•  25 Jul 2024
  •  ദീപം 57
  •  നാളം 20
ബാലനോവല്‍

സ്വര്‍ണക്കുരിശ്

ജോസഫിന്റെ വകയിലൊരമ്മാച്ചനാണ് മിഖായേല്‍ചേട്ടന്‍. ഭാര്യ ഏലിയാമ്മച്ചേടത്തി. മകള്‍ റാണി. തിരുവല്ലായിലാണു വീട്. മറ്റു പറയത്തക്ക ബന്ധുക്കാരൊന്നും ജോസഫിനില്ല. റാണി കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ തീരുമാനമെടുത്തവളാണ്. അവള്‍ക്കു കല്യാണംവേണ്ട എന്ന് അപ്പച്ചനോടു പറഞ്ഞു. അവള്‍ക്കു ദൈവവിളിയുണ്ടായിട്ടുണ്ട്. അതുകൊണ്ടു കല്യാണത്തിന് മാതാപിതാക്കള്‍ അവളെ കൂടുതല്‍ നിര്‍ബന്ധിച്ചില്ല.
മിഖായേല്‍ ചേട്ടന് കുറെ കൃഷിഭൂമിയൊക്കെയുണ്ട്. ജീവിക്കാനുള്ള എല്ലാ ചുറ്റുപാടുകളുമുണ്ട്. ജോസഫിന്റെ ഇപ്പോഴത്തെ അവസ്ഥയോര്‍ക്കുമ്പോള്‍ അവര്‍ക്കൊരു പ്രയാസം. ആ കുരുന്നുകൊച്ചിനെയുംകൊണ്ട് അവനെങ്ങനെ ജീവിക്കും? ഷിബിന്റെ സ്‌കൂളു തുറക്കാറായിരിക്കുന്നു. ജോസഫിനു കൂലിപ്പണിക്കുപോണം, അതാണല്ലോ അവന്റെ വരുമാനമാര്‍ഗം. രണ്ടു കുട്ടികളെ പോറ്റണ്ടേ? അവനൊരു സഹായം മറ്റാരുമില്ല. കുന്നത്തുവീട്ടുകാര്‍ സാമ്പത്തികമായൊക്കെ സഹായിക്കും. എങ്കിലും അവന്റെ കൊച്ചുകുഞ്ഞിനൊരമ്മയാകില്ലല്ലോ... ജോസഫിന്റെ നാട്ടിലുള്ള ഇടവകയിലെ വികാരിയച്ചനെ ഒന്നു ചെന്നു കാണുക. അദ്ദേഹം നല്ലൊരച്ചനാണെന്നു പറഞ്ഞു കേട്ടു. നല്ലൊരു നിര്‍ദേശം അദ്ദേഹം തരാതിരിക്കില്ല. ഒരു പ്രാവശ്യം ഫാദര്‍ ജെറോം പൂപ്പറമ്പിലിനെ പരിചയപ്പെട്ടിട്ടുണ്ട്. താന്‍ ജോസഫിന്റെ അമ്മാച്ചനാണെന്നദ്ദേഹത്തിനറിയാം. ഏതായാലും അടുത്ത ഞായറാഴ്ച എല്ലാവരുമായി ജോസഫിന്റെ വീട്ടിലേക്കൊന്നു പോകണം. രണ്ടുമൂന്നു ദിവസം അവിടെ താമസിച്ചു കുഞ്ഞിനെ നോക്കാം. അവനതൊരാശ്വാസമാകും. ഒരു ദുഃഖിതന്റെ കണ്ണീര് അല്പമെങ്കിലും തുടയ്ക്കുന്നത് ദൈവത്തിനിഷ്ടമുള്ള കാര്യമാണല്ലോ... മിഖായേല്‍ മനസ്സില്‍ക്കരുതി. മിഖായേല്‍ചേട്ടന്‍ അന്നുവീട്ടില്‍പ്പറഞ്ഞു: ''ഏലിയാമ്മേ ഞായറാഴ്ച നമുക്കു ജോസഫിന്റെ വീട്ടീപ്പോകണം. അവന്റെ കുഞ്ഞിന്റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്കെന്തോ ഒരു മനഃപ്രയാസം...''
''പോകാമല്ലോ.''
''പോകാം അപ്പച്ചാ, ആ പൊന്നിന്‍കുടത്തിന്റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്കും സങ്കടം തോന്നുന്നു.'' റാണി പറഞ്ഞു.
''പോകാം മോളേ നീ സങ്കടപ്പെടണ്ട.'' മിഖായേല്‍ പറഞ്ഞു. 
അടുത്ത ഞായറാഴ്ചതന്നെ മിഖായേലും കടുംബവും ജോസഫിന്റെ വീട്ടിലേക്കു പോയി.
അവരെക്കണ്ടപ്പോള്‍ ജോസഫിനും ഷിബിനും വളരെ സന്തോഷമായി.
