മരിച്ചവരെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. തങ്ങളുടെ കൂട്ടത്തില്‍നിന്നു മരണമടഞ്ഞുപോയവരെ കുടുംബാംഗങ്ങള്‍ വിസ്മരിക്കരുത്. മണ്‍മറഞ്ഞെങ്കിലും ഇന്നും അവരുടെയൊക്കെ അദൃശ്യസാന്നിധ്യം സ്മരണകളിലൂടെ കുടുംബാന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കണം. അവരുടെ അധ്വാനത്തിന്റെ ഫലങ്ങളല്ലേ നാം അനുഭവിക്കുന്നത്? നമ്മുടെ വളര്‍ച്ചയില്‍ അവരും പങ്കുകാരായിരുന്നില്ലേ? മണ്ണടിഞ്ഞുപോയ അപ്പൂപ്പനും അമ്മൂമ്മയും വല്യപ്പനും വല്യമ്മയും അപ്പനും അമ്മയും കൂടപ്പിറപ്പുകളുമൊക്കെയല്ലേ നമ്മുടെ അസ്തിത്വത്തിനും അതിജീവനത്തിനും കാരണം? അവരോടുള്ള കടപ്പാടു കുഴിച്ചുമൂടാന്‍ പറ്റുന്നതല്ല. അവരുടെ മൃതശരീരങ്ങള്‍ കുഴിയില്‍ മൂടപ്പെട്ടാലും അവരെപ്പറ്റിയുള്ള ഓര്‍മകള്‍ എന്നാളും നമ്മുടെ കൂടെയുണ്ടാവണം. ചരമദിനങ്ങളില്‍ അവര്‍ക്കുവേണ്ടി സഭ ആവശ്യപ്പെടുന്ന തിരുക്കര്‍മങ്ങള്‍ അനുഷ്ഠിക്കണം.
പൂര്‍വികരുടെ ആത്മാക്കള്‍ക്കു ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ഥന ആവശ്യമുണ്ട്. അവരുടെ ജീവിതത്തില്‍ ഭവിച്ച തെറ്റുകള്‍ക്കും, ചെയ്യാന്‍ കഴിയാതെപോലെ പ്രായശ്ചിത്തങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരാണു പരിഹാരം നിറവേറ്റേണ്ടത്. ആത്മാക്കളുടെ അനുഗ്രഹം കുടുംബത്തിനുണ്ടാകണം. നാം അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ നമുക്കുവേണ്ടിയും പ്രാര്‍ഥിക്കുമെന്നുള്ള അവബോധം നമുക്കുണ്ടാകണം. മരിച്ചവരെ മറക്കുന്നത് കുടുംബത്തിന്റെ നാള്‍വഴികളില്‍ അവര്‍ ചെയ്ത നന്മകളോടുള്ള നിന്ദനമാണ്. വിസ്മൃതിയുടെ തുരുത്തിലേക്കു നാടുകടത്തപ്പെടേണ്ടവരല്ല അവരാരുംതന്നെ. മറിച്ച്, ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ തലമുറകള്‍ക്കു സുപരിചിതരാംവിധം എന്നും കുടുംബങ്ങളിലെ ഓര്‍മകളില്‍ ജീവിക്കേണ്ടവരാണ്. ഇന്നു നാം അവരെ ആദരവോടെ ഓര്‍ത്താലേ നാളെ നമ്മെയും ഓര്‍ക്കാന്‍ ആരെങ്കിലുമുണ്ടാവൂ. കുടുംബത്തില്‍നിന്ന് ആരൊക്കെ എന്നൊക്കെ മരിച്ചു എന്നുപോലും മറന്നുപോകത്തക്കവിധം മരവിച്ച മനസ്സുള്ളവരാകരുത് ക്രിസ്ത്യാനികള്‍.
'മരിച്ചവരെ ഓര്‍ക്കുക.' (പ്രഭാ. 38:16); 'മരിച്ചവരോടുള്ള കടമ മറക്കരുത്.' (പ്രഭാ. 7:33).