•  5 Dec 2024
  •  ദീപം 57
  •  നാളം 39
കുടുംബവിളക്ക്‌

വായന

വായനയെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ഈടുറ്റ പുസ്തകങ്ങളുടെ വായന കുടുംബാംഗങ്ങളുടെ ബൗദ്ധികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. എന്തെങ്കിലുമല്ല, തിരഞ്ഞെടുത്തവയാണു വായിക്കേണ്ടത്. ഉപകാരപ്രദവും ഉത്തമവുമായവയാണ് തിരഞ്ഞെടുക്കേണ്ടത്. പുസ്തകങ്ങള്‍ അറിവിന്റെ കലവറയാണ്. കാമ്പും കഴമ്പുമുള്ള കൃതികള്‍ ജ്ഞാനസമ്പാദനത്തിനും സ്വഭാവരൂപവത്കരണത്തിനും ഏറെ സഹായിക്കും. ഉത്തമസാഹിത്യസൃഷ്ടികള്‍ ഉറ്റസുഹൃത്തുക്കളാണ്. അവ നേരിന്റെ പാതയില്‍ നമ്മെ നടത്തും. 
വായിക്കാന്‍ മാറ്റിവയ്ക്കുന്ന സമയം ഒരു നഷ്ടമല്ല, നേട്ടംമാത്രമാണ്. വായന കുറയുമ്പോള്‍ വാസനയും കുറയും. സുവിശേഷങ്ങളില്‍ 'നിങ്ങള്‍ വായിച്ചിട്ടില്ലേ?' എന്ന ഈശോയുടെ ആവര്‍ത്തിച്ചുള്ള ചോദ്യം (മത്താ. 21:42; മര്‍ക്കോ. 12:26; ലൂക്കാ 6:3) വായനയുടെ പോരായ്മയിലേക്കുള്ള ഒരു വിരല്‍ച്ചൂണ്ടല്‍തന്നെയാണ്. ഒത്തിരി പുസ്തകങ്ങളൊന്നും വാങ്ങാന്‍ സാധിക്കില്ലെങ്കിലും, ഏതെങ്കിലും ഒരു കത്തോലിക്കാപ്രസിദ്ധീകരണമെങ്കിലും മുടങ്ങാതെ കുടുംബങ്ങളിലുണ്ടാകണം. അതിനു മുടക്കുന്ന തുക ഒരു ചെലവായല്ല, ഉപകാരപ്രദങ്ങളായ പല അറിവുകളുടെയും വരവായാണു കരുതേണ്ടത്. 
കൈയില്‍ കിട്ടുന്നതൊക്കെ കഴിക്കാന്‍ കൊള്ളില്ലാത്തതുപോലെ കണ്ണില്‍ കാണുന്നതൊക്കെ വായിക്കാനും കൊള്ളില്ല എന്നറിഞ്ഞിരിക്കണം. വളര്‍ത്തുന്നവയും വളയ്ക്കുന്നവയുമായ പുസ്തകങ്ങളുണ്ട്. സൂക്ഷ്മതയോടെ വേണം അവയെ കൈകാര്യം ചെയ്യാന്‍. സഭാവിരോധികളും താന്തോന്നികളുമായിട്ടുള്ളവര്‍ ദുരാഗ്രഹത്തോടും പ്രതികാരബുദ്ധിയോടുംകൂടെ പ്രസിദ്ധീകരിക്കുന്ന വിലകെട്ട വിഷപ്പുസ്തകങ്ങള്‍ക്കു സഭാസ്‌നേഹമുള്ള കുടുംബങ്ങളില്‍ ഒരു കാരണവശാലും സ്ഥാനമുണ്ടാകരുത്. നശീകരണം മാത്രമാണ് അവയുടെ ഉദ്ദേശ്യം. സമൂഹസമ്പര്‍ക്കമാധ്യമങ്ങളിലൂടെ വിരലുകള്‍ക്കു നിയന്ത്രണമില്ലാതെ ആരെങ്കിലുമൊക്കെ കുത്തിക്കുറിച്ചു വിടുന്ന ചവറുകളെ ചികഞ്ഞുമാറ്റി മൂല്യച്ചുവയുള്ളവയെ മാത്രം സ്വീകരിക്കാനുള്ള ചങ്കുറപ്പ് പുതുതലമുറ ആര്‍ജിക്കണം. വിജ്ഞാനപോഷകങ്ങളായ പുസ്തകങ്ങള്‍ കുടുംബങ്ങളുടെ കൂട്ടുകാരാകട്ടെ. വായിക്കാന്‍ ബുദ്ധിമുട്ടുള്ളവരും അറിയില്ലാത്തവരുമായ വയോധികര്‍പോലും ചായക്കടകളിലും വഴിയോരങ്ങളിലുമൊക്കെയിരുന്ന് മറ്റുള്ളവര്‍ വായിക്കുന്നത് ശ്രദ്ധയോടെ ശ്രവിക്കുന്നതു കണ്ടിട്ടുണ്ട്. അങ്ങനെയുള്ള അക്ഷരപ്രേമികള്‍ക്ക് പുസ്തകപ്പൂക്കളുടെ പ്രണാമം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)