ആഘോഷത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബജീവിതത്തില്‍ ആഘോഷങ്ങള്‍ അനിവാര്യമാണ്. സുഖദുഃഖസമ്മിശ്രമാണല്ലോ മനുഷ്യജീവിതം. പലപ്പോഴും സങ്കടങ്ങളാണ് സംഖ്യയില്‍ കൂടുതല്‍. അവയെ ഒരു പരിധിവരെ മറക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനുമൊക്കെ ആഘോഷനിമിഷങ്ങളിലെ നുറുങ്ങുസന്തോഷങ്ങള്‍ നമ്മെ സഹായിക്കും. അങ്ങനെയുള്ള അവസരങ്ങളില്‍ പരസ്പരം പകുത്തുനല്കുന്ന മധുരത്തുണ്ടുകള്‍ കുടുംബത്തിലെ കുറവുകളുടെ കവര്‍പ്പ് കുറെയെങ്കിലും കുറയ്ക്കും. അതുകൊണ്ടുതന്നെ, ആഘോഷങ്ങള്‍ക്കുള്ള അവസരങ്ങള്‍ വേണ്ടെന്നു വയ്ക്കരുത്. കൂദാശകളുടെ ആചരണങ്ങള്‍ക്കു പുറമേ ജന്മദിനം, പരീക്ഷയിലുള്ള വിജയം, വിവാഹവാര്‍ഷികം, തിരുനാളുകള്‍ എന്നിവയൊക്കെ കുടുംബാംഗങ്ങള്‍ ഒരുമിച്ച് ആഘോഷിക്കണം. അപ്രകാരമുള്ള ഒത്തുചേരലുകള്‍ അവരുടെ ഒരുമയെ ഊട്ടിയുറപ്പിക്കും. ആഘോഷങ്ങളുടെ ആര്‍ഭാട
ത്തിനല്ല, ആത്മാവിനാണ് മൂല്യം കല്പിക്കേണ്ടത്. മിതത്വവും
ലാളിത്യവും ആയിരിക്കണം ആഘോഷങ്ങളുടെ ആത്മാവും ആഭരണവും. നമ്മുടെ ആഹ്ലാദപ്രകടനങ്ങളില്‍ സ്വര്‍ഗം സംപ്രീതമാകണം. അതുപോലെതന്നെ, അവധിക്കാലത്ത് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വിനോദയാത്രകളോ തീര്‍ഥാടനങ്ങളോ നടത്തുന്നതും വളരെ നന്നായിരിക്കും. കുടുംബത്തിനു ഒരുണര്‍വും ഉന്മേഷവുമൊക്കെ കൈവരാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ സഹായകമാകും. ക്രൈസ്തവജീവിതം കളങ്കമില്ലാത്ത ആഘോഷങ്ങളുടെ ജീവിതമാണ്. എങ്കിലും, ആഘോഷങ്ങള്‍ക്ക് അതിരുകള്‍ ഉറപ്പുവരുത്തണം. പരിധിവിട്ടതും മറ്റുള്ളവരുടെ സൈ്വരജീവിതത്തിനു തടസ്സമാകുന്നതുമായ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. കുടുംബാന്തസ്സിനും വിശ്വാസത്തിനും നിരക്കാത്തതായ യാതൊന്നും ആഘോഷങ്ങളുടെ ഭാഗമാകാന്‍ പാടില്ല. അമിതവും അച്ചടക്കമില്ലാത്തതുമായ ആഘോഷങ്ങളില്‍ സാത്താന്‍ അദൃശ്യനായ അതിഥിയായിരിക്കും. ക്രിസ്തുവില്ലാത്ത ആഘോഷങ്ങള്‍ ക്രൈസ്തവമല്ല. ദൈനംദിനം ദൈവം തരുന്ന അനുഗ്രഹങ്ങളുടെ അനുസ്മരണമാവണം ഓരോ ആഘോഷവും. വിശുദ്ധമായ ആഘോഷങ്ങള്‍ കൊണ്ടാടപ്പെടുന്ന അള്‍ത്താരകളായി മാറട്ടെ ക്രിസ്തീയകുടുംബങ്ങള്‍.