•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

പലായനം

പ്രഭാതക്കുളിരില്‍ അഞ്ചുമണിക്കുതന്നെ താണ്ടമ്മ ഉറക്കമുണര്‍ന്നു. അമ്മ പ്ലമേനാമ്മ ചെറുപ്പംമുതല്‍ പരിശീലിപ്പിച്ചതാണ്. അവള്‍ ഇയ്യോബിനു നേരേ നോക്കി. ആള്‍ നല്ല ഉറക്കത്തിലാണ്. കട്ടിലിലിരുന്നുതന്നെ അവള്‍ പ്രഭാതപ്രാര്‍ഥനകള്‍ നടത്തി. അതിനുശേഷം ബാത്‌റൂമില്‍ കയറി കുളിച്ചു വേഷം മാറി ശബ്ദമുണ്ടാക്കാതെ വാതില്‍തുറന്നു പുറത്തിറങ്ങി. 
നേരം പുലര്‍ന്നുവരുന്നതേയുള്ളൂ. മരക്കൂട്ടങ്ങളില്‍നിന്ന് പ്രഭാതക്കിളികളുടെ കളകൂജനം കേള്‍ക്കാം. തൊഴുത്തില്‍നിന്നു പശുക്കളുടെയും കിടാവുകളുടെയും കരച്ചില്‍ കേട്ടു. കറവക്കാരന്‍ ഉണര്‍ന്നിട്ടുണ്ടാവില്ല. 
അവള്‍ ഇടനാഴിയിലൂടെ അടുക്കളക്കെട്ടിലേക്കു ചെന്നു. അടുക്കളക്കാരികള്‍ പ്രഭാതഭക്ഷണത്തിന്റെ ഒരുക്കത്തിലാണ്. ഒരാള്‍ ചക്കവെട്ടി ചുളകള്‍ ചവിണികളഞ്ഞ് മുറത്തിലിടുന്നു. മറ്റൊരാള്‍ അടുപ്പില്‍ തീ കത്തിച്ച് കാപ്പിക്കു വെള്ളം വയ്ക്കുന്നു. താണ്ടമ്മയെക്കണ്ട് ഇരുവരും എണീറ്റു.
''ചക്കരക്കാപ്പിയാ കൊച്ചമ്മാ. ഇപ്പോ തെളയ്ക്കും.'' നാണിയമ്മ തിടുക്കത്തില്‍ പാത്രത്തില്‍നിന്ന് ചക്കരയെടുത്ത് ചീവി കാപ്പിയിലിട്ടു. 
''ജീരകമൊണ്ടോ?''
''ഒണ്ടല്ലോ കൊച്ചമ്മാ.'
നാണിയമ്മ ജീരകപ്പെട്ടി എടുത്തു കൊടുത്തു.
താണ്ടമ്മ ഒരു നുള്ള് ജീരകമെടുത്ത് തിളയ്ക്കുന്ന കാപ്പിയിലിട്ടു. എന്നിട്ട് നാണിയമ്മയോടായി പറഞ്ഞു:
''ഒരു നുള്ള് ജീരകമിട്ടാല് രുചിയൊന്നു കൂടും.''
നാണിയമ്മ കഴുകിക്കൊണ്ടുവന്ന കോപ്പകളില്‍ ആവി പറക്കുന്ന ചക്കരക്കാപ്പി താണ്ടമ്മ പകര്‍ന്നു. കോപ്പകള്‍ ഒരു പിച്ചളത്തളികയില്‍ വച്ചു. അവള്‍ തളിക എടുക്കാനൊരുങ്ങവേ കല്യാണി വിലക്കി.
''വേണ്ട കൊച്ചമ്മാ. ഞാങ്കള് കൊണ്ടോയി കൊടുക്ക്വാം. വല്യമ്മ ഞാങ്കളെ വഴക്കു പറേം.'
''നിങ്ങള് പേടിക്ക്വേ. വേണ്ട. ഇന്നു മൊതല് ഞാന്‍ തന്നെ കാപ്പി കൊടുക്കല്. ഞാന് അമ്മച്ചിയോട് പറഞ്ഞോളാം.
അപ്പച്ചനും അമ്മച്ചിയും കിടക്കുന്ന മുറിയുടെ വാതില്‍ ചാരിയിട്ടേയുള്ളൂ. താണ്ടമ്മ വാതിലില്‍ മെല്ലെ തട്ടി ശബ്ദമുണ്ടാക്കിയിട്ട് വാതില്‍ സാവകാശം തുറന്നു. വാതില്‍ ഒന്നു കരഞ്ഞു.
