നമ്മുടെ നീതിപാലനസംവിധാനത്തെയും അഴിമതിവിരുദ്ധനിലപാടിനെയും പരിഹസിക്കുന്ന ഒരു വാര്‍ത്തയാണ് സെപ്റ്റംബര്‍ 19 ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് കേരളത്തിനു ലഭിച്ചത്. കേരളസര്‍വകലാശാലയിലെ കുപ്രസിദ്ധമായ അസിസ്റ്റന്റ് നിയമനത്തട്ടിപ്പുകേസ് എഴുതിത്തള്ളുകയാണത്രേ. കേസു മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടത്ര തെളിവില്ലെന്നാണ് അവര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2004 ലാണ്. സര്‍വകലാശാലയിലെ 350 അസിസ്റ്റന്റ് ഗ്രേഡ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളുടെ റാങ്കുനിര്‍ണ്ണയവും നിയമനവും എന്നാണറിയിച്ചിരുന്നത്.
45583 പേര്‍ പരീക്ഷയെഴുതി. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്തത് ആന്ധ്രാപ്രദേശിലെ ഒരു ഏജന്‍സിയായിരുന്നു. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രാഥമികലിസ്റ്റ് തയ്യാറായി. ഇന്റര്‍വ്യൂ നടക്കുന്നതിനുമുമ്പ് സംസ്ഥാനത്തു ഭരണമാറ്റമുണ്ടായി. യു.ഡി.എഫിന്റെ സിന്‍ഡിക്കേറ്റു മാറി ഇടതുപക്ഷസിന്‍ഡിക്കേറ്റു വന്നു. സര്‍വകലാശാലാ നിയമം അനുസരിച്ച് എല്ലാ നിയമനങ്ങളുടെയും അധികാരം സിന്‍ഡിക്കേറ്റില്‍ നിക്ഷിപ്തമാണ്.
തുടര്‍ന്നു നടന്ന അഭിമുഖപരീക്ഷയില്‍ നേരത്തേ തയ്യാറാക്കി വച്ചിരുന്ന റാങ്കുലിസ്റ്റ് അടിമുടി അട്ടിമറിക്കപ്പെട്ടു. ആകെ മാര്‍ക്ക് 100 ല്‍നിന്ന് 75 ആയി കുറയ്ക്കുകയും ഇന്റര്‍വ്യൂ മാര്‍ക്ക് 20 ല്‍ നിന്ന് 25 ആയി ഉയര്‍ത്തുകയും ചെയ്തു. അന്തിമലിസ്റ്റില്‍ ആദ്യ റാങ്കുകളില്‍ കയറിപ്പറ്റിയവരില്‍ ഭൂരിപക്ഷവും ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗാര്‍ത്ഥികള്‍. സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുടെയും പാര്‍ട്ടിനേതാക്കളുടെയും യൂണിയന്‍ നേതാക്കളുടെയും സ്വന്തക്കാരും ബന്ധുക്കളുമായിരുന്നത്രേ അവരിലധികവും. പരീക്ഷ എഴുതാത്തവരും ലിസ്റ്റില്‍ ഇടംനേടി!
ആദ്യഘട്ടമായി 175 പേര്‍ക്കു നിയമനം നല്കി. അതോടെ പരാതികളായി, പ്രതിഷേധങ്ങളായി, കോടതിക്കേസുകളായി. പിന്നെ നടന്നതു തെളിവു നശിപ്പിക്കുന്ന നാടകമാണ്. പരീക്ഷാകേന്ദ്രങ്ങളിലെ ഹാജര്‍ ലിസ്റ്റ് കാണാതായി. നാല്പത്തയ്യായിരത്തിലധികം വരുന്ന ഉത്തരക്കടലാസുകള്‍ ഒന്നൊഴിയാതെ അപ്രത്യക്ഷമായി! പരീക്ഷാവിവരങ്ങളും നിയമനവിവരങ്ങളും സൂക്ഷിച്ചിരുന്ന വൈസ്ചാന്‍സലറുടെ കമ്പ്യൂട്ടര്‍ മോഷണം പോയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി! യുഡിഎഫ് നിയമിച്ച വൈസ് ചാന്‍സലറും പ്രോവൈസ് ചാന്‍സലറും അധികാരത്തിലിരിക്കുമ്പോഴായിരുന്നു ഈ നാടകങ്ങള്‍.
കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് 2014 നവംബറില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ വൈസ് ചാന്‍സലര്‍, മുന്‍ പ്രൊവൈസ്ചാന്‍സലര്‍, നാലു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ എന്നിവര്‍ പ്രതികള്‍. ഗൂഢാലോചന, വഞ്ചന, അഴിമതി, സ്വജനപക്ഷപാതം, വ്യാജരേഖാനിര്‍മ്മാണം, വിശ്വാസവഞ്ചന, തെളിവു നശിപ്പിക്കല്‍, റിക്കാര്‍ഡുകളില്‍ തിരിമറി തുടങ്ങിയവയായിരുന്നു കുറ്റങ്ങള്‍.
പല മുഖങ്ങളിലായിരുന്നു കേസുകളുടെ അന്വേഷണവും വിധികളും. വിജിലന്‍സിനോടൊപ്പം തന്നെ ലോകായുക്തയിലും പരാതി പോയി. എല്ലാവരെയും പിരിച്ചുവിടാനും ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും സിന്‍ഡിക്കേറ്റംഗങ്ങളെയും പ്രോസക്യൂട്ടു ചെയ്യാനും രണ്ടുതവണ ലോകായുക്തയുടെ വിധിയുണ്ടായി. അതിനെതിരേ ഹൈക്കോടതിയില്‍നിന്നു സ്റ്റേ വാങ്ങി പ്രതികള്‍ തത്കാലം ആശ്വസിച്ചു.
2016 ല്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ടായി. നിയമനം ലഭിച്ചവരെ മുഴുവന്‍ പ്രതികളാക്കാനും നിയമിക്കപ്പെട്ടവരുടെ ശമ്പളക്കുടിശ്ശിക, പ്രമോഷന്‍ തുടങ്ങിയവ തടഞ്ഞു വയ്ക്കാനും കേസ് വീണ്ടും അന്വേഷിക്കാനുമായിരുന്നു ഉത്തരവ്.
ഈ വിധിക്കെതിരേ അപ്പീലുണ്ടാവുക സ്വാഭാവികം. തൊട്ടടുത്തവര്‍ഷം ഹൈക്കോടതിയില്‍നിന്നുണ്ടായ വിധി നേരേ വിപരീതമായിരുന്നു. നിയമനങ്ങള്‍ അംഗീകരിച്ചു ശമ്പളവും പ്രമോഷനും കൊടുക്കാനായിരുന്നു പുതിയ ഉത്തരവ്. നിയമനത്തില്‍ അപാകതയില്ല, നടപടി ക്രമങ്ങളില്‍ മാത്രമേ വീഴ്ചയുള്ളൂ എന്നും ലോകായുക്തയുടെ വിധികളില്‍ അപാകതയുണ്ട് എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.
തുടര്‍ന്ന് വിജിലന്‍സ് കോടതി കുറ്റപത്രം റദ്ദു ചെയ്യുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 18 മാസത്തെ അന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രമാണു റദ്ദു ചെയ്യപ്പെട്ടത്. തുടര്‍ന്നു നടന്ന പുനരന്വേഷണമാണ് തെളിവുകള്‍ കണെ്ടത്താനാവാതെ കേസ് എഴുതിത്തള്ളുകയാണെന്ന പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം! 2014 ല്‍ കണെ്ടത്തിയ കുറ്റകൃത്യങ്ങളൊക്കെ ആറുവര്‍ഷംകൊണ്ട് സത്കൃത്യങ്ങളായി മാറി എന്നാണോ കരുതേണ്ടത്?
