അറ്റമില്ലാതെ പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്. അതിനുമപ്പുറത്തൊരു പച്ചത്തുരുത്ത്. പുല്‍മേടുകളും മരങ്ങളും വീടുകളുമെല്ലാം ആ തുരുത്തിലുണ്ട്. അതാണു ഗ്രാമം.
കന്നുകാലികളും മനുഷ്യരുമെല്ലാം ഇടതിങ്ങിപ്പാര്‍ക്കുന്നു.
ഇന്നലത്തെ ഉറക്കച്ചടവില്‍നിന്നു ഗ്രാമം ഉണര്‍ന്നുവരുന്നതേയുള്ളൂ. രാത്രി അസഹനീയമായ തണുപ്പിന്റെ പുതപ്പൂരി നടന്നുപോയതേയുള്ളു.
അകലങ്ങളില്‍ എവിടെനിന്നെല്ലാമോ വെളിച്ചം വന്നുതുടങ്ങുന്നുണ്ട്.ഗോലാന്‍കുന്നുകള്‍ അവ്യക്തമായ മയക്കത്തില്‍നിന്ന് ഉണര്‍ന്നിട്ടില്ല.
ഇന്നലെ രാത്രിയിലെ വീഞ്ഞിന്റെ കെട്ടുവിട്ടുപോകാത്ത മുഖങ്ങള്‍.
വയസ്സന്മാര്‍ കിഴക്കുനിന്നുവരുന്ന വെളിച്ചത്തിനുനേരേ കുന്തിച്ചിരുന്നു സംസാരിച്ചുകൊണ്ടു കുളിരിനെ അകറ്റുവാന്‍ശ്രമിക്കുന്നു.
തലയിലും ഒക്കത്തും കുടങ്ങളുമായി യുവതികള്‍ ഉറുമ്പുകളെപ്പോലെ നിരനിരന്നു നടന്നുതുടങ്ങി; അങ്ങകലെയുള്ള കിണറുകള്‍തേടി ചറപറ ചിലച്ചുകൊണ്ട്.
കുട്ടികള്‍ അവരോടൊപ്പം ഓടിയും വീണും കളിച്ചും കരഞ്ഞും നടത്തത്തെ തടസ്സപ്പെടുത്തുന്നു. പക്ഷേ, അവരതു ശ്രദ്ധിക്കുന്നതുപോലുമില്ല. പിന്നാലേവന്ന് ചേലത്തുമ്പില്‍ പിടിത്തമിട്ട ഒരു കുഞ്ഞിനെ അമ്മ ദേഷ്യത്തോടെ തള്ളിയാട്ടുന്നു.
''പോടാ അസത്തേ...''
അമ്മയുടെ ശകാരത്തിന് ഒരുനിമിഷം ചെവികൊടുത്ത് അവന്‍ അല്പനേരം നിന്നു. പിന്നെ യാതൊന്നും സംഭവിക്കാത്തതുപോലെ മറ്റു കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു.
കാലിമേയ്ക്കുന്ന വടികളും കൈയിലെടുത്ത് മധ്യവയസ്‌കരും യുവാക്കളും യാത്രയ്ക്കുള്ള പുറപ്പാടിലാണ്. അവരുടെ തോള്‍ഭാണ്ഡങ്ങളില്‍ വിശപ്പും ദാഹവും അകറ്റാനുള്ള ആഹാരവും വെള്ളവുമാണെന്നു തോന്നുന്നു.
ആടുമാടുകള്‍ ഇടയന്മാരുടെ വായ്ത്താരിയെക്കാള്‍ കൂടുതല്‍ഉച്ചത്തില്‍ കരഞ്ഞുകൊണ്ടാണ് യാത്രതുടങ്ങുന്നത്.
ഒരു ഉല്ലാസസവാരിയുടെ ആരംഭത്തിന്റെ ഉത്സാഹമാണിത്. ഇനിയെത്ര ദൂരം ചെന്നിട്ടുവേണം പുല്‍മേടുകളില്‍ എത്തിച്ചേരാന്‍.
ശത്രുക്കളുടെയും കുറുക്കന്മാരുടെയും വരവറിഞ്ഞു മുന്നറിയിപ്പു നല്‍കാനായി വളര്‍ത്തുനായ്ക്കളുമുണ്ട് അവരോടൊപ്പം.
