•  21 Nov 2024
  •  ദീപം 57
  •  നാളം 37
കുടുംബവിളക്ക്‌

ദൈവം

ദൈവത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബത്തെയും കുടുംബജീവിതത്തെയും വാര്‍ത്തതും വാഴ്ത്തിയതും ദൈവമാണ്. ഉണരുന്നതിനു പിമ്പും ഉറങ്ങുന്നതിനുമുമ്പും കുടുംബാംഗങ്ങള്‍ ദൈവികചിന്തകള്‍കൊണ്ട് മനസ്സും ഹൃദയവും നിറയ്ക്കണം. ജീവനും ജീവിതവും അവയിലുള്ളവയൊക്കെയും ദൈവം തന്ന ഭിക്ഷയാണെന്ന ബോധ്യം വേണം. അവിടുത്തെ കരുതുന്ന കരതലങ്ങളിലാണ് തങ്ങളെന്ന് അവര്‍ വിസ്മരിക്കരുത്. എന്നും കൂടെ നില്ക്കുന്നവന്‍ ദൈവംമാത്രമാണ്. ദൈവമില്ലാത്തിടത്ത് നിര്‍ജീവത്വവും ജീര്‍ണതയുംമാത്രമേ ഉണ്ടാവുകയുള്ളൂ. ദൈവവിചാരവും ഭക്തിയുമുള്ള കുടുംബങ്ങളില്‍ ഭയത്തിനും ഭീഷണിക്കും സ്ഥാനമില്ല. ദൈവത്തെ മറന്നുള്ള കുടുംബജീവിതം നാശോന്മുഖമായിരിക്കും. അനര്‍ഥങ്ങളും ആധികളുമൊക്കെയായിരിക്കും അതിനുള്ളില്‍ അധികവും. ദൈവവിചാരങ്ങളുടെ വേലിക്കെട്ടിനുള്ളില്‍ ക്രൈസ്തവകുടുംബങ്ങള്‍ സുരക്ഷിതമായിരിക്കും. കുടുംബത്തിലെ അതിഥിയല്ല, അംഗമായിരിക്കണം ദൈവം. ദൈവികവിചാരങ്ങള്‍ ഉണര്‍ത്തുന്ന രൂപങ്ങളും ചിത്രങ്ങളും കുടുംബങ്ങളില്‍ സ്ഥാപിക്കപ്പെടണം. ദൈവത്തിനു വസിക്കാന്‍ അനുയോജ്യമായ അന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കപ്പെടണം. അവിടുത്തേക്ക് നിരക്കാത്തതായ യാതൊന്നും അവിടെയുണ്ടാകരുത്. ദൈവചിന്തയില്ലാത്ത കുടുംബത്തിന്റെ പ്രതീക്ഷകള്‍ പെട്ടെന്നു നശിക്കും (ജോബ് 8:18). അതിനുള്ളിലെ ആനന്ദങ്ങള്‍ അസ്ഥിരമായിരിക്കും (ജോബ് 20:5). വിചാരങ്ങളില്‍ ദൈവം നിറയുമ്പോള്‍ അവ വിശുദ്ധീകരിക്കപ്പെടും. ശാശ്വതമായ ശാന്തിയും സന്തോഷവും കുടുംബങ്ങളില്‍ തളം കെട്ടിനില്‍ക്കും. കുടുംബങ്ങളെ ദൈവം ഭരിക്കണം, ഹൃദയങ്ങളെ ദൈവവിചാരവും. 'ദൈവത്തെ മറന്നു കുഞ്ഞേ, ജീവിക്കരുതേ...' എന്ന ഗാനം കുടുംബങ്ങളില്‍ മുടങ്ങാതെ പാടുന്നത് നന്ന്. ദൈവത്തെ സൗകര്യപൂര്‍വം മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന ആധുനികതലമുറ വലിയ നഷ്ടവും കോട്ടവും അനുഭവിക്കേണ്ടതായി വരും.
'നിങ്ങളുടെ ഭവനങ്ങള്‍ക്കുവേണ്ടി പോരാടുന്ന ഉന്നതനായ ദൈവത്തെ ഓര്‍ക്കുവിന്‍.' 
(നെഹെമിയ 4:14) 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)