പ്രണയാഭ്യര്‍ത്ഥന നടത്തുകയും നിര്‍ദ്ദയം തിരസ്‌കരിക്കപ്പെടുകയും ചെയ്താല്‍ എന്താണു തോന്നുക? ചിലര്‍ക്ക് ഈഗോ വ്രണപ്പെടാം. ഞാന്‍ ബോധത്തിലുള്‍ച്ചേര്‍ന്ന നിലയും വിലയും പത്രാസുമൊക്കെ ഒറ്റക്ഷണത്തില്‍ തകര്‍ന്നടിയുകയാണല്ലോ. നിരാശയും വൈരാഗ്യബുദ്ധിയും പിന്‍ഗാമികളായി കടന്നുവരാം. അഹംബോധത്തിന്റെ തോന്ന്യാസം നടക്കാതെപോയതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍!
ഇത്തരക്കാരില്‍ പ്രണയത്തെക്കുറിച്ചുള്ള വ്യാജമായ ഒരു ബോധം ഉണ്ടാകുന്നു. ഒരാളുടെ രൂപഭാവങ്ങള്‍, പെരുമാറ്റത്തിലെ വിധേയത്വം എന്നിവ ഇത്തരക്കാരിലെ ഏകാധിപത്യമനോഭാവത്തെ സജീവമാക്കുന്നു. അത് മാംസനിബദ്ധമായ രാഗത്തിലേക്കു നയിക്കപ്പെടാം. അല്ലെങ്കില്‍ ഒരുതരം അടിമ - ഉടമ സങ്കല്പത്തിലെത്തിപ്പെടാം. ഇവിടെ തിരസ്‌കാരം അസഹിഷ്ണുതയുണ്ടാക്കുന്നു. ഇച്ഛാഭംഗം നേരിടുമ്പോള്‍ കൊമ്പുകുലുക്കുകയും മുക്രയിടുകയും ചെയ്യുക മൃഗസഹജമാണല്ലോ. ഇവരുടെ കുടുംബജീവിതത്തിലേക്കുള്ള വരവ്, നീരന്ധ്രനിര്‍മ്മലമനസ്സാക്ഷിയോടുകൂടിത്തന്നെ ആകണമെന്നില്ല. രണ്ടാം ജീവിതത്തിലെ പങ്കാളി എത്ര സഹിഷ്ണുതയുള്ള വ്യക്തിയുമായിക്കൊള്ളട്ടെ. ആ വ്യക്തിയില്‍, പണ്ട് തിരസ്‌കരിച്ചയാളെ കാണുകയും പരുഷമായി പെരുമാറുകയും ചെയ്‌തെന്നിരിക്കാം. അയാളുടെ ഇംഗിതങ്ങളെ എത്രകണ്ട് തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാലും അസംതൃപ്തിയും ഭര്‍ത്സനവുമായിരിക്കും പ്രതിഫലം.
കേവലം യൂസ് ആന്റ്‌ത്രോ ഉദ്ദേശ്യത്തില്‍, പ്രണയത്തിന്റെ കുപ്പായമണിയുന്നവരുണ്ട്. ലക്ഷ്യം നേടാന്‍ പതിനെട്ടടവും പയറ്റും. പക്ഷേ, വിവേകമതികള്‍ വരച്ച ലക്ഷ്മണരേഖയില്‍ അവര്‍ തട്ടിവീഴും. ഈ തിരസ്‌കാരം സ്ഥായിയായ മുറിവുകളൊന്നും അവരിലുണ്ടാക്കുന്നില്ല. കുറച്ചു ചീത്തപറയാം. നുണക്കഥകളിറക്കി പ്രചരിപ്പിക്കാം. വന്യമായ ആസുരതയിലേക്കു പോകാന്‍ ഇവര്‍ മെനക്കടാറില്ല. എത്രയും പെട്ടെന്ന് അടുത്ത മേച്ചില്‍പ്പുറം കണെ്ടത്തണമല്ലോ. ഇവരുടെ കുടുംബജീവിതവും സംഘര്‍ഷങ്ങളുടെ, പരാജയത്തിന്റെ നിഴലിലാണ്. സ്വാര്‍ത്ഥതയും അവിശ്വസ്തതയുമാണ് അവരെ ഭരിക്കുന്നത്.