പ്രഭാതത്തിന്റെ ഇത്തരം ഗ്രാമക്കാഴ്ചകള്‍ക്കിടയിലേക്കാണ് നഗരത്തിന്റെ കൃത്രിമത്വത്തെ പിന്നിലാക്കി രാജ്ഞിയുടെ പ്രധാനഷണ്ഡനായ ഹഗായിയുടെ കുതിരവണ്ടി ഗ്രാമകവാടത്തില്‍ എത്തിയത്.
മുഖ്യസചിവന്റെ ഉത്തരവുണ്ട്.
രാജ്ഞി താമസസ്ഥലത്തുനിന്നു തിരിച്ചുപോന്നതിനുപിന്നാലെ മൊര്‍ദെക്കായിയും കൊട്ടാരത്തില്‍വന്നു.
അധികം വൈകാതെ ഹഗായിയെ വിളിപ്പിച്ചു.
അവന്‍ പ്രധാനസചിവനെ വണങ്ങി.
''അടിയന്‍.''
''എന്തോ തിടുക്കത്തിലാണല്ലോ നീ.''
ഹഗായിയുടെ കെട്ടുംമട്ടും ഭാവവും കണ്ടപ്പോള്‍ മൊര്‍ദെക്കായി ചോദിച്ചു.
''അതേ, മഹാരാജ്ഞിയുടെ കല്പനയുണ്ട്. വേഗംതന്നെ അന്വേഷിച്ചുപോവുകയാണു ഞാന്‍.''
ഹഗായ് വ്യക്തമാക്കി.
പ്രധാന സചിവന്‍ ഒന്നിരുത്തിമൂളി.
''രാജ്ഞി പറഞ്ഞ അതേകാര്യംതന്നെയാണ് ഞാനും നിന്നെ ഏല്പിക്കുന്നത്.''
ഷണ്ഡന്‍ തലകുനിച്ചു സമ്മതിച്ചു.
എത്രയും വേഗം പൊയ്‌ക്കോളാം.
''പക്ഷേ, എനിക്കൊരു നിര്‍ദേശമുണ്ട്.''
അവന്‍ കാതുകൂര്‍പ്പിച്ചു.
''ഏതെങ്കിലും ഒരു അമ്മയെ അന്വേഷിച്ചാല്‍പ്പോരാ.''
അവന്റെ സംശയം ബലപ്പെട്ടു. നെറ്റി ചുളിഞ്ഞു.
''ഷബാനിയുടെ ഭര്‍ത്താവ് ഏതു വംശത്തിലും പെട്ടവനാകട്ടെ. അവന്‍ മരിച്ചുപോയില്ലേ? അതുകൊണ്ട് ഷബാനിയെപ്പോലെ അവളുടെ കുഞ്ഞും യൂദയാവംശക്കാരനായി വളരണം.''
മറ്റൊന്നും പറയാതെ അവന്‍ ശ്രദ്ധയോടെ നിന്നു.
''നീമാത്രമേ ഈ നഗരത്തില്‍ അഷൂറിയെ കണ്ടിട്ടുള്ളൂ. അറിഞ്ഞിട്ടുള്ളൂ. ഇനി മേലിലാരും അക്കാര്യം അറിയുകയുമില്ല. അറിയരുത്.''
മൊര്‍ദെക്കായി കര്‍ശനമായി വിലക്കി.
''അതിനാല്‍ അവളുടെ കുഞ്ഞിനു മുലകൊടുക്കാന്‍ യഹൂദസ്ത്രീ മതി. മനസ്സിലായില്ലേ?''
പ്രധാന സചിവന്റെ ഗൗരവവും അധികാരവും മുഴങ്ങുന്നവാക്കുകള്‍.
ഗ്രാമകവാടത്തില്‍ നിറുത്തിയ കുതിരവണ്ടിയില്‍നിന്ന് ഹഗായ് പുറത്തിറങ്ങി. കുതിരക്കാരന്‍ വണ്ടിക്കകത്തുതന്നെ വിശ്രമിച്ചു. ഗ്രാമത്തിലെത്തിയപാടെ അവനെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. ചില വീടുകളില്‍നിന്ന് വയസ്സായ പെണ്ണുങ്ങള്‍ വന്നെത്തിനോക്കി.