ആണ്ടമ്മ ശബ്ദം കേട്ട് ഇരട്ടക്കട്ടിലില്‍നിന്ന് പിടഞ്ഞെണീറ്റു.
''ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അമ്മച്ചീ.'' താണ്ടമ്മയുടെ സ്വരം അവര്‍ തിരിച്ചറിഞ്ഞു. ആണ്ടമ്മ കട്ടിലില്‍ കാലു താഴ്ത്തിയിട്ട് ഇരിക്കുകയാണ്. താണ്ടമ്മ ആവി പറക്കുന്ന ചക്കരക്കാപ്പിയുടെ കോപ്പ അവര്‍ക്കു നേരേ നീട്ടി.
''നല്ല ചൂടൊണ്ട് അമ്മച്ചി.'
അവളുടെ സ്വരംകേട്ട് മാത്തു തരകനും ഉണര്‍ന്നു. അയാള്‍ ഉടുമുണ്ടു നേരെയാക്കി കട്ടിലില്‍ എണീറ്റിരുന്നു. താണ്ടമ്മ അപ്പച്ചന്റെ കൈയിലും കാപ്പിക്കോപ്പ കൊടുത്തു.
''അപ്പച്ചാ! സൂക്ഷിക്കണം. നല്ല ചൂടൊണ്ട്.''
കാപ്പി മെല്ലെ ഊതിക്കുടിച്ചുകൊണ്ട് തരകന്‍ ആണ്ടമ്മയുടെ മുഖത്തേക്കു നോക്കി. 
''ഇതെന്നതാ കാപ്പിക്ക് ഒരു പ്രത്യേക രുചി.'' 
''ഞാനിത്തിരി ജീരകോം കൂടി ചേര്‍ത്തിട്ടൊണ്ട് അപ്പച്ചാ.''
താണ്ടമ്മ മറുപടി പറഞ്ഞു. ആണ്ടമ്മയുടെ നെറ്റി ചുളിഞ്ഞു.
അവര്‍ ഒരു കവിള്‍ കുടിച്ചു നോക്കി. സംഗതി ശരിയാണ്.
''ഇവള് ഭരണംകേറി ഏറ്റെടുക്കയാണോ?'' ആണ്ടമ്മ പിറുപിറുത്തു.
താണ്ടമ്മ വെളിയിലിറങ്ങി വാതില്‍ ചാരി. അത് അപ്പോഴും കറകറ ശബ്ദത്തില്‍ ഞരങ്ങി.
താണ്ടമ്മ നാത്തൂന്മാരുടെ മുറികളില്‍ കയറിയിറങ്ങിയപ്പോഴേക്കും കാപ്പിക്കോപ്പകള്‍ തീര്‍ന്നു. അവള്‍ വീണ്ടും അടുക്കളയിലേക്കു പോയി.
ഇയ്യോബിനു നല്ല ചൂടുള്ള കാപ്പികൊടുക്കാം.
കാപ്പിയുമായി എത്തുമ്പോള്‍ ഇയ്യോബ് ഉണര്‍ന്നുകിടക്കുകയായിരുന്നു. അവള്‍ കോപ്പ ഭര്‍ത്താവിനുനേരേ നീട്ടി. അയാള്‍ കാപ്പി വാങ്ങി മൊത്തിക്കുടിച്ചു.
''ഇന്നെന്താ കാപ്പിക്കൊരു പ്രത്യേകരുചി.'' 
അയാളുടെ വാക്കുകള്‍ക്ക് അവള്‍ മറുപടി പറഞ്ഞില്ല. പകരമൊന്നു മന്ദഹസിക്കുക മാത്രം ചെയ്തു. അവള്‍ തന്റെ കോപ്പയില്‍ ചക്കരക്കാപ്പി ആസ്വദിച്ചു. കുടിച്ചുകഴിഞ്ഞ കോപ്പ മേശയില്‍ വയ്ക്കുമ്പോള്‍ അയാള്‍ താണ്ടമ്മയുടെ കവിളില്‍ പ്രേമപൂര്‍വം ഒരു മുത്തംകൊടുത്തു. ഇയ്യോബ് കുളിമുറിയില്‍ കയറി വാതിലടച്ചു.
തിരികെ അടുക്കളയിലെത്തിയപ്പോള്‍ ആണ്ടമ്മ അടുക്കളക്കാരികള്‍ക്കു നിര്‍ദേശം കൊടുത്തുകൊണ്ട് അവിടെയുണ്ട്. കറവക്കാരന്‍ ഒരു വലിയ ഓട്ടുമൊന്തയില്‍ കറന്നെടുത്ത പാലുമായി വന്നു. അവന്‍ ബഹുമാനത്തോടെ വാതിലില്‍ തലകാട്ടി. ആണ്ടമ്മ ചെന്ന് പാല്‍മൊന്ത വാങ്ങി.
