ഭാവിയെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ഭാവി എന്നത് ആര്‍ക്കും പൂര്‍ണമായും നിര്‍ണയിക്കാനോ നിയന്ത്രിക്കാനോ നിര്‍വചിക്കാനോ കഴിയാത്ത ഒന്നാണെങ്കിലും, ഒരു പരിധിവരെ അതിനെ കരുപ്പിടിപ്പിക്കാനുള്ള കരുതലുകള്‍ കൈക്കൊള്ളാന്‍ നമുക്കു സാധിക്കും, സാധിക്കണം.
കെട്ടുപൊട്ടിയ കുട്ടിപ്പട്ടം കണക്കെ എവിടെയെങ്കിലും എത്തി തലതല്ലിത്തകരേണ്ട ഒന്നല്ല കുടുംബം; മറിച്ച്, വ്യക്തമായ ലക്ഷ്യങ്ങളോടെ, കൃത്യമായ മാര്‍ഗങ്ങളിലൂടെ അനുദിനം മുന്നേറേണ്ട സനാതനമായ ഒരു സംവിധാനമാണ്. കുടുംബത്തിന്റെ ഭാവി ആവിയായിപ്പോകാന്‍ ഇടയാകരുത്. ഇന്നു കിളിര്‍ത്ത് നാളെ കൊഴിയുന്ന കൂണല്ല കുടുംബം. പിന്നെയോ, തലമുറകളോളം തഴച്ചുനില്‌ക്കേണ്ട കാതലുള്ള വൃക്ഷമാണ്. കുടുംബത്തിന്റെ ഭാവി ഓരോ കുടുംബാംഗത്തിന്റെയും ഭാവിയാണ്. അതുകൊണ്ടുതന്നെ, അതിനെ ശോഭനമോ ശോചനീയമോ ആക്കിത്തീര്‍ക്കുന്നതില്‍ ഓരോരുത്തര്‍ക്കും വ്യക്തിപരമായ പങ്കുണ്ട്. ഭാസുരമായ ഭാവി തങ്ങളുടെ ഭവനത്തിന് ഉറപ്പുവരുത്താന്‍ അംഗങ്ങള്‍ എല്ലാവരും ശ്രമിക്കണം. കുലീനമായ ലക്ഷ്യങ്ങളിലേക്കു നീണ്ടുകിടക്കുന്ന കൂട്ടുദ്യമത്തിന്റെ പാളങ്ങളിലൂടെ നീങ്ങുന്ന ഒരു തീവണ്ടിയായിരിക്കണം കുടുംബമോരോന്നും. ലക്ഷ്യങ്ങളെ എത്തിപ്പിടിക്കാനുള്ള തീവ്രമായ തീക്ഷ്ണതയുടെ തീക്കനലുകള്‍ അതിനുള്ളില്‍ കത്തിജ്ജ്വലിക്കണം. അങ്ങനെയുള്ള കുടുംബത്തിനേ മുന്നോട്ടുപോകാനുള്ള ഉള്‍ക്കരുത്തുണ്ടാകൂ. അല്ലാത്തവയൊക്കെ നില്ക്കുന്നിടത്തുനിന്നു നട്ടംതിരിയുകയേയുള്ളൂ. ഓര്‍ക്കണം, നാളെയെപ്പറ്റി ചിന്തയുള്ള കുടുംബങ്ങള്‍ക്കേ ഉറങ്ങിയുണരാന്‍ കാരണങ്ങളുണ്ടാകൂ.
ഭാവിചിന്തകള്‍ സ്വന്തമായുള്ള ഭവനങ്ങള്‍ക്കുമാത്രമേ ഒരു പൂച്ചെടിപോലെ വളര്‍ന്നു പുഷ്പിക്കാന്‍ കഴിയൂ. അല്ലാത്തവ കാലതാമസം കൂടാതെ വാടിവീഴും. വീട്ടില്‍ കല്ലും മരവും ലോഹവുംകൊണ്ടുള്ള ഒരു സ്റ്റെയര്‍കേയ്‌സ് ഇല്ലെങ്കിലും ഭാവിയെക്കുറിച്ചുള്ള 'സ്വപ്നങ്ങളുടെ സ്റ്റെയര്‍കേയ്‌സ്' ഇല്ലാതെ പോകരുത്. ചെറ്റക്കുടിലുള്ളവര്‍ക്കും നല്ലൊരു നാളയിലേക്കു ചവിട്ടിക്കയറാന്‍ അത് അച്ചിട്ടായും ഉപകാരപ്പെടും. ഇന്നലെയുടെ ഇരുളില്‍നിന്നു പാഠങ്ങള്‍ പഠിച്ച്, ഇന്നിന്റെ വെളിച്ചമുള്ള ബോധ്യങ്ങളെ മുറുകെപ്പിടിച്ച് നാളയുടെ പ്രഭാതത്തിലേക്കു മുഖംനോക്കി നില്ക്കട്ടെ ഓരോ ക്രൈസ്തവകുടുംബവും.