•  21 Nov 2024
  •  ദീപം 57
  •  നാളം 37
കുടുംബവിളക്ക്‌

പ്രാര്‍ഥന

പ്രാര്‍ഥനയെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ക്രൈസ്തവകുടുംബം ജപവിചാരമുള്ള ഇടമായിരിക്കണം. ഭവനാംഗങ്ങള്‍ എല്ലാവരും ഒന്നിച്ച് നിശ്ചിതസമയത്തുള്ള പ്രാര്‍ഥന അവരുടെ ദിനചര്യകളില്‍ പ്രഥമമായിരിക്കണം. സൗകര്യപ്രദമായ ഒരു സമയം അതിനായി മാറ്റിവയ്ക്കണം. ഓര്‍ക്കണം, ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ ചെയ്യേണ്ട ഒന്നല്ല പ്രാര്‍ഥന. പിന്നെയോ, ഒത്തിരി ക്കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ ഒന്നാമതായി ചെയ്യേണ്ട ഒന്നാണത്. 'പവര്‍ക്കട്ടില്ലെങ്കില്‍ പ്രാര്‍ഥനയില്ല' എന്ന ദുരവസ്ഥ ക്രൈസ്തവകുടുംബങ്ങളില്‍ ഉണ്ടാകരുത്. പ്രഭാതത്തിലും പ്രദോഷത്തിലും കൂട്ടപ്രാര്‍ഥന നടത്തുന്ന കുടുംബങ്ങളുണ്ട്. സന്ധ്യാജപമെങ്കിലും മുടക്കം കൂടാതെ നാം ചൊല്ലണം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍തന്നെയാണ് മുന്‍കൈ എടുക്കേണ്ടതും മാതൃക കാട്ടേണ്ടതും. 'പ്രാര്‍ഥിച്ചില്ലെങ്കില്‍ കഞ്ഞിയില്ല' എന്നു നിഷ്‌കര്‍ഷിച്ചിരുന്ന കാരണവന്മാരെ പുതുതലമുറ മറക്കരുത്. ഒരുമിച്ചിരുന്നു പ്രാര്‍ഥിക്കുന്ന കുടുംബം കുറേപ്പേര്‍ ഒന്നിച്ചു തുഴഞ്ഞുനീങ്ങുന്ന വഞ്ചിപോലെ ആയിരിക്കും. അവിടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടായിരിക്കില്ല എന്നല്ല, ചിലപ്പോള്‍ കൂടുതലായിരിക്കും. പക്ഷേ, അവയെ അതിജീവിക്കാന്‍  അവര്‍ക്ക് അനായാസം കഴിയും. കാരണം, പ്രാര്‍ഥനയുടെ പങ്കായം അവരുടെ കൈയിലുണ്ട്. ഭവനാംഗങ്ങള്‍ ഏകസ്വരത്തില്‍ പ്രാര്‍ഥിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുമ്പോള്‍ ആ കുടുംബം സ്വര്‍ഗസമാനമായി മാറുകയാണ്. ദിവ്യമായ ഒരു ആനന്ദം അവിടെയുണ്ടാകും. പ്രയത്‌നങ്ങള്‍ക്കുള്ള സമയം പാഴാക്കലല്ല പ്രാര്‍ഥന; മറിച്ച്, പ്രയത്‌നങ്ങള്‍ പൂപ്പലുപിടിച്ച് പാഴായിപ്പോകാതിരിക്കാനുള്ള ചേരുവയാണ്. കുടുംബവൃക്ഷത്തിന്റെ അതിജീവനത്തിനുള്ള ആഹാരമായിരിക്കട്ടെ പ്രാര്‍ഥന. ക്രിസ്തീയകുടുംബങ്ങള്‍ പ്രാര്‍ഥനാകൂടാരങ്ങളായി മാറണം. ജപമുഖരിതമായ കുടുംബാന്തരീക്ഷത്തില്‍നിന്ന് ജഡികാസക്തികളും സാത്താന്റെ സേനകളും പലായനം ചെയ്യും. കുടുംബത്തെ പ്രത്യാശയിലേക്കു നയിക്കുന്ന പ്രകാശവും പ്രേരകശക്തിയുമാണ് പ്രാര്‍ഥന. പ്രാര്‍ഥനയ്ക്ക് പഞ്ഞമില്ലാത്ത ഇടമാകട്ടെ നമ്മുടെ കുടുംബം. 
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)