പ്രഭാതഭക്ഷണം ചക്കപ്പുഴുക്കും മീന്‍കറിയും പന്നിയിറച്ചി ഉലര്‍ത്തിയതും പാല്‍ക്കാപ്പിയുമാണ്. വേലക്കാര്‍ക്കു നിര്‍ദേശങ്ങള്‍ കൊടുത്തിച്ച് ആണ്ടമ്മ അപ്പന്‍ അവിരാതരകനുള്ള പാല്‍ക്കഞ്ഞിയുമായി അപ്പന്‍ കിടക്കുന്ന അറയിലേക്കു നീങ്ങി. കുളിച്ചീറനായ മുടിയ തുമ്പുകെട്ടി വിടര്‍ത്തിയിട്ട് താണ്ടമ്മ അമ്മച്ചിക്കു പിന്നാലെ നടന്നു.
''ആ മുടിയൊന്ന് കെട്ടിവയ്ക്ക്. അപ്പന്റെ പാല്‍ക്കഞ്ഞിയില്‍ മുടി വീഴണ്ട. കഞ്ഞിയില്‍ തലമുടി കണ്ടാല്‍ അപ്പന്‍ കഞ്ഞിപ്പാത്രം എടുത്തെറിഞ്ഞെന്നു വരും.'' ആണ്ടമ്മയുടെ വാക്കുകള്‍ കേട്ട് താണ്ടമ്മ മുടി കെട്ടിവച്ചു. 
''ഞാനോര്‍ത്തില്ല അമ്മച്ചി.''
അവള്‍ ക്ഷമാപണസ്വരത്തില്‍ പറഞ്ഞു.
'മുടി ങ്‌നെ വിടര്‍ത്തിയിടുന്നത് നമ്പൂരിച്ചിമാരും നായരച്ചിപ്പെണ്ണുങ്ങ്‌ളുമാ. നമ്മള് ക്രിസ്ത്യാനികള് മുടി കെട്ടിവയ്ക്കും.
അതു മതി എനിയിവ്‌ടെ.'' ആണ്ടമ്മ നിര്‍ദേശിച്ചു. 
''ശരിയമ്മച്ചീ.'' 
താണ്ടമ്മ അനുസരിച്ചു.
നേരിയ ചൂടുള്ള പാല്‍ക്കഞ്ഞി ഈര്‍ക്കില്‍ കുത്തി കോട്ടിയ പച്ചപ്ലാവിലകൊണ്ട് ആണ്ടമ്മ വലിയ തരകന് കോരിക്കൊടുത്തു.
വലിയ തരകന് പ്രാതല്‍ ഈ പാല്‍ക്കഞ്ഞിയാണ്. കഞ്ഞികുടിച്ചു കഴിഞ്ഞപ്പോഴേക്കും താണ്ടമ്മ ഒരു തളികയില്‍ വെള്ളമെടുത്തുവന്നു; വായ് കഴുകാന്‍. 
ഇരുവരും പോകാന്‍നേരം വലിയ തരകന്‍ നിര്‍ദേശിച്ചു. 
''ഇത്രനാളും നിയ്യ് കഞ്ഞി തന്നില്ലേ? നാളെ മൊതല്‍ മോള് തരട്ടെ.'' 
''ഒവ്വ് അപ്പച്ചാ.'' താണ്ടമ്മ സന്തോഷത്തോടെ മൊഴിഞ്ഞു. ആണ്ടമ്മയുടെ മനസ്സിലൂടെ ഒരു മിന്നല്‍പിണര്‍പാഞ്ഞു. താന്‍ ഒറ്റപ്പെടുകയാണോ? പുതിയ വെല്ലുവിളികള്‍. തിരികെ അടുക്കളയിലേക്കു നടക്കുമ്പോള്‍ അവരൊന്നും മിണ്ടിയില്ല. 
മാളികയിലെ പ്ലമേനാമ്മ മകളെ എല്ലാവിധ പാചകങ്ങളും പഠിപ്പിച്ചിട്ടുണ്ട്. താണ്ടമ്മയ്ക്കും പാചകം ഇഷ്ടമായിരുന്നു. അതുകൊണ്ട് അവള്‍ ഓരോ പാചകക്കൂട്ടിലും സ്വന്തമായി ചില പൊടിക്കൈകള്‍ പ്രയോഗിച്ചു പഠിച്ച് നല്ലൊരു പാചകവിദഗ്ധയായി. 