അസ്തിത്വത്തിലെ ശൂന്യതാബോധത്തില്‍ വീണ്ടുമേല്‍ക്കുന്ന പ്രഹരംപോലെയാണ്, തിരസ്‌കാരം ചിലര്‍ക്കനുഭവപ്പെടുക. നിരാശയ്ക്കും നിത്യനൊമ്പരത്തിനും അതിടയാക്കാം.
അസ്തിത്വബോധത്തിന്റെ ശൂന്യഗര്‍ത്തങ്ങള്‍ അംഗീകാരം, കരുതല്‍, വിശ്വസ്തത, സാമീപ്യം - ഇവയുടെയൊക്കെ അഭാവത്തില്‍നിന്ന് രൂപപ്പെട്ടതാവാം. കരുണ നിറയേണ്ട ഇടങ്ങള്‍ ഇനിയുമേറെയാണെന്നര്‍ത്ഥം.
ഒരാളുടെ വാക്ക്, സംവദിക്കുന്ന ആശയം, പ്രയോഗശൈലി, നോട്ടം, അംഗചലനം, ഭാവപ്രകടനങ്ങള്‍ ഇതൊക്കെ പ്രണയത്തിന്റെ സ്വാഗതഗാനമായി വ്യാഖ്യാനിക്കപ്പെടാം! ശൂന്യതാബോധത്തിലെ ഉറവക്കണ്ണുകളായി അനുഭവപ്പെട്ടുകൂടായ്കയുമില്ല. എന്നാല്‍ രണ്ടാംകക്ഷി ഇതൊന്നും അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. പ്രേമഭിക്ഷുവിന്റെ കാല്പനികലോകത്താണല്ലോ ഇതെല്ലാം അരങ്ങേറുക. അവിടെ അയാള്‍ക്കിത് ജീവിതസാകല്യമാണ്. ഒരിക്കല്‍ക്കൂടിയോ മറ്റൊരിടത്തുനിന്നോ അയാള്‍ക്കിനിയൊരു പ്രതീക്ഷ വച്ചുപുലര്‍ത്താനാവില്ല. ഈ ഘട്ടത്തില്‍ തിരസ്‌കാരം ഏല്പിക്കുക കേവലം ഈഗോ തലത്തിലുള്ള ഒരു ആഘാതമല്ല; മറിച്ച്, അയാളുടെ അസ്തിത്വപ്രതിസന്ധി ഒന്നുകൂടി ഗുരുതരമാക്കുംവിധമായിരിക്കും. 'അനുവാദല്ലാതെ അകത്തുവന്നു, നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു' പോലുള്ള ചമത്കാരചിന്തകള്‍, ഏകപക്ഷീയമാകുമ്പോള്‍ ഉണ്ടാകുന്ന ഭാരം എത്ര വലുതായിരിക്കും!
അനുവാദമില്ലാതെ ഏറ്റെടുക്കുന്ന സങ്കല്പങ്ങള്‍, പ്രണയലോകത്തേക്കുള്ള ഒ.ടി.പി. കളാണ്. അതുകൊണ്ടുതന്നെ തിരസ്‌കരിക്കപ്പെട്ട വ്യക്തിയിലേക്ക്, തുടര്‍ന്നൊരു ജീവിതത്തില്‍ വന്നെത്തുന്ന പങ്കാളിക്ക് എത്രകണ്ടു പ്രവേശനം കിട്ടും? അതു ഭയപ്പെടുത്തുന്ന വസ്തുതയാണ്. തിരസ്‌കരിക്കപ്പെട്ട വ്യക്തിയുടെ ദാമ്പത്യജീവിതം, വിഷാദത്തിന്റെ പിടിയിലമരുന്നു. യദൃച്ഛയാലെന്നപോലെ വഴിതെറ്റിയെത്തിയ പങ്കാളിയാകട്ടെ ജീവിതം മുഴുവന്‍ കയ്പുനീര്‍ കുടിക്കേണ്ടിയും വരുന്നു.
(തുടരും)