ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. ക്രിസ്തുവിചാരമുള്ള കുടുംബങ്ങളിലേ ക്രിസ്തുവുണ്ടാകൂ. അവയേ ക്രിസ്തീയകുടുംബങ്ങളാകൂ. ഈശോയുടെ പാദമുദ്രകള്‍ പതിഞ്ഞ കുടുംബങ്ങളിലെല്ലാം അനുഗ്രഹങ്ങളും അദ്ഭുതങ്ങളും ഉണ്ടായി. രക്ഷയുടെ അനുഭവം അവയ്‌ക്കോരോന്നിനും സ്വന്തമായി. ''ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു'' (ലൂക്കാ 19:5) എന്ന് സക്കേവൂസിനോട് അരുള്‍ ചെയ്ത കര്‍ത്താവ് നമ്മുടെയും കുടുംബങ്ങളില്‍ വസിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവിടുത്തെ നാം കൂട്ടിക്കൊണ്ടുവരണം. നല്ലിടയനായ അവിടുത്തെ സാന്നിധ്യത്തിലും സംരക്ഷണത്തിലും കുറവുകളൊന്നും നാം അറിയുകയില്ല എന്ന തിരിച്ചറിവു വേണം. വഴിയായി വന്നവനായിരിക്കട്ടെ നമ്മുടെ വീട്ടിലേക്കുള്ള വഴി. വാതിലായി നിന്നവനായിരിക്കട്ടെ നമ്മുടെ വീടിന്റെ പ്രധാനവാതില്‍. അപ്പോള്‍ പൈശാചികശക്തികളൊന്നും അവിടേക്കു വരികയോ അകത്തു പ്രവേശിക്കുകയോ ഇല്ല. ഓര്‍ക്കണം, വീടിന്റെ വാതിലില്‍ ക്രിസ്തുരൂപം കൊത്തിവച്ചില്ലെങ്കിലും കുടുംബാംഗങ്ങളൂടെ ഹൃദയവാതിലില്‍ അതുണ്ടാകണം. കാരണം, അത് അവിടുത്തേക്കുമാത്രം അവകാശപ്പെട്ടതാണ്. ഓരോ ക്രൈസ്തവകുടുംബവും ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിക്കപ്പെട്ടതാണെന്നുള്ള സത്യം വിസ്മരിക്കപ്പെടരുത്. ഒരിക്കലും നിലയ്ക്കാത്ത ആ ഹൃദയമിടിപ്പുകളാവണം നമ്മുടെ കുടുംബസ്പന്ദനങ്ങള്‍. കുടുംബത്തില്‍നിന്ന് കര്‍ത്താവ് പടിയിറങ്ങിപ്പോകാന്‍ ഇടയാകരുത്. കര്‍ത്താവാകുന്ന കല്‍ഭരണി കുടുംബത്തിലെ കലവറയില്‍ എപ്പോഴും ഉണ്ടാവുകതന്നെ വേണം. കുറവുകള്‍ താനേ കുറയും. യേശുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ കുടുംബാംഗങ്ങള്‍ സംസാരവിഷയമാക്കണം. കുഞ്ഞുങ്ങളെ അവ വായിച്ചു കേള്‍പ്പിക്കണം. ക്രിസ്തുവിചാരങ്ങള്‍ക്ക് ഇടമില്ലാത്ത കുടുംബം അന്ന് അവനെതിരേ കൊട്ടിയടയ്ക്കപ്പെട്ട സത്രത്തിനു സമമാണ്. ക്രിസ്തു കുടുംബങ്ങളെ നയിക്കട്ടെ. ക്രിസ്തുവിചാരങ്ങള്‍ കുടുംബങ്ങളില്‍ നിറയട്ടെ. ക്രിസ്തുവായിരിക്കട്ടെ കുടുംബവസ്തു. 'ഈശോ വസിക്കും കുടുംബം...' എന്ന പാട്ട് പഠിച്ചുപാടുന്നത് കുടുംബങ്ങളില്‍ അഭികാമ്യമാണ്. കൂടെ വസിക്കാനും, കൂടെ നടക്കാനുമായി ഒരു കുടുംബത്തിലെ അംഗമായി പിറന്നവന്‍ നമ്മുടെയും കുടുംബത്തില്‍ വസിക്കുന്നുണ്ടെന്നുള്ള അവബോധത്തില്‍ വളരാന്‍ അതു വളരെ സഹായിക്കും.