു: 'എളുപ്പം വിട്ടോ നേരം വൈകിക്കണ്ടാ.'
യാത്രയയയ്ക്കാന്‍ എയര്‍പോര്‍ട്ടില്‍ പോകണമെന്ന് അപ്പനാഗ്രഹിച്ചതാണ്. പക്ഷേ, ആരും വരണ്ടാ എന്ന് അപ്പുമോന്‍ ശഠിച്ചു. തിരുവല്ലാവരെ വന്നു യാത്രയയയ്ക്കാന്‍പോലും ലിസി സമ്മതിച്ചില്ല. ഞങ്ങള്‍ക്കത് ടെന്‍ഷനാകും. വീട്ടില്‍ സ്വസ്ഥമായിരുന്ന് ഞങ്ങള്‍ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ മാത്രം മതിയെന്നവള്‍ പറഞ്ഞു.
അമ്മ കുറേ, ഏത്തയ്ക്കാഉപ്പേരിയും ചക്കവറുത്തതും, അച്ചാറുമൊക്കെ ഉണ്ടാക്കിയതാണ്. ഒന്നും കൊണ്ടുപോകാന്‍ പറ്റില്ലെന്ന് അപ്പു വളരെ വിഷമത്തോടെ പറഞ്ഞു മനസ്സിലാക്കി. ആകപ്പാടെ കൊണ്ടുപോകുന്നത് അപ്പൂന്റെ അമ്മച്ചിക്കു കഴിക്കാന്‍ കുറച്ചു റാഗിയും തവിടരിയും ചാമയരിയും അവിടെക്കിട്ടാത്ത കുറേ വസ്ത്രങ്ങളും മാത്രം. കൊണ്ടുപോകാനുള്ള പെട്ടിയൊക്കെ അവരിന്നലേ പൂട്ടി, സീലുചെയ്തു കഴിഞ്ഞു. ഇനി തുറക്കാന്‍ പറ്റില്ല.
ലിസിയുടെ പ്രിയപ്പെട്ട ബൈബിളും ഒപ്പം കൊണ്ടുപോയി.
ലിസിയും അപ്പുവും പോയിക്കഴിഞ്ഞ് വീട്ടിലാകെ ഒരു ശ്മശാനമൂകത. ആരും പരസ്പരം ഒന്നും ഉരിയാടുന്നില്ല. സുമ ലിസിയുടെ കട്ടിലില്‍ക്കയറിക്കിടന്നു. ഇനി ഈ മുറിയും കട്ടിലും എനിക്കു സ്വന്തം എന്നു പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കാനൊരു ശ്രമം നടത്തി.
അമ്മ വേദനയോടെ പറഞ്ഞു:
''ന്റെ കുഞ്ഞ്, എന്റമ്മ കൊടുത്ത സ്വര്‍ണ്ണോം അവളുടെ വേദപുസ്തകോം മാത്രമേ ഇവിടന്ന് എടുത്തിട്ടുള്ളൂ, അവളാണ് പെണ്ണ്, ന്റെമോള്‍ അനുഗ്രഹിക്കപ്പെടും, അവള്‍ക്കു നന്മയേ വരൂ.''
തിരുവല്ലായിലെത്തിയ ഉടനെ അപ്പു വിളിച്ചു: ''ഇച്ചാച്ചന്‍ യാത്ര ചെയ്ത് കഷ്ടപ്പെടാതിരിക്കാനാ വരണ്ടായെന്നു പറഞ്ഞത്. തന്നേമല്ല, അമ്മച്ചീം ഞങ്ങള്‍ക്കൊപ്പം വരുന്നതിനാല്‍ വീടുപൂട്ടി, കാര്യസ്ഥനെ താക്കോല്‍ ഏല്പിച്ചിറങ്ങണം. നിങ്ങള്‍ക്ക് അസൗകര്യം വരാതിരിക്കാനാ ഇങ്ങോട്ടു കൊണ്ടുപോരാഞ്ഞത്, അതും പറഞ്ഞ് ലിസിമോള്‍ കരയുകയാണ്.''
''സാരമില്ല മക്കളേ, ഞങ്ങള്‍ക്കതു മനസ്സിലായി. വീട്ടീന്നെറങ്ങറായോ?''
''ങാ ഇപ്പമിറങ്ങുവാ നാലര മണിക്കൂര്‍ മുന്നേ എത്തണം, ഫ്‌ളൈറ്റ് വെളുപ്പിനെയാ.''
''എടാ ബേവിയേ പിള്ളേരങ്ങമേരിക്കേ ചെല്ലാനെന്നാ സമയമെടുക്കും.''
''ആ എനിക്കറിയത്തില്ല, ഒരു ഇരുപതിരുപത്തിരണ്ടു മണിക്കൂറു കാണുവാരിക്കും.''
''ഇരുന്നിരുന്ന് അവരു മുഷിയും അല്ലേടാ, അവന്റെ അമ്മയ്ക്ക് പ്രത്യേകിച്ച് അസുഖം ഒന്നും വരാതിരുന്നാ മതി.''
വല്യമ്മച്ചിക്ക് ഒരു സമാധാനവുമില്ല. വല്യമ്മച്ചിയുടെ മക്കളും കൊച്ചുമക്കളില്‍ ഒട്ടനവധിപേരും അമേരിക്കയുള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലുണ്ട്. ധാരാളം പോക്കുവരവുകള്‍ക്കു സാക്ഷിയായിട്ടുമുണ്ട്, എങ്കിലും ലിസി പോയിക്കഴിഞ്ഞപ്പോള്‍ ആകെ ഒരങ്കലാപ്പ്.
