വരവിനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. വീട്ടിലെ വരുമാനവും അതു വരുന്ന വഴികളും എത്ര നിസ്സാരങ്ങളാണെങ്കിലും കുടുംബാംഗങ്ങള്‍ അറിഞ്ഞിരിക്കണം. അംഗങ്ങളുടെ വരുമാനം കുടുംബത്തിന്റെ പൊതുസ്വത്താണ്. അത് ആരില്‍നിന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. മാതാപിതാക്കളും മക്കളും ഒരുപോലെ ഇക്കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തണം. അപരിചിതരായ കുറേ ജോലിക്കാര്‍ വാടകയ്ക്കു താമസിക്കുന്ന സത്രമല്ല ക്രിസ്തീയകുടുംബം. പരസ്പരം പ്രതിബദ്ധതയുള്ള രക്തബന്ധങ്ങളുടെ കൂട്ടമാണ്. അവര്‍ക്കിടയില്‍ മൂടുപടങ്ങളുടെ ആവശ്യമല്ല. കുടുംബത്തിന്റെ സാമ്പത്തികമായ കാര്യങ്ങള്‍ അംഗങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്യണം.
കുടുംബത്തിന്റെ ധനപരമായ ഉന്നമനത്തിന് എല്ലാ അംഗങ്ങളുടെയും സംഭാവന അത്യാവശ്യമാണ്. അവിടെ പൂഴ്ത്തിവയ്ക്കലിനോ കാപട്യത്തിനോ സ്ഥാനമില്ല. ആരും പ്രത്യേകം ചോദിക്കാതെതന്നെ വരുമാനസംബന്ധമായ വസ്തുതകള്‍ അന്യോന്യം അറിയിക്കാന്‍ ഭവനാംഗങ്ങള്‍ക്കു കഴിയണം. അതിനുള്ള ആത്മാര്‍ഥതയും തുറവും ഓരോരുത്തര്‍ക്കും ഉണ്ടാകണം. പണപരമായ കാര്യങ്ങളില്‍ വ്യക്തതയും കൃത്യതയും കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത കുടുംബങ്ങളില്‍ ബന്ധങ്ങള്‍ക്കു കാര്യമായ ആഴവും ബലവുമൊന്നും കാണുകയില്ല. പൊതുവായ വരുമാനത്തെപ്പറ്റി അംഗങ്ങള്‍ക്കു നേരായ ധാരണയുണ്ടെങ്കില്‍മാത്രമേ അതിനനുസരിച്ചുള്ള ചെലവുകള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കൂ. കൂടാതെ, സാധാരണവരുമാനത്തില്‍ കുടുതലോ കുറവോ ഉണ്ടാകുമ്പോള്‍ അതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാനും അതുപകരിക്കും.
കുടുംബാംഗങ്ങള്‍ ഓരോരുത്തര്‍ക്കും ബാങ്ക് പാസ്ബുക്ക് ചിലപ്പോള്‍ ഒരാവശ്യമായിരിക്കാം. പക്ഷേ, അതോരോന്നും സൂക്ഷിക്കാന്‍ ഓരോ അലമാരയുടെ ആവശ്യമില്ല. മക്കള്‍ക്കുവേണ്ടി സമ്പാദിക്കുന്ന മാതാപിതാക്കളും മാതാപിതാക്കള്‍ വളര്‍ത്തി വലുതാക്കിയ മക്കളും തമ്മില്‍ വരുമാനസംബന്ധമായ കാര്യങ്ങളില്‍ ഒളിച്ചുകളിക്കുന്ന കുടുംബങ്ങളില്‍ ക്രൈസ്തവമായ പലതിനും ക്ഷാമമുണ്ടായിരിക്കും. വരുമാനത്തെപ്പറ്റിയുള്ള അജ്ഞത അപ്രതീക്ഷിതമായ അനര്‍ഥങ്ങള്‍ക്കു വഴിതെളിക്കാം. കുടുംബത്തിന്റെ സാമ്പത്തികനിലവാരത്തെക്കുറിച്ച് എല്ലാ അംഗങ്ങള്‍ക്കും ബോധ്യമുണ്ടായിരിക്കട്ടെ. അതിനെ ഉത്തരോത്തരം ഉയര്‍ത്താന്‍ എല്ലാവരും ഒത്തൊരുമിച്ചു പരിശ്രമിക്കട്ടെ. അപ്പോള്‍ സംജാതമാകുന്ന സംതൃപ്തിയും സന്തോഷവും പങ്കിട്ടനുഭവിക്കാന്‍ എല്ലാവര്‍ക്കും ഇടയാകും. ഓര്‍ക്കണം, ക്രൈസ്തവകുടുംബം ഒരു കാരണവശാലും ഒരു കുത്തുവിട്ട കണക്കുപുസ്തകമാകരുത്.