തീകാഞ്ഞുകൊണ്ടിരുന്ന ഒരു വൃദ്ധന്‍ എഴുന്നേറ്റ് പതിയെ നടന്നുവന്നു ചോദിച്ചു:
''നീയാരാ?''
ഹഗായ് അയാളെനോക്കി ഹൃദ്യമായി ചിരിച്ചു.
പിന്നാലെ മറ്റു ചിലരും എത്തി.
യാത്രയ്ക്കുമുമ്പേ മഹാരാജ്ഞി ഏല്പിച്ചിരുന്ന സ്വര്‍ണനാണയങ്ങളില്‍നിന്ന് ഒരെണ്ണമെടുത്തു ഹഗായ് വൃദ്ധനു സമ്മാനമായി നല്കി.
''ദാ, ഇതു വെച്ചോളൂ''
അയാള്‍ അതു കയ്യിലിട്ട് തിരിച്ചുംമറിച്ചും നോക്കി.
കിഴക്കേവാനില്‍മാത്രമല്ല, ആ കറുത്തുക്ഷീണിച്ച മുഖത്തും സൂര്യനുദിക്കുന്നു.
ഡാരിക്... ഡാരിക്...
വൃദ്ധന്‍ അറിയാതെ തുള്ളിച്ചാടി. അയാള്‍ അവനെ കെട്ടിപ്പിടിച്ചു. കൂടുതല്‍ ആഹ്ലാദത്തോടെ ചോദിച്ചു:
''എന്താണ്, എന്താ മോനേ നിനക്കുവേണ്ടത്?''
ഗ്രാമീണന്റെ സ്വരം വേഗത്തില്‍ ആര്‍ദ്രമായി.
വൃദ്ധന്റെ സന്തോഷം കൂടെവന്നവരിലും പകര്‍ന്നു. അവര്‍ അയാളുടെ ചുറ്റിലും കൂടിനിന്നു. അവരുടെ മുഖത്തും കണ്ണുകളിലും ദാരിക്കിനോടുള്ള തിളക്കമാണ്.
''ഞാന്‍ കൊട്ടാരത്തില്‍ നിന്നാണ്. ഒരു കാര്യം ചോദിച്ചറിയാന്‍ വന്നതാണ്.''
കൊട്ടാരമെന്നു കേട്ടപ്പോള്‍ അവരുടെ ആവേശമൊക്കെ ഒട്ടൊന്നൊതുങ്ങിപ്പോയി. എങ്കിലും ചോദിച്ചു:
''എന്താണ് അറിയേണ്ടത്...?''
''കൊട്ടാരത്തിലേക്ക് കുഞ്ഞിനു മുലകൊടുക്കാന്‍ ഒരമ്മയെവേണം.''
അല്പം ഉച്ചത്തിലാണ് ഹഗായ് അതുപറഞ്ഞത്.
പെട്ടെന്ന് കുറച്ചപ്പുറത്തെ വീടിന്റെ വാതില്‍തുറന്ന് ഒരു തടിച്ചസ്ത്രീ ഇറങ്ങിവന്നു ചോദിച്ചു.
''ഞാന്‍ വരാം, മതിയോ?''
വൃദ്ധന്‍ തിരിഞ്ഞുനോക്കി. അയാള്‍ വായതുറന്നു ചിരിച്ചു.
''മിബ്‌സായല്ലേ, അവള് പറ്റും. കുഞ്ഞിനു വേണ്ടത്ര പാലുണ്ടാവും.''
ഹഗായ് അതു നിഷേധിച്ചു.
''പെട്ടെന്നങ്ങനെ നിശ്ചയിക്കാനാവില്ല. ഗോത്രമറിയണം.''
വൃദ്ധന്‍ പറഞ്ഞു:
''അതിനെന്താ മോനേ. ഞങ്ങള് ഹദാദിഗോത്രക്കാരാ.''
''യൂദയാഗോത്രത്തിലെസ്ത്രീകളാ വേണ്ടതെന്ന് രാജ്ഞിയുടെ കല്പനയുണ്ട്.''
അതു കേട്ടതോടെ വൃദ്ധന്റെ ഉത്സാഹംകെട്ടു. മുഖത്തു നിരാശ പരന്നു. കുടിലിനു മുന്നില്‍ നിന്നിരുന്ന സ്ത്രീ അകത്തേക്കു കയറിപ്പോയി.
