ചെലവിനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. അനാവശ്യമായി പണം പാഴാക്കുന്നതു തടയാന്‍ അതു വളരെ ഉപകരിക്കും. അധ്വാനിച്ചുണ്ടാക്കുന്ന ധനം തീര്‍ച്ചയായും ഉപയോഗിക്കാനുള്ളതാണ്. അല്ലാതെ, കുഴിച്ചുമൂടാനുള്ളതല്ല. പക്ഷേ, അതു വിനിയോഗിക്കുന്നതു വേണ്ടവിധത്തിലായിരിക്കണം. സമ്പത്ത് ഉപയോഗിക്കുന്ന കാര്യത്തില്‍ കൈവിട്ടുള്ള കളി കുടുംബത്തിനു ചേര്‍ന്നതല്ല. അമിതവും അര്‍മാദപൂര്‍ണവുമായ ചെലവുകള്‍ ഏതൊരു കുടുംബത്തിന്റെയും അസ്തിവാരമിളക്കും. സാമ്പത്തികഭദ്രതയെ സാരമായി ബാധിക്കും. കഷ്ടപ്പെട്ടു സ്വരുക്കൂട്ടുന്ന ഓരോ തുട്ടും കരുതലോടെ വേണം ചെലവാക്കാന്‍.
നാം വൃഥാ കളയുന്ന ഓരോ നാണയവും ഒന്നുമില്ലാത്ത ആരുടെയെങ്കിലുമൊക്കെ അവകാശമാണ്. മറ്റുള്ളവരെ കാണിക്കാനായി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ കഷ്ടതകളുടെ നേരത്ത് അവര്‍ കണ്ണടയ്ക്കുകയേയുള്ളൂ എന്നുകൂടി അറിഞ്ഞിരിക്കണം. കുടുംബത്തിലെ ന്യായമായ ആവശ്യങ്ങള്‍ നടക്കണം. അതേസമയം, അന്യായമായവയുടെ എണ്ണം പെരുകാതിരിക്കാന്‍ അംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.
ആദായമാര്‍ഗങ്ങള്‍ മറന്നുള്ള ആര്‍ഭാടവും ആഡംബരങ്ങളും ആപത്കരംതന്നെ. അനുദിനചെലവിന്റെ കാര്യത്തില്‍ മുന്‍ഗണനാക്രമത്തില്‍ ഓരോ മാസത്തെയും അടിസ്ഥാനാവശ്യങ്ങള്‍ എഴുതിവയ്ക്കുന്നത് പ്രയോജനപ്രദമായിരിക്കും. കാശിനു കണക്ക് കണിശമായും വേണം. വരവുചെലവുകണക്കുകള്‍ സൂക്ഷിക്കുന്നത് പിശുക്കത്തരമായി കരുതരുത്. ജാഗ്രതയുടെയും ഉത്തരവാദിത്വബോധത്തിന്റെയും പ്രകടനമായി കണ്ടാല്‍ മതി. ഓരോ കുടുംബത്തിനും സാമ്പത്തികമായ പരിമിതികളുണ്ട്. അവയ്ക്കുള്ളില്‍ നിന്നുകൊണ്ടുവേണം ഓരോ ദിവസവും മുന്നോട്ടു നീക്കാന്‍.
പണം വിനിയോഗിക്കുന്ന കാര്യത്തില്‍ അയല്‍വീടാകരുത് അളവുകോല്‍. സ്വന്തമായ മാനദണ്ഡങ്ങള്‍ ഓരോ കുടുംബത്തിനുമുണ്ടാകണം. അപ്പുറത്ത് അങ്ങനെയായതുകൊണ്ട് ഇപ്പുറത്ത് അങ്ങനെയാകണമെന്നില്ല. മറ്റുള്ളവര്‍ക്കുള്ളതെല്ലാം നമുക്കും വേണമെന്നു വാശിപിടിക്കുമ്പോള്‍ അവര്‍ നില്ക്കുന്നയിടത്താണോ നാം നില്ക്കുന്നത് എന്നു ചിന്തിക്കാന്‍ മറക്കരുത്. നമുക്കാവശ്യമുള്ളവമാത്രം നമുക്കു മതി എന്നതാണ് ചേര്‍ന്ന ചിന്താഗതി. സ്വയം ചെയ്യാവുന്ന ജോലികള്‍ കുടുംബാംഗങ്ങള്‍തന്നെ ചെയ്യണം. അവ മറ്റൊരാള്‍ക്കു കൂലികൊടുത്തു ചെയ്യിക്കേണ്ട ആവശ്യമില്ല. ചെലവുകാര്യങ്ങളില്‍ അംഗങ്ങളില്‍ ഒരാളുടെ അശ്രദ്ധയും ധൂര്‍ത്തും ധാരാളം മതി കുടുംബത്തെ ഞെരുക്കത്തിലാക്കാന്‍. ചുരുക്കത്തില്‍, ചെലവുകളില്‍ മിതത്വമുണ്ടായിരിക്കണം. ഓര്‍ക്കണം, വീട്ടുമുറ്റത്ത് പണം പൂക്കുന്ന മരമില്ലെങ്കില്‍ പാഴ്‌ചെലവുകള്‍ക്കു വിലങ്ങിടുന്നതാണു വിവേകം.