രാവിലത്തെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ താണ്ടമ്മതന്നെ മേശ വെള്ളംകൂട്ടി തുടച്ച് വൃത്തിയാക്കി. നല്ല തേക്കിന്‍തടിയില്‍ തീര്‍ത്തതാണ് തീന്‍മേശ. എത്ര തുടച്ചിട്ടും വിളമ്പിയപ്പോള്‍ തുളുമ്പി വീണ മീന്‍ചാറിന്റെ ഉളുമ്പുമണം പോയില്ല. താണ്ടമ്മ മുറ്റത്തിന്റെ കിഴക്കേമൂലയില്‍ നിറയെ കായ്ച്ചുനില്‍ക്കുന്ന ചെറുനാരങ്ങകളിലൊന്നുരണ്ടെണ്ണം പറിച്ചുകൊണ്ടുവന്ന് മുറിച്ച് അതിന്റെ നീര് മേശയില്‍ വീഴ്ത്തി ഒരിക്കല്‍ കൂടി വെള്ളംകൂട്ടി തുടച്ചു.
ഉച്ചഭക്ഷണത്തിന് എല്ലാവരും എത്തിയപ്പോള്‍ അദ്ഭുതത്തോടെയാണ് നോക്കിയത്. ഊണ്‍മേശയില്‍ ഒരു വെള്ളവിരി ഇട്ടിരിക്കുന്നു. ഓരോ ഇരിപ്പിടത്തിനു മുന്നിലും ഗ്ലാസില്‍ കുടിക്കാന്‍ പച്ചവെള്ളം പകര്‍ന്നിരിക്കുന്നു. മണ്‍കലത്തില്‍ രാമച്ചമിട്ട് ഒഴിച്ചു വച്ചിരുന്ന പച്ചവെള്ളത്തിന് നല്ല തണുപ്പ്. പകല്‍ച്ചൂടില്‍ കുടിക്കുന്നവര്‍ക്ക് ആശ്വാസം. 
''ഇതെന്താ മോളേ! വെള്ളത്തുണിയില് കറിവീണ് വൃത്തികേടാവില്ലേ?'' അതൃപ്തി പുറത്തു കാണിക്കാതെ ആണ്ടമ്മ ചോദിച്ചു.
''അതു നമുക്ക് കഴുകിയിടാം അമ്മച്ചി.''
താണ്ടമ്മയ്ക്ക് ഉടനെയുണ്ട് മറുപടി. 
ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ താണ്ടമ്മ കുളിമുറിയില്‍ ചെമ്പുപാത്രത്തില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളെടുത്തു. പുറത്ത് അലക്കുകല്ലുണ്ട്. അവിടെ കൊണ്ടുപോയി കഴുകാം.
ഇയ്യോബും അപ്പച്ചനും രാവിലെ പണിസ്ഥലത്തു പോയതാണ്. അവര്‍ ഇനി വൈകുന്നേരമേ വീട്ടില്‍ വരൂ. അവര്‍ക്കുള്ള ഉച്ചഭക്ഷണം കാര്യസ്ഥന്മാരില്‍ ഒരാള്‍ വന്നു പാത്രങ്ങളില്‍ കൊണ്ടുപോയി. അതാണ് പതിവത്രേ!
ചെമ്പുപാത്രവുമായി വരാന്തയിലൂടെ വരുമ്പോള്‍ അമ്മച്ചി ദാ നേരേ എതിര്‍വശത്തുനിന്നു വരുന്നു. 
''മോള് ഈ ചെമ്പുപാത്രവുമായി എവിടെപ്പോകുന്നു?''
''എന്റേം ഇയ്യോബച്ചായന്റേം തുണികളാ. അലക്കാനൊള്ളത്.''
കൊട്ടാരത്തിലെ പെണ്ണുങ്ങളാരും അലക്കാറില്ല. മോള് അതവ്‌ടെ വെക്ക്. ഞാന്‍ വേലത്തിപാപ്പിയെ വിളിച്ചുവരുത്താം. പാപ്പിയാ ഇവ്‌ടെത്തെ തുണികള് അലക്കുക.''
ആണ്ടമ്മ മരുമോളുടെ കൈയില്‍നിന്ന് ചെമ്പുപാത്രം മേടിച്ചു വച്ചു. താണ്ടമ്മ ഒന്നും പറയാതെ അടുക്കളയിലേക്കു പോയി. അന്നും കൊഴുക്കട്ടയാണ് നാലുമണിക്ക്. ശര്‍ക്കരയും തേങ്ങയും ഉള്ളില്‍വച്ച് അരിമാവ് കുഴച്ചുചേര്‍ത്തുണ്ടാക്കുന്ന പലഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അടുക്കളക്കാരികള്‍. അല്പം ജീരകം കൂടി ചേര്‍ക്കാന്‍ നിര്‍ദേശം കൊടുത്തു.