പ്രൈമറിസ്‌കൂള്‍ പഠനകാലത്തു പഠിച്ച ഒരു ഗുണപാഠകഥ ഓര്‍മ്മയിലുണ്ട്. കഥയുടെ ശീര്‍ഷകം 'കുഞ്ഞിരാമന്റെ പൊടിക്കൈ'. കൊള്ളപ്പലിശയ്ക്കു പണം വായ്പ നല്കി പാവങ്ങളെ ചൂഷണം ചെയ്യുന്ന ഒരു പണവ്യാപാരിയെ പരിഹസിക്കുന്നതാണു കഥ. കുഞ്ഞിരാമന്‍ ഒരിക്കല്‍ അയാളുടെ കൈയില്‍നിന്ന് ഒരു ഉരുളി വായ്പയായി വാങ്ങി. തിരികെക്കൊടുത്തപ്പോള്‍ രണ്ട് ഉരുളിയുണ്ടായിരുന്നു. കാരണം ചോദിച്ച വ്യാപാരിയോട് കുഞ്ഞിരാമന്റെ മറുപടി കടംവാങ്ങിയ ഉരുളി പ്രസവിച്ചുണ്ടായതാണു രണ്ടാമത്തെ ഉരുളി എന്നായിരുന്നു! വ്യാപാരിക്കു സന്തോഷമായി. അയാള്‍ ഉരുളി രണ്ടും വാങ്ങിവച്ചു.
പിന്നീടൊരിക്കല്‍ വീണ്ടും കുഞ്ഞിരാമന്‍ ഉരുളി വായ്പ വാങ്ങി. ഇത്തവണ സമയം കഴിഞ്ഞിട്ടും ഉരുളി തിരികെക്കൊടുത്തില്ല. കാരണം അന്വേഷിച്ചെത്തിയ വ്യാപാരിയോടു കുഞ്ഞിരാമന്‍ പറഞ്ഞു: 'ഉരുളി മരിച്ചുപോയി!'
മൂല്യനിര്‍ണയത്തിന് അയച്ച 45000 ത്തിലധികം ഉത്തരക്കടലാസുകള്‍ കാണാതെപോയ സംഭവത്തെക്കുറിച്ച് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ നല്കിയ മറുപടിയും ഇതായിരുന്നു: ഉത്തരക്കടലാസുകള്‍ മരിച്ചുപോയി!
ഡേറ്റാ മുഴുവന്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് മോഷണം പോയി എന്ന സ്വന്തം പദവിയുടെ ഔന്നത്യത്തെക്കുറിച്ചു യാതൊരു ബോധ്യവുമില്ലാത്ത വൈസ്ചാന്‍സലര്‍ നല്കിയ മറുപടിയും ഇതുതന്നെയല്ലേ - ലാപ്‌ടോപ് മരിച്ചുപോയി!
സര്‍വ്വകലാശാലയിലെ ഏതൊരുദ്യോഗസ്ഥനും പകല്‍ വെളിച്ചത്തില്‍ നെല്ലിക്കപോലെ പെറുക്കിയെടുക്കാന്‍ കഴിയുന്ന തെളിവുകള്‍, കണെ്ടത്താന്‍ കഴിയുന്നില്ലെന്നു നിസ്സഹായരാകുന്ന ക്രൈംബ്രാഞ്ചും അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്നു - തെളിവുകള്‍ മരിച്ചുപോയി!
ജനാധിപത്യകേരളത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ നിയമനത്തട്ടിപ്പാണ് കേരളസര്‍വ്വകലാശാലയിലെ വിവാദമായ അസിസ്റ്റന്റ് നിയമനം. അഴിമതിയും സ്വജനപക്ഷപാതവുമാണ് നിര്‍ലജ്ജമായി അവിടെ അരങ്ങേറിയത്. ആദ്യലിസ്റ്റ് തയ്യാറാക്കിയത് യു.ഡി.എഫ്. ആദ്യലിസ്റ്റ് അട്ടിമറിച്ചു രണ്ടാം ലിസ്റ്റുണ്ടാക്കിയത് എല്‍.ഡി.എഫും. രണ്ടും ഒരേ തൂവല്‍പക്ഷികള്‍!
ചെറിയൊരു വ്യത്യാസം കണേ്ടക്കാം. ആദ്യത്തേതില്‍ പണത്തിന്റെ സ്വാധീനവും രണ്ടാമത്തേതില്‍ സ്വജനപക്ഷപാതവും. കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ അനുഭവജ്ഞാനം ഇത്തരമൊരു നിഗമനത്തിലേക്കാണ് എന്നെ നയിക്കുന്നത്.
