ദൈവവചനത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. തിരുവചനവിചാരം ക്രൈസ്തവകുടുംബങ്ങളുടെ വിജയരഹസ്യമായിരിക്കണം. വചനമാകുന്ന വിളക്കാണ് അവയെ നിരന്തരം പ്രകാശിപ്പിക്കേണ്ടത്. വചനവെട്ടത്തിലായിരിക്കണം അവ കഴിയേണ്ടത്. കുടുംബാംഗങ്ങള്‍ വചനം വായിക്കുന്നവരും ധ്യാനിക്കുന്നവരുമാകണം. അംഗങ്ങള്‍ ഒരുമിച്ച് വചനം പഠിക്കുകയും അതില്‍ വേരൂന്നുകയും ചെയ്യുന്ന 'വചനക്കളരി'കളായി ക്രിസ്തീയഭവനങ്ങള്‍ മാറേണ്ടതായുണ്ട്. വചനം വസിക്കുന്നിടത്ത് ദൈവമുണ്ട്. സന്ധ്യാപ്രാര്‍ഥനകളില്‍ വചനപാരായണത്തിനു മുന്‍ഗണന കൊടുക്കണം. 'സമ്പൂര്‍ണബൈബിള്‍ പാരായണപദ്ധതി' കുടുംബങ്ങളില്‍ നടപ്പാക്കുന്നത് അത്യുത്തമമാണ്. ഉത്പത്തിമുതല്‍ വെളിപാടുവരെയുള്ള പുസ്തകങ്ങള്‍ തുടര്‍ച്ചയായി വായിക്കുന്ന കുടുംബങ്ങള്‍ ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ പങ്കുപറ്റുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ ജീവനുള്ള വചനം മുഴങ്ങിനില്ക്കുന്നിടത്ത് മൃതിയുടെ വിലാപങ്ങള്‍ കേള്‍ക്കുകയില്ല. വചനം വെട്ടിത്തെളിക്കുന്ന വഴിയിലൂടെ നടക്കുന്ന കുടുംബങ്ങള്‍ക്ക് ദൈവികമായ യാതൊന്നിനും കുറവുണ്ടാവുകയില്ല. ഇനിയും ബൈബിളില്ലാത്ത ഭവനങ്ങളുണ്ടെങ്കില്‍ എത്രയും വേഗം അത് സ്വന്തമാക്കണം. വചനം നിത്യജീവന്റെ നിര്‍ഝരിയാണ്. അതില്ലാത്തയിടം വരണ്ടു വിണ്ടുകീറാന്‍ തുടങ്ങും. വചനം ക്രിസ്തീയഭവനങ്ങളുടെ വാതിലായിരിക്കണം. ഓര്‍ക്കണം, വേദഗ്രന്ഥം, പൂവിട്ടു പൂജിക്കാന്‍ മാത്രമുള്ളതല്ല, മിഴികള്‍ തുറന്നുവായിക്കാനും, മിഴികളടച്ചു ധ്യാനിക്കാനുമുള്ളതാണ്. വിശ്വാസപൂര്‍വം വേദപുസ്തകം വായിക്കപ്പെടുമ്പോഴാണ് അതു രചിക്കപ്പെട്ടതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുക. വചനം മെഴുകിയ തറയായിരിക്കണം ക്രൈസ്തവഭവനത്തിന്റേത്. വചനം വിമോചനം ആണ്. അതിന്റെ സാന്നിധ്യം രക്ഷയുടെ അനുഭവം നല്കും. വചനദീപം തെളിഞ്ഞുനില്ക്കുന്ന ഭവനങ്ങളില്‍ ആകുലതയുടെ അന്ധകാരം ഉണ്ടാവുകയില്ല. നമ്മുടെ വാസഗൃഹങ്ങള്‍ വചനകൂടാരങ്ങളായി മാറുമ്പോഴേ അവയ്ക്കുള്ളില്‍ സുകൃതങ്ങളുടെ സമൃദ്ധിയുണ്ടാകൂ. ആകയാല്‍, വചനത്തില്‍ വളരാം, വ്യാപരിക്കാം. വേദപുസ്തകത്തെ ചങ്കോടു ചേര്‍ത്തുപിടിച്ചു മുന്നേറാം.