''ഈ കാണുന്ന കുന്നുകടന്ന് അപ്പുറത്തെത്തിയാല്‍ യൂദയാഗോത്രക്കാരുണ്ട്.''
വൃദ്ധന്‍ വഴി കാണിച്ചു.
''കുറച്ചു ദൂരമുണ്ട്.''
''കുതിരവണ്ടിയില്‍ അങ്ങോട്ടു സവാരി പറ്റുമോ?''
ഗ്രാമത്തിന്റെ വാതിലില്‍ നിര്‍ത്തിയിട്ടിരുന്ന കുതിരവണ്ടി ചൂണ്ടിക്കാണിച്ചു ഹഗായ് ചോദിച്ചു.
''പറ്റും പറ്റും.''
വൃദ്ധന്റെ പല്ലില്ലാത്ത ചിരി മുഖമാകെ ചുളിവുപടര്‍ത്തി .
''ഉപകാരമായി.''
ഹഗായ് മടിശ്ശീലതുറന്ന് വൃദ്ധന് ഒരു നാണ്യംകൂടെ കൊടുത്തു. കൂട്ടത്തില്‍ ചുറ്റിലും വന്നുനിന്നിരുന്നവര്‍ക്കും ഓരോന്നു സമ്മാനിച്ചു.
എല്ലാവര്‍ക്കും പരമസന്തോഷം.
നിര്‍ദേശപ്രകാരം വണ്ടിക്കാരനെത്തി. ഹഗായ് അതില്‍ക്കയറി ഇരുന്നു.
ഗോത്രക്കാര്‍ അവരെ കൈവീശി യാത്രയാക്കി.
''വേഗമെത്തണം.''
വെയിലിനു ചൂടുകൂടിയാല്‍ മണല്‍ക്കാറ്റ് വീശും. കുതിരകള്‍ക്കു ബുദ്ധിമുട്ടാവും.
വണ്ടിക്കാരന്‍ കഴിയുന്നത്ര വേഗത്തില്‍ വണ്ടിയോടിച്ചു. അത്തി, ബദാം, ഗോഫര്‍ മരങ്ങള്‍, ഈന്തപ്പനകള്‍, കാലിമേക്കുന്നവരുടെ പാട്ടുകള്‍, വെള്ളവും തേടിപ്പോകുന്ന സ്ത്രീകളുടെ കലപിലകള്‍ - ഇതൊക്കെ വേഗത്തില്‍ പിന്നോട്ടു തള്ളിക്കൊണ്ട് വണ്ടിപാഞ്ഞു.
അധികം താമസിയാതെ അവര്‍ ആദ്യത്തെ വൃദ്ധന്‍ പറഞ്ഞിടത്തെത്തി.
ആ ഗ്രാമവാസികള്‍ വളരെ സംശയത്തോടെയാണ് അവരെ നോക്കിയത്. ഇടയ്ക്കിടെ അവിടെ മേദിയരുടെ ആക്രമണം ഉണ്ടാവാറുണ്ട്. ഏതെങ്കിലും ചാരനാവുമോ? പുതിയ വേഷത്തില്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിന് എത്തിയതാകുമോ? വണ്ടി ഗ്രാമകവാടത്തില്‍ കടന്നസമയം തന്നെ കാവല്‍നിന്നിരുന്നവന്‍ ഒരു പ്രത്യേകശബ്ദമുണ്ടാക്കി.
എവിടെനിന്നാണെന്നറിയില്ല, ആയുധധാരികളായ അഞ്ചെട്ട് അരോഗദൃഢഗാത്രര്‍ വണ്ടിവളഞ്ഞു. വണ്ടിക്കാരന്‍ ഭയന്നു. പേടിയുണ്ടെങ്കിലും ഹഗായ് ചാടിപ്പുറത്തിറങ്ങി. ശത്രുവല്ല മിത്രമാണെന്ന് ആംഗ്യം കാണിച്ചു പറയുകയും ചെയ്തു.
''ഞാന്‍ രാജകൊട്ടാരത്തില്‍ നിന്നാണ്. നിങ്ങളുടെ എസ്‌തേര്‍രാജ്ഞി പറഞ്ഞയച്ചിട്ടുവന്നതാണ്.''
ചുറ്റിലുംവന്നു വളഞ്ഞവര്‍ പെട്ടെന്ന് ശാന്തരായി.
ഒച്ചയുണ്ടാക്കിയ കാവല്‍ക്കാരനും ഓടിവന്നു.