സ്റ്റോറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന പഴക്കുലയില്‍ കുറെ  ചെറുപഴമെടുത്ത് തൊലി ഉരിഞ്ഞ് തേനില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കാന്‍ നിര്‍ദേശം നല്കി. നാത്തൂന്‍മാരുടെ പിള്ളേരൊക്കെ ഉള്ളതല്ലേ. ഒരു സ്‌പെഷ്യല്‍ വിഭവം കൂടി ഇരിക്കട്ടെ.
പുതിയ വിഭവം നാത്തൂന്മാര്‍ക്കും അവരുടെ കെട്ടിയവന്മാര്‍ക്കും ഇഷ്ടപ്പെട്ടു. പിള്ളേരുടെ കാര്യം പറയാനുമില്ല. എല്ലാവരും താണ്ടമ്മയെ അഭിനന്ദിച്ചു. വല്യപ്പച്ചന്‍ രണ്ടെണ്ണം കൂടുതല്‍ തിന്നു. ഇത്തരമൊരു പഴംപൊരി ആദ്യമായാണ് കാരണവര്‍ തിന്നുന്നത്. ആണ്ടമ്മ മാത്രം മൗനം പാലിച്ചു.
കാപ്പികുടി കഴിഞ്ഞ് താണ്ടമ്മ വല്യപ്പച്ചന്റെ മുറിയിലേക്കു ചെന്നു.
''വല്യപ്പച്ചാ! എപ്പഴും ങ്ങനെ കെടപ്പും ഇരിപ്പുംമാത്രം പോരാ. വല്യപ്പച്ചന്‍ അല്പം നടക്കണം. എണീക്ക്. ഞാന്‍ കൈയേല്‍ പിടിക്കാം.'' താണ്ടമ്മയും വല്യപ്പച്ചന്റെ സഹായി തൊമ്മിയും ചേര്‍ന്ന് വല്യപ്പച്ചനെ കസേരയില്‍നിന്നു താങ്ങി എണീല്‍പ്പിച്ചു. തൊമ്മി വെള്ളി കെട്ടിയ ചൂരല്‍ വടി എടുത്തു കൊടുത്തു.
താണ്ടമ്മ ഇടതുകൈയില്‍ പിടിച്ചു. എത്ര ശ്രമിച്ചിട്ടും മുന്നോട്ടു നീങ്ങാനാവുന്നില്ല.
താണ്ടമ്മ പറഞ്ഞു:
''വല്യപ്പച്ചാ വടിയിവിടെ വയ്ക്ക്. ഞങ്ങടെ തോളില് കൈയിട്ടോളൂ. തൊമ്മിയുടെയും താണ്ടമ്മയുടെയും തോളില്‍ കൈയിട്ട് ഏതാനും അടി നടന്ന് അറയുടെ മുന്നിലെ വരാന്തയിലെത്തി. നീണ്ട വരാന്തയില്‍ കുറേദൂരം രണ്ടുചാല്‍ നടത്തി. അപ്പോഴേക്കും അവിരാത്തരകന് ക്ഷീണമായി. ''ഇന്നിനി ഇത്രേം മതി. നേരേ മുറിലോട്ടു പോകാം.'' 
താണ്ടമ്മ പറഞ്ഞു.
അവര്‍ തിരികെനടക്കുമ്പോഴേക്കും ആണ്ടമ്മ നേരേ മുന്നില്‍.
''ഇതെന്താ മോളേ! അപ്പച്ചനു നടക്കാമ്പറ്റുവോ? ഒരോ പാഴ്‌വേലകള്. അപ്പച്ചന്‍ മുറിക്കു പുറത്തിറങ്ങീട്ട് നാലഞ്ചു വര്‍ഷമായി.''
''ഒക്കെ ശരിയാകും അമ്മച്ചി.'
ആണ്ടമ്മ എന്തോ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി.
മുറിയിലെത്തിയ പാടേ അവിരാ തരകന്‍ പറഞ്ഞു:
''ഒന്നു കെടക്കണം. വല്ലാത്ത ക്ഷീണം.'' താണ്ടമ്മയും തൊമ്മിയും താങ്ങിപ്പിടിച്ച് വല്യപ്പച്ചനെ കട്ടിലിന്റെ അരികിലിരുത്തി. സാവകാശം ബെഡ്ഡില്‍ കിടത്തി. അവിരാ തരകന് ആശ്വാസമായി. അദ്ദേഹത്തില്‍നിന്ന് ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)