അമ്മ പറഞ്ഞു: ''വാ പ്രാര്‍ഥിച്ചിട്ട് അത്താഴം കഴിച്ച് നേരത്തേ കെടന്നൊറങ്ങാം, എറച്ചീം മീനുമെല്ലാമൊണ്ടാക്കി, അതുങ്ങളൊട്ടു കഴിച്ചുമില്ല.''
മൂകമായ ഒരു പകലുകൂടി കഴിഞ്ഞു.
മോനു പറഞ്ഞു:
''വെളുപ്പിനെ നമുക്ക് നാലുമണിയാകുമ്പം അവരവിടെയെത്തും. ടെലിഫോണ്‍ വച്ചത് നന്നായി. വെളുപ്പിനെ അവരു വിളിക്കും.''
ഇച്ചാച്ചന് ഇപ്പോള്‍ ചുമയും വലിവും നന്നേ കുറഞ്ഞിട്ടുണ്ട്, ആരോഗ്യം ഒന്നു മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും വെളുപ്പിനെ മൂന്നുമണി കഴിഞ്ഞാല്‍ ഉറക്കമില്ല.
അഞ്ചുമണിക്കുശേഷം കാള്‍ വന്നു: ''ഇച്ചാച്ചാ, ഞാന്‍ അപ്പുവാണ്, ലിസീടെ കൈയില്‍ ഫോണ്‍ കൊടുക്കാം.''
''പ്രെയ്‌സ് ദ ലോര്‍ഡ്, ഇച്ചാച്ചാ ഞങ്ങള്‍ വീട്ടിലെത്തി. അച്ചാച്ചന്റെ കൂട്ടുകാരന്‍ എയര്‍പോര്‍ട്ടില്‍ വന്ന് ഞങ്ങളെക്കൂട്ടി. അവരുടെ ഫാമിലി, ആള്‍ക്കാരെ നിറുത്തി നമ്മുടെ വീടെല്ലാം ക്ലീന്‍ ചെയ്യിച്ച്, ഞങ്ങള്‍ക്കു കഴിക്കാന്‍ രണ്ടു ദിവസത്തെ ഫുഡും കൊണ്ടുവന്നുവച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ഭക്ഷണമൊന്നും ഉണ്ടാക്കണ്ടാ ഞങ്ങടെ കമ്മ്യൂണിറ്റിയിലുള്ള കുറേ കുടുംബങ്ങള്‍ ഞങ്ങളെ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.
ഞങ്ങള് കുളിയും പ്രാര്‍ഥനയും ഡിന്നറും കഴിച്ചു. ഇവിടെ രാത്രിയാകാമ്പോണൂ, ഒരു രക്ഷേമില്ലാത്ത തണുപ്പാണ്. പട്ടിക്കുട്ടിയെ നോക്കാനേല്പിച്ചിടത്തു പോകുവാ, അവളെ കൊണ്ടുവരട്ടേ, ഇല്ലേല്‍ രാത്രിവൈകും, ഇനി കിടന്നുറങ്ങിക്കോ, അമ്മയോടും വല്യമ്മച്ചിയോടും എല്ലാരോടും പറഞ്ഞേക്ക്.''
ഇച്ചാച്ചന്‍ ചോദിച്ചു:''മോളേ, യാത്ര സുഖമാരുന്നോ? അമ്മച്ചീടെ ആരോഗ്യസ്ഥിതി എങ്ങനെ?''
''ആര്‍ക്കുമൊരു കുഴപ്പോമില്ല. അമ്മച്ചി കാല്‍മുട്ടില്‍ ബാംതേച്ച് പതിയെ ചൂടുപിടിക്കുന്നുണ്ട്. നാട്ടീന്നു മരുന്നുകള്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ. അതുംകഴിച്ച് കാലുനീട്ടിക്കിടന്ന് വിശ്രമിക്കുമ്പം മാറും, പിന്നെ വിളിക്കാം, അന്നേരം, വിശദമായി എല്ലാമ്പറയാം'
ഏറെക്കാലത്തിനുശേഷം അപ്പന്‍ ശാന്തമായി ഉറങ്ങി.
വീട്ടില്‍ ഇതുവരെയില്ലാത്ത ഒരാഹ്ലാദം തിരതല്ലി. എല്ലാരും വളരെ വൈകിയാണ് ഉണര്‍ന്നെണീറ്റത്.
ലിസി അവിടെയെത്തിച്ചേര്‍ന്ന വിവരം വല്യമ്മച്ചിയ അറിയിക്കാന്‍ കട്ടനുമായിച്ചെന്ന സുമ ഉച്ചത്തില്‍ നിലവിളിച്ചു: ''വല്യമ്മച്ചീ... എണീറ്റേ.''
''ഇച്ചാച്ചാ ഓടിവാ ദേ വല്യമ്മച്ചി...''
ഡോക്ടറെ കൊണ്ടുവരാന്‍ സാജനോടി. ജാക്‌സനും മോനുവും കൂടെ അച്ചോയിയെയും ഈപ്പന്‍ചേട്ടനെയും വിളിച്ചു, തറവാട്ടിലും വിവരമറിയിച്ചു.
ഡോക്ടര്‍ വല്യമ്മച്ചിയുടെ കൂമ്പിയടഞ്ഞ കണ്ണുകള്‍ ഒന്നുകൂടി തിരുമ്മി ചേര്‍ത്തടച്ചുകൊണ്ട് മെല്ലെമൊഴിഞ്ഞു: ''ഉറക്കത്തില്‍ പോയി, സൈലന്റ് അറ്റാക്കാണ്.''
(അവസാനിച്ചു)