വിജ്ഞാനത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. വിദ്യ വിലമതിക്കാനാവാത്ത ഒരു നിധിയാണ്. അത് കൈവശമുള്ളവര്‍ക്ക് അലയേണ്ടതായി വരില്ല. അറിവ് ആരെയും അഗതികളോ അനാഥരോ ആക്കില്ല. വിവരവും വിദ്യാഭ്യാസവുമൊക്കെ ഉള്ളവരെയാണ് ഇന്നത്തെ ലോകം ആദരിക്കുന്നതും ആശ്രയിക്കുന്നതും. അറിവില്ലാത്തവരെ ആരും അന്വേഷിച്ചെന്നു വരില്ല. ജ്ഞാനത്തിന്റെ മാഹാത്മ്യത്തെപ്പറ്റി വാതോരാതെ വര്‍ണിക്കുന്ന ''ജ്ഞാനം'' എന്ന പേരോടുകൂടിയ ഒരു പുസ്തകംതന്നെ വേദഗ്രന്ഥത്തിലുണ്ട്. കുടുംബങ്ങളില്‍ കണിശമായും വായിക്കപ്പെടേണ്ട ഒന്നാണത്. ദൈവാത്മാവിന്റെ വരദാനങ്ങളില്‍ ഒന്നാണ് ജ്ഞാനം. അറിവിന്റെ ഉറവിടമായ ദൈവത്തെ അറിയുക എന്നതാണ് സര്‍വപ്രധാനം. ദൈവം അറിവാണ്, അക്ഷരമാണ്. അതുകൊണ്ടുതന്നെ, വിശ്വാസസംബന്ധമായ വിജ്ഞാനത്തിനാണ് മുന്‍തൂക്കം. അതോടൊപ്പം, ഭൗതികവിഷയങ്ങളിലുള്ള പരിജ്ഞാനവും പ്രാവീണ്യവും അത്യന്താപേക്ഷിതമാണ്. വിശ്വാസം ഒരുവനെ സ്‌നേഹസമ്പന്നനും വിജ്ഞാനം സേവനതത്പരനുമാക്കി മാറ്റണം. വിശ്വാസത്തില്‍ പ്രബലവും വിജ്ഞാനത്തില്‍ പ്രബുദ്ധവുമായ തലമുറയുണ്ടാകണം.
വെറുതേ ജീവിക്കുമ്പോഴല്ല, അറിവുള്ളവരായി ജീവിക്കുമ്പോഴാണ് മനുഷ്യായുസ്സിന് അഴകും അര്‍ഥവുമുണ്ടാകുക. അറിവ് അക്ഷയഖനിയാണ്. അതിന്റെ പ്രസക്തിയും പ്രയോജനവും എവിടെച്ചെന്നാലുമുണ്ടാകും. വാര്‍ധക്യത്തിലും വിദ്യാര്‍ഥിയാകാന്‍ കഴിയണം. മക്കളെ പഠിപ്പിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കു രണ്ടുതരത്തിലുള്ള മനോഭാവങ്ങള്‍ കൈക്കൊള്ളാം. ആദ്യത്തേത്, 'ഞങ്ങള്‍ അധികമൊന്നും പഠിച്ചില്ല. എന്നിട്ടും ജീവിക്കുന്നില്ലേ? മക്കളും അങ്ങനെയൊക്കെ മതി' എന്നതാണ്. രണ്ടാമത്തേത്, 'ഞങ്ങള്‍ക്കോ കാര്യമായി പഠിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍ക്കെങ്കിലും ആ അവസ്ഥയുണ്ടാകരുത്' എന്നതാണ്. ഇവയില്‍ രണ്ടാമത്തേതിനേ മക്കളെ വിജ്ഞരാക്കാന്‍ സാധിക്കൂ. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനമേഖലകള്‍ തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കണം. ഒപ്പം, അവര്‍ക്കു പഠിക്കാനുള്ള സാഹചര്യവും ഭവനത്തില്‍ ഒരുക്കിക്കൊടുക്കണം? അറിവിനെ ആദരിച്ചാല്‍ അതു നമ്മെ ആദരണീയരാക്കും. ''നീ പഠിച്ചിട്ടിപ്പോള്‍ ആരാകാനാ?'' എന്ന് ആരും ആരോടും ചോദിക്കാതിരിക്കട്ടെ. ഓര്‍ക്കണം, വീടുകള്‍ വിദ്യാലങ്ങളാകണം. വിജ്ഞാനത്തിന്റെ വിത്തുകള്‍ അവിടെ മുളപൊട്ടി വളരണം. വേദപുസ്തകത്തിലെ വചനങ്ങളും വിദ്യാലയത്തിലെ നിര്‍വചനങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ ഒരുപോലെ ഉരുവിട്ടു പഠിക്കണം.