ഒരു സംഭവം കുറിക്കട്ടെ: സ്ഥലം സഹകരണബാങ്കില്‍ ഏതാനും ഒഴിവുകള്‍, യുഡിഎഫിന്റെ ഘടകകക്ഷികളിലൊന്നിന്റെ നേതാവാണു പ്രസിഡന്റ്. പാര്‍ട്ടിക്കുള്ളില്‍ വലിയ സ്വാധീനമുള്ള നേതാവ്. അതുകൊണ്ടുതന്നെ ആള് ആരെയും വകവയ്ക്കില്ല. പാര്‍ട്ടിക്കാരനായ പിതാവ് മകന്റെ ഉദ്യോഗക്കാര്യവുമായി നേതാവിന്റെ അടുത്തെത്തി. മറുപടി പച്ചക്കള്ളമായിരുന്നു - മെരിറ്റടിസ്ഥാനത്തില്‍ മാത്രമാണു നിയമനം!
മകന്‍ എതിര്‍പാര്‍ട്ടിയില്‍പെട്ട ഒരു സുഹൃത്തിന്റെ സഹായം തേടി. അയാള്‍ പ്രസിഡണ്ടിനെ നേരിട്ടു കണ്ടു. എത്രയാണു തുകയെന്ന് അയാള്‍ക്കറിയാമായിരുന്നു. ഇടതുകൈയറിയാതെ വലതുകൈ തുക കൈമാറി. ആള്‍ക്കു നിയമനവും ലഭിച്ചു! ഇതു നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായ കഥകളില്‍ ഒന്നുമാത്രം. ഇതിനെതിരേ പ്രബലപ്പെടാന്‍ ഒരു അഴിമതി നിരോധനനിയമത്തിനും നാളിതുവരെ കഴിഞ്ഞിട്ടില്ല.
ബാങ്കുഭരണം യുഡിഎഫിനു പകരം എല്‍ഡിഎഫിന്റെ കൈയിലാണെങ്കിലോ? നിയമിക്കപ്പെടുന്നതു മുഴുവന്‍ പാര്‍ട്ടിക്കാരും പാര്‍ട്ടിനേതാക്കളുടെ ബന്ധുക്കളും മാത്രം. ഇതും സര്‍വസാധാരണമായ കഥതന്നെ.
ലോകായുക്തയുടെ വിധിയനുസരിച്ചു പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരേ കേസെടുത്തു നിയമപ്രകാരം ചോദ്യം ചെയ്തിരുന്നെങ്കില്‍ കാണാതെപോയ ഉത്തരക്കടലാസുകള്‍ ഒന്നൊഴിയാതെ കണ്ടുകിട്ടുമായിരുന്നില്ലേ? മോഷണം പോയ ലാപ്‌ടോപ് മോഷ്ടാവിന്റെ പോക്കറ്റില്‍ നിന്നു പുറത്തുചാടുമായിരുന്നില്ലേ? തെളിവുകളോരോന്നും വ്യാകരണപ്പിശകുപോലുമില്ലാതെ രേഖപ്പെടുമായിരുന്നില്ലേ? മനസ്സുണെ്ടങ്കില്‍ മാര്‍ഗ്ഗവുമുണ്ട്. പക്ഷേ, മനസ്സുവയ്ക്കാന്‍ ആര്‍ക്കാണു ധൈര്യം?
എല്ലാ അന്വേഷണത്തിനും 'സിബിഐയെ വിളിക്കൂ' എന്നു നിലവിളിക്കുന്നവരൊന്നും എന്തേ ഇക്കാര്യത്തില്‍ അത്തരമൊരാവശ്യം ഉന്നയിച്ചില്ല? അഞ്ചുവര്‍ഷക്കാലം യുഡിഎഫ് ഭരിച്ചിട്ടും എന്തേ നീതി നടത്തിക്കൊടുക്കാന്‍ അവര്‍ക്കും കഴിയാതെപോയി? തീക്കട്ടയില്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന് അവര്‍ക്കും അറിയാമല്ലോ.
നമ്മുടെ ഭരണഘടനയിലെ ആമുഖം, ജനങ്ങള്‍ക്കു നല്കുന്ന ഉറപ്പുകളിലൊന്ന് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയാണ്. പക്ഷേ, തടംകെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തില്‍ മുങ്ങിമരിക്കാനാണ് ഇന്നു നീതിയുടെ വിധി