എന്താണ്, എന്താണ് രാജ്ഞി കല്പിച്ചത്?
കൊട്ടാരത്തില്‍ രാജ്ഞിയുടെ സഹോദരിയുടെ കുഞ്ഞിനെ നോക്കാനും മുലകൊടുക്കാനും പറ്റിയ സ്ത്രീകളെ ആവശ്യമുണ്ടായിരുന്നു.
കാവല്‍ക്കാരന്‍ അവരെ ഗ്രാമത്തിനുള്ളിലേക്കു നയിച്ചു.
ഗോത്രമൂപ്പന്റെ വീടിനു മുന്നിലെത്തി. വൃദ്ധനാണെങ്കിലും അരോഗദൃഢഗാത്രനാണ്. അയാള്‍ ഇരിക്കാന്‍ ആംഗ്യംകാണിച്ചു. കുടിക്കാനായി തേന്‍മധുരമുള്ള തണുത്തവെള്ളം പകര്‍ന്നു. ആഗതര്‍ അവര്‍ക്കുമുന്നില്‍ ഇരുന്നു.
അവരതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗ്രാമവാസികള്‍ ചര്‍ച്ചയിലായിരുന്നു.
ആ ഗ്രാമത്തില്‍ ഇപ്പോള്‍ അകലെയല്ലാതെ നാലുസ്ത്രീകള്‍ പ്രസവിച്ചിട്ടുണ്ട്.
ഗ്രാമമുഖ്യന്‍ നാലുപേരെയും വിളിപ്പിച്ചു.
സുന്ദരികള്‍. ചുവന്നുതുടുത്തമുഖം. ഗോതമ്പിന്റെ നിറം.
വൈക്കോലുപോലെ ചെമ്പിച്ച് ഇടതൂര്‍ന്ന മുടി.
''ഇവിടെ ഈ നാലുപേരുണ്ട്. ആരെയാണ് നിങ്ങള്‍ കൊട്ടാരത്തിലേക്ക് കൊണ്ടുപോകുന്നത്?''
യുവതികളെ ശ്രദ്ധിക്കുകയായിരുന്ന ഹഗായി ഞെട്ടിയുണര്‍ന്നു.
''മുഖ്യനാണ് നിശ്ചയിക്കേണ്ടത്. ആരെങ്കിലും ഒരാള്‍മതി. ബാക്കി മൂന്നു പേരിലൊരാള്‍ കൊട്ടാരത്തിലേക്കുവരുന്ന അമ്മയുടെ കുട്ടിക്കു മുലകൊടുക്കണം.''
ഹഗായ് നിര്‍ദേശിച്ചു. ഗ്രാമമുഖ്യന്‍ എതിര്‍ത്തില്ല.
ആ അമ്മയുടെ ചെലവുകള്‍ക്കും കൊട്ടാരത്തില്‍നിന്നു പ്രതിഫലംകിട്ടും.
അതുകേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി.
ഗ്രാമമുഖ്യന്‍ തിരഞ്ഞെടുത്ത ഒരമ്മയും സഹായിയുമടക്കം രണ്ടുപേര്‍ കൊട്ടാരത്തിലേക്കു പോകാന്‍ തയ്യാറായി. മുഖ്യന്‍ എല്ലാവര്‍ക്കുംവേണ്ട നിര്‍ദേശങ്ങള്‍ നല്കി.
കൊട്ടാരത്തിലേക്കു വരുന്ന അമ്മയുടെ കുട്ടിയെ മുലകുടിപ്പിക്കാന്‍ സമ്മതിച്ച അമ്മയ്ക്കുള്ള താത്കാലികസഹായം സ്വര്‍ണനാണയങ്ങളായി ഗ്രാമമുഖ്യനു കൈമാറി.
ഗ്രാമംകടന്ന് പ്രധാനവഴിവരെ സായുധകാവലോടെ ഗ്രാമയുവാക്കള്‍ കുതിരവണ്ടിയെ അകമ്പടിസേവിച്ചു.
ഇടയ്ക്കിടെ അപ്രതീക്ഷിതമായി ശത്രുഗോത്രങ്ങളുടെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഗ്രാമത്തലവന്‍ കാവല്‍സേനയെ ഹഗായോടൊപ്പം വിട്ടതത്രേ.
(തുടരും)