കര്‍ത്താവിന്റെ അമ്മയായ കന്യാമറിയത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. നസറത്തിലെ തിരുക്കുടുംബത്തിന്റെ നാഥയായിരുന്ന അവള്‍ ക്രിസ്തീയകുടുംബങ്ങളിലല്ലാതെ വേറെയെവിടെയാണ് വസിക്കേണ്ടത്? കാനായിലെന്നപോലെ, കുടുംബത്തിലെ കുറവുകള്‍ ആരും പറയാതെ തന്നെ കണ്ടു മനസ്സിലാക്കി അവയെ പരിഹരിക്കാന്‍ സഹായിക്കാന്‍ അവള്‍ക്കേ കഴിയൂ. കണ്ണീരിന്റെ കാലങ്ങളില്‍ കൂട്ടായി കന്യകാമറിയം കണിശമായും കാണും. യേശു ഉള്ളിടത്ത് യേശുമാതാവും ഉണ്ടാകണം. മാതാവില്ലാതെ മകനില്ല. തന്റെ മരണശേഷം ഒരു കുടുംബത്തിലെ അംഗമാക്കി മാറ്റാനാണ് ഈശോ മറിയത്തെ യോഹന്നാനു ഭരമേല്പിച്ചത്. അതുകൊണ്ടാണ് ആ ശിഷ്യന്‍ അവളെ തന്റെ അമ്മയായി സ്വഭവനത്തില്‍ സ്വീകരിച്ചതും. യോഹന്നാന്റെ കുടുംബത്തിലെന്നപോലെ ഓരോ ക്രൈസ്തവകുടുംബത്തിലും പരിശുദ്ധ അമ്മ ഉണ്ടാകണം. അവള്‍ അനാഥയാക്കപ്പെടരുത്. ഈശോയുടെ സ്‌നേഹം അവകാശപ്പെടാന്‍ സാധിക്കുന്നവര്‍ക്കാണ് കന്യാമറിയം അമ്മയാകുന്നത്. അവളോടൊപ്പം സഞ്ചരിച്ചെങ്കിലേ കുരിശിന്‍ചുവട്ടില്‍ എത്തിച്ചേരൂ. കൃപാപൂരിതയായ അവള്‍ കൂടെയുണ്ടെങ്കില്‍ കുടുംബങ്ങള്‍ അനുഗ്രഹസമ്പന്നമാകും. 'അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍' (യോഹ. 2:5) എന്ന ആ മാതൃമൊഴികള്‍ക്ക് കുടുംബാംഗങ്ങള്‍ സശ്രദ്ധം കാതോര്‍ക്കണം. ദൈവഹിതാനുസൃതം ജീവിക്കാന്‍ അവള്‍ അവരെ പഠിപ്പിക്കും. ജപമാലനമസ്‌കാരം കുടുംബങ്ങളില്‍ അനുദിനം ഉയര്‍ന്നു കേള്‍ക്കണം. മാതാവിനോടുള്ള പ്രാര്‍ഥനകളാലും ഗീതങ്ങളാലും കുടുംബാന്തരീക്ഷം മുഖരിതമാകണം.
സാധിക്കുന്നവരൊക്കെ കൊന്തമാല ധരിക്കണം. ക്രൈസ്തവഭവനങ്ങളുടെ സംരക്ഷണച്ചങ്ങലയായി ജപമാല നിലകൊള്ളും. കൊന്തമാലകള്‍കൊണ്ട് സ്വന്തം ജീവിതങ്ങളെ കുരിശോടു ചേര്‍ത്തുകെട്ടുന്നവര്‍ക്ക് അനുദിനസഹനങ്ങളെ സാനന്ദം സ്വീകരിക്കാനും, അവ വഴി വിശുദ്ധീകരിക്കപ്പെടാനും അനായാസം സാധിക്കും. മരണശയ്യയിലും മാതാവിനെയും ജപമാലയെയും കൈവിടാതെ കിടക്കുന്നവര്‍ നമുക്കൊക്കെ മാതൃകകളാകട്ടെ.