•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രണയ പാഠാവലി

നഷ്ടപ്രണയത്തിന്റെ നടവഴികള്‍

                 
ഞ്ചു കൂട്ടുകളും സമന്വയിച്ച പ്രണയം സ്ത്രീക്കും പുരുഷനും ഒരേപോലെ അവകാശപ്പെട്ടതാണ്. ആര്‍ക്കായാലും അതു നിഷേധിക്കപ്പെടുക കടുത്ത അനീതിയാകുന്നു. എന്നാല്‍, ഈ അവകാശബോധം ഇരുകൂട്ടരിലും വ്യത്യസ്തമാനങ്ങളിലായിരിക്കും വ്യാപരിക്കുക.
പുരുഷന്റെ പ്രണയത്തില്‍ 'അഹ'ത്തിന്റെ കലര്‍പ്പ് കടന്നു വരാം. അതുകൊണ്ട് പ്രണയിക്കണമെന്നുണെ്ടങ്കിലും അഭ്യര്‍ത്ഥിച്ച് കരസ്ഥമാക്കാനുള്ള സൗമനസ്യം അയാള്‍ പലപ്പോഴും കാണിക്കാറില്ല. നല്‍കുന്ന കാര്യത്തിലുമുണ്ട് പ്രതിസന്ധി. അംഗീകരിക്കുക, സമീപത്തായിരിക്കുക - ഇതൊക്കെ അഹത്തെ ഭയപ്പാടില്‍ കൊണെ്ടത്തിക്കാം. ചെറുതായിപ്പോയേക്കുമോ എന്ന ആശങ്ക! അതിനാല്‍ പ്രണയാവകാശം കൊട്ടിഘോഷിക്കപ്പെടേണ്ട ഒന്നായി അവന്‍ അധികമൊന്നും ഭാവിച്ചുകാണുന്നില്ല.
അവള്‍ക്കു പ്രണയം മൗലികാവകാശമാണ്. അക്കാര്യത്തില്‍ വിട്ടുവീഴ്ചകളൊന്നുമില്ല. ഒളിച്ചുവയ്‌ക്കേണ്ട ഒന്നായി അവള്‍ അതിനെ കാണുന്നുമില്ല. പങ്കാളിയില്‍നിന്നുള്ള പ്രണയത്തിന് കുറവനുഭവപ്പെടുന്ന പക്ഷം, അവള്‍ അസ്വസ്ഥയായിത്തുടങ്ങുന്നു. അതവളെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. പ്രണയം നിഷേധിക്കുന്നവന്‍, മനുഷ്യാവകാശലംഘനംതന്നെയല്ലേ നടത്തുന്നത്? കാരണം, പ്രണയത്തിന്റെ കാര്യത്തില്‍ അവള്‍ക്ക് ഒത്തുതീര്‍പ്പുകള്‍ സാധിക്കില്ല. ശാരീരികമാനസികതലങ്ങളില്‍ മാത്രമല്ല, സാമൂഹികമമണ്ഡലത്തില്‍പ്പോലും, പ്രണയം അവളുടെ വ്യക്തിത്വത്തിനു നാരായവേരുകള്‍ തീര്‍ക്കുന്നു.
ഒരുദിവസം മുഴുവന്‍ പിണങ്ങി മിണ്ടാതിരിക്കുന്ന ഭര്‍ത്താവ് അവളെ ശിക്ഷിക്കുകയല്ല; ഇല്ലായ്മ ചെയ്യുകയാണ്! പ്രണയത്തിന്റെ നഷ്ടബോധം ഒരു കാലത്തും അവളെ വിട്ടൊഴിയില്ല. അതുണ്ടാക്കുന്ന ആഘാതം, പുരുഷനെക്കാളും അവള്‍ക്ക് അനുഭവവേദ്യമാകാറുണ്ട്.
കയ്പുനിറഞ്ഞ ജീവിതാനുഭവങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കിയാല്‍, സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നാം നിരയില്‍ കാണുക 'പ്രണയനഷ്ടബോധ'മാകാന്‍ വഴിയുണ്ട്. പുരുഷന്റെ പ്രണയബോധം ഒരു അഡ്ജസ്റ്റ്‌മെന്റിനൊക്കെ വഴങ്ങിയെന്നിരിക്കും. പല കപടസാഹസങ്ങളും അവന്‍ കാണിക്കും. ജല്പനങ്ങള്‍ കുടം തുറന്നു വിടാം.
''നീ നിന്റെ പണിനോക്കടീ...''
സമ്പൂര്‍ണ്ണനിരാകരണത്തിന് ഒരു മനസ്സാക്ഷിക്കുത്തുമില്ലെന്നാണല്ലോ ഇത്തരം ആക്രോശങ്ങള്‍ നല്കുന്ന സൂചന. ദാമ്പത്യം അയാളുടെ പ്രാതിനിധ്യപട്ടികയില്‍ ഇല്ലാതിരുന്നിട്ടൊന്നുമല്ല. പക്ഷേ, അഹം പണയപ്പെടുത്തി ഒരു പ്രണയം. അതു വേണോ?
നഷ്ടബോധം കടന്നു കയറാത്തവിധം ശൂന്യതകള്‍ കുത്തിനിറയ്ക്കുവാന്‍ അവനു പലതുമുണ്ട്. തൊഴില്‍, സംഘടനാപ്രവര്‍ത്തനം, സൗഹൃദങ്ങള്‍, വിനോദങ്ങള്‍, ലഹരി, എന്തിന് ഏതു പാതിരായ്ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം - ഒക്കെ.
ജീവിതം പാഴായിപ്പോയി എന്നറിയുന്ന സ്ത്രീ, മൂന്നിടത്തു ചേക്കേറാം. ഒന്ന് വിഷാദലോകത്തില്‍. അവിടെ പ്രതീക്ഷകളില്ല. നിരാശയുടെ പുകവളയങ്ങള്‍ മാത്രം.
വിട്ടുവീഴ്ചകളോടും സഹിഷ്ണുതയോടും ബൈ പറഞ്ഞ്, ജീവിതം ഒരു നിമിഷംപോലും വേസ്റ്റാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ജാഗ്രതയും പോരാട്ടവീര്യവും അവരെ നയിക്കുന്നു. ക്ഷമിച്ചാലും മറക്കാത്ത മനഃസ്ഥിതി അവര്‍ നേടുന്നു. വിവാഹമോചനങ്ങള്‍ ഈ കാറ്റഗറിയില്‍ നിത്യേനയെന്നോണം സംഭവിക്കുന്നു.
ഇനിയുള്ളവര്‍ എല്ലാം സഹിക്കുന്നു.... ആരെയൊക്കെയോ പ്രതി... എന്തിനെയൊക്കെയോ പ്രതി....
എത്ര വലുതുമായിക്കൊള്ളട്ടെ ഭിന്നതകള്‍ ദാമ്പത്യത്തിന്റെ ചുറ്റുമതിലുകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടണം; വിചാരണ ചെയ്യപ്പെടണം. കാരുണ്യമായിരിക്കണം വിധിയാളന്‍. അതൊരിക്കലും പ്രണയത്തിന്റെ ഗോപുരവാതില്‍ കടന്ന് പുറംലോകത്തെത്താതിരിക്കട്ടെ.

 

Login log record inserted successfully!