''ജോസഫേ, ഞങ്ങള്‍ രണ്ടുമൂന്നു ദിവസം ഇവിടെയുണ്ടാവും.'' മിഖായേല്‍ പറഞ്ഞു.
''അതിനെന്താ അമ്മാച്ചാ സന്തോഷം.''
റാണി ഓടിച്ചെന്നു കുഞ്ഞുവാവയെ എടുത്തു.
''ഇവള്‍ക്കു വഴക്കുണ്ടോ ഷിബിന്‍...?''
''ഇല്ല. ചേച്ചീ, അവള്‍ ശാന്തസ്വഭാവക്കാരിയാണെന്നു തോന്നുന്നു.''
''അതെയോടീ പൊന്നുമോളേ...'' റാണി സ്‌നേഹവായ്‌പോടെ കുഞ്ഞിന്റെ കവിളില്‍ ഉമ്മ വച്ചു.
''ചക്കരക്കുട്ടി പാലു കുടിച്ചോടാ...'' റാണി കൊഞ്ചിച്ചോദിച്ചു.
''ചേച്ചിയോടിവള്‍ക്കു നല്ല ഇണക്കമാണെന്നു തോന്നുന്നു.'' ഏലിയാമ്മ പറഞ്ഞു.
''അതുപിന്നെ അവള്‍ ഒരു രക്തമല്ലേ ഏലിയാമ്മേ.'' മിഖായേല്‍ ചിരിച്ചു. ഫാദര്‍ ജെറോം പൂപ്പറമ്പിലിനെ വിളിച്ച് അച്ചന് ഒഴിവുള്ള സമയം ഒന്നു കാണാന്‍ പറ്റുമോ എന്നന്വേഷിച്ചു. പിറ്റേദിവസം നാലുമണി കഴിഞ്ഞസമയത്തു ചെല്ലാന്‍ പറഞ്ഞു. വിവരം ശേഖരന്‍തമ്പിയോടും പറഞ്ഞു.
കാറില്‍ എല്ലാവര്‍ക്കുംകൂടി പള്ളിയില്‍പ്പോമെന്നു ശേഖരന്‍ തമ്പി അറിയിച്ചു.
മിഖായേലും ജോസഫും ശേഖരന്‍ തമ്പിയും കാറില്‍ പള്ളിയിലെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു.
ഫാ. ജെറോം പൂപ്പറമ്പില്‍ അവരെ കാത്തിരിക്കയായിരുന്നു. 
''എല്ലാവരും വരൂ ഇരിക്കൂ.'' ഫാദര്‍ സന്തോഷവദനനായി പറഞ്ഞു.
''നിങ്ങളെയെല്ലാം ഒന്നിച്ചു കണ്ടതില്‍ സന്തോഷം.'' അച്ചന്‍ അവര്‍ക്കെതിരേയുള്ള കസേരയില്‍ ഇരുന്നു.
''വര്‍ക്കിച്ചാ കുടിക്കാന്‍ കൊണ്ടുവരൂ.'' കുശിനിക്കാരന്‍ അവര്‍ക്കെല്ലാം പൈനാപ്പിള്‍ ജൂസ് കൊടുത്തു. ശീതളപാനീയം കുടിച്ചുകഴിഞ്ഞ് അച്ചന്‍ പറഞ്ഞു:
''ഇനി വന്ന കാര്യം പറയാം.''
''അച്ചോ കാര്യം ഞാന്‍ തന്നെ പറഞ്ഞേക്കാം.'' ശേഖരന്‍ തമ്പി പറഞ്ഞു.
''ഗ്രേസിയുടെ കുഞ്ഞുമോളെ നോക്കാനൊരാളുവേണം. അതിനെ വളര്‍ത്തണമല്ലോ. ജോസഫിനു പണിക്കു പോണം ഷിബിനു സ്‌കൂളീപ്പോണം. പിന്നെ വീട്ടിലാരുമില്ലല്ലോ... അതിനെന്തെങ്കിലുമൊരു തീരുമാനം അച്ചന്‍ പറയണമെന്നാണിവര്‍ പറയുന്നത്.'' ശേഖരന്‍ തമ്പി പറഞ്ഞുനിര്‍ത്തി.
''ആ പ്രശ്‌നം ഒരു കുഴഞ്ഞ പ്രശ്‌നംതന്നെ. ഒരു കൊച്ചുകുഞ്ഞിന്റെ കാര്യമാണ്. നമ്മള്‍ ആലോചിച്ചു തീരുമാനമെടുക്കണം.''
അച്ചന്‍ ഒരു നിമിഷം നിര്‍ത്തി എന്തോ ഓര്‍ത്തിരുന്നു. ''ഒന്നെങ്കില്‍ കുഞ്ഞിനെ ഒരു ഓര്‍ഫനേജിലാക്കണം. അല്ലെങ്കില്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ നല്ലൊരു സ്ത്രീ വേണം.'' ഫാദര്‍ ജെറോം പറഞ്ഞു. 
(തുടരും)

 

Login log record inserted successfully!