•  21 Nov 2024
  •  ദീപം 57
  •  നാളം 37
കുടുംബവിളക്ക്‌

അന്നം

ന്നത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ഭക്ഷണം ശരീരത്തിന്റെ രക്ഷണമാണ്. ആഹാരം ആകാശത്തുനിന്നു വീഴുന്ന ഒന്നല്ല. വിയര്‍പ്പിന്റെ വിലയാണത്. കുടുംബത്തിലെ ആരുടെയെങ്കിലുമൊക്കെ കഠിനാധ്വാനത്തിന്റെ ഫലമാണത്. ആകയാല്‍, ആഹാരത്തെയും അത് അനുവദിച്ച ദൈവത്തെയും ആദരിക്കണം. ഭക്ഷണത്തിനുമുമ്പും പിമ്പും അന്നദാതാവായ ദൈവത്തെ അനുസ്മരിച്ച് അല്പസമയം പ്രാര്‍ഥിക്കുന്നത് അത്യുത്തമമാണ്. 
ആഹാരവും ആരോഗ്യവും  അഭേദ്യമായി ബന്ധപ്പെട്ടവയാണ്. ആഹാരം ആരോഗ്യത്തിന് ആവശ്യമാണ്. ആരോഗ്യമുണ്ടെങ്കിലേ ആഹാരം സമ്പാദിക്കാന്‍ സാധിക്കുകയുള്ളൂ. ഭക്ഷണം പാഴാക്കല്‍ പട്ടിണിപ്പാവങ്ങളോടു കാട്ടുന്ന ഏറ്റവും വലിയ അനീതിയാണ്. ഒരു തരിപോലും താഴെപ്പോകാതെ സൂക്ഷിക്കണം. അതുപോലുമില്ലാത്ത ഒട്ടിയ വയറുകള്‍ വീടിനു വെളിയിലുണ്ടെന്ന ഓര്‍മ വേണം. കുടുംബാംഗങ്ങള്‍ കഴിവതും എല്ലാവരും ദിവസം ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷിക്കേണ്ടത് ആവശ്യമാണ്. അത് അവരുടെ ഒരുമയുടെ വലിയ അടയാളമാണ്. കുടുംബം ഒരു കൂട്ടായ്മയാണ്. ഓരോരുത്തരും സൗകര്യമുള്ളപ്പോള്‍ വന്നു കഴിച്ചുപോകുന്ന തട്ടുകടയോ ഹോട്ടലോ അല്ല ക്രിസ്തീയകുടുംബം. ടെലിവിഷന്റെ റിമോട്ട് കണ്‍ട്രോളും മൊബൈല്‍ ഫോണുമൊക്കെ ഭക്ഷണവേളയില്‍ മാറ്റിവയ്ക്കുക. 
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരു വന്നാലും എഴുന്നേറ്റ് ബഹുമാനിക്കുകയോ അഭിവാദനം ചെയ്യുകയോ വേണ്ടാ. അവരെക്കാളൊക്കെ ആദരണീയമായത് നമ്മുടെ ജീവന്‍ നിലനിര്‍ത്തുന്ന ഭോജനമാണ്. അതുപോലെതന്നെ, ഭോജനസമയത്ത് മറ്റാവശ്യങ്ങള്‍ക്കായി എഴുന്നേറ്റുപോകാതിരിക്കുക. അന്നത്തെ അനാഥമാക്കരുത്. വിളമ്പിവയ്ക്കപ്പെടുന്നവയെപ്പറ്റിയുള്ള പരാതികള്‍ കഴിവതും ഒഴിവാക്കുക. ഇഷ്ടപ്പെടാത്തതു വലിച്ചെറിയുക, പാതിയാക്കിയിട്ടു പോകുക, വാശിപിടിച്ചു പട്ടിണി കിടക്കുക എന്നിവയൊക്കെ ഉപേക്ഷിക്കേണ്ട ദുശ്ശീലങ്ങള്‍തന്നെയാണ്. ആവശ്യത്തിനുമാത്രം കഴിക്കുക. അമിതാഹാരവും ആര്‍ത്തിയും ഒഴിവാക്കണം. അവ രണ്ടും ആരോഗ്യത്തിനു ഉപകരിക്കില്ല. അതുപോലെ, ആഹാരകാര്യത്തിലുള്ള അമിതച്ചെലവും ആര്‍ഭാടവും അപരാധങ്ങള്‍തന്നെയാണ്. കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങള്‍ വെടിപ്പായി സൂക്ഷിക്കണം. അധ്വാനവിലയായ അന്നം പാകപ്പെടുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന പവിത്രമായ ഇടമാണ് അടുക്കള. അവിടം അടുക്കും വൃത്തിയുമുള്ളതാക്കി സൂക്ഷിക്കണം.

''അന്നന്നു വേണ്ടുന്ന ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ.'' (ലൂക്കാ 11:3)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)