•  25 Jul 2024
  •  ദീപം 57
  •  നാളം 20
ബാലനോവല്‍

സ്വര്‍ണക്കുരിശ്

ഷിബിന്‍ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. അമ്മച്ചിയുണ്ടായിരുന്നപ്പോള്‍ ഈ വീട് എപ്പോഴും ശബ്ദമുഖരിതമായിരുന്നു. അമ്മച്ചിയെപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കും. തമാശകള്‍, പരാതികള്‍, പരിഭവങ്ങള്‍. കൂടുതലും അപ്പച്ചനോടാണ് അമ്മച്ചിയുടെ പരാതികള്‍... അപ്പച്ചനതിഷ്ടമാണ്.
അയ്യോ കുഞ്ഞുമോള്‍ ഉണരാറായിട്ടുണ്ട്. അപ്പച്ചന്‍ കുറെ ദിവസം ലീവെടുത്തു. തോട്ടത്തിലെ പണികള്‍ തീര്‍ന്നിട്ടില്ല. അമ്മച്ചിയുടെ അപ്രതീക്ഷിതമായിട്ടുള്ള മരണം എല്ലാവരെയും വല്ലാതെ ഉലച്ചു. പ്രത്യേകിച്ചും അപ്പച്ചനെയും തന്നെയും. ഈ വീട് അനാഥമായിത്തീര്‍ന്നതുപോലെ... അമ്മച്ചിയില്ലാത്തവീട്. ഈ വീട്ടില്‍ താമസിക്കുന്നതുതന്നെ ബുദ്ധിമുട്ടാണ്. പക്ഷേ, എന്തു ചെയ്യും... കുഞ്ഞുമോളെ വളര്‍ത്തേണ്ടേ? അമ്മച്ചി തങ്ങള്‍ക്കു തന്നിട്ടു പോയ സമ്മാനം... കുഞ്ഞുവാവ അപ്പച്ചന്റെ ചൂടുപറ്റി നല്ല ഉറക്കമാണ്. ഉടനെ എണീല്‍ക്കും. അപ്പോള്‍ അവള്‍ക്കു കൊടുക്കാന്‍ നിപ്പിള്‍കുപ്പിയില്‍പാല്‍ നിറച്ച് സുഭദ്രയാന്റി കൊടുത്തയച്ചിട്ടുണ്ട്. ആന്റി എന്നും വൈകിട്ടു വരും. കൂടെ ശുഭയും രതീഷുമുണ്ടാകും. ശേഖരനങ്കിളാണ് അവരെ ജീപ്പില്‍ കൊണ്ടുവരിക. കുറേനേരം കുഞ്ഞുവാവയെ കുളിപ്പിച്ച് പാലും കൊടുത്തിട്ടേ അവര്‍ പോകൂ...
എന്തു സ്‌നേഹമുള്ള മനുഷ്യരാണവര്‍. പണക്കാരാണെന്ന ഭാവമേയില്ല. അമ്മച്ചിയുടെ മരണത്തില്‍ അവര്‍ക്കും വലിയ ദുഃഖമുണ്ട്. കുന്നത്തുവീട്ടുകാരുടെ വലംകൈയാണു നഷ്ടപ്പെട്ടതെന്നു ലക്ഷ്മിമുത്തശ്ശി പറയാറുണ്ട്. ശരിയാണത്.
അവര്‍ക്കെല്ലാം ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കിക്കൊടുക്കുന്നത് അമ്മയായിരുന്നല്ലോ. ആ നന്ദിയും സ്‌നേഹവും സുഭദ്രയാന്റി എന്നും പറയും.
''അവള്‍ പോയേപ്പിന്നെ നല്ല ഭക്ഷണം കഴിച്ചിട്ടില്ല. ഗ്രേസി വെക്കുന്ന അവിയലിന് എന്തു സ്വാദാണെന്നോ? ഞാന്‍ വിചാരിച്ചാല്‍ അതുപോലെ വെക്കാന്‍ സാധിക്കില്ല, അവളുടെ പാചകത്തിനൊരു കൈപ്പുണ്യം  വേറെതന്നെയാണ്.''
ശരിയായിരിക്കാം. അതാ കുഞ്ഞുമോള്‍ കരയുന്നു. 
അപ്പച്ചന്‍ താരാട്ടു പാടുന്നുണ്ട്. പക്ഷേ, അവള്‍ കരയുകയാണ്. ഷിബിന്‍ ഓടിച്ചെന്ന് പാലെടുത്തു. 'ചക്കരക്കുട്ടി വാടാ.' അവന്‍ തന്റെ കുഞ്ഞനിയത്തിയുടെ കവിളിലൊരു പഞ്ചാരമുത്തം നല്‍കി.
പാവം കുഞ്ഞ്. സ്വന്തം അമ്മയെ ജീവനോടെ അതിന് ഒരു നോക്കു കാണാന്‍ പറ്റീട്ടില്ല. കര്‍ത്താവേ, എന്തിനു തങ്ങളോടീ... വേണ്ട. കര്‍ത്താവിനെ കുറ്റം പറയണ്ട. വിധിയാണ്. ഓരോരുത്തരുടെയും വിധി. അമ്മയ്ക്കീ ഭൂമിയില്‍ ഇത്രയേ ആയുസ്സുള്ളായിരിക്കും. എല്ലാം തീരുമാനിക്കുന്നതവിടുന്നാണ്. അവിടുത്തെ തിരുവിഷ്ടം നിറവേറട്ടെ.
''ഇവിടെയാരുമില്ലേ...''
ആരാണത്... ജോസഫ് ഇറങ്ങി നോക്കി.
''ഓ... അച്ചനാരുന്നോ. അച്ചോ ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ.''
''എപ്പോഴുമിപ്പോഴും സ്തുതിയായിരിക്കട്ടെ.''
സ്ഥലത്തെ പള്ളിവികാരി ജെറോം പൂപ്പറമ്പിലച്ചനാണ്.
''അച്ചനിരിക്കൂ.'' ജോസഫ് ഒരു കസേര നീക്കിയിട്ട് അച്ചനോടു പറഞ്ഞു. അച്ചന്‍ കസേരയിലിരുന്ന് ചോദിച്ചു.
''എവിടെ നമ്മുടെ മാലാഖക്കുട്ടി.''
''ഇതാച്ചോ...'' ഷിബിന്‍ കുഞ്ഞിനെ അച്ചനെക്കാണിച്ചു.
''ഇങ്ങുവാടീ കുഞ്ഞുമാലാഖേ...'' അച്ചന്‍ കൈനീട്ടി.
''അച്ചോ, അവളു ളോഹേലൊക്കെ മൂത്രമൊഴിക്കും.'' ഷിബിന്‍ പറഞ്ഞു. 
''ഇല്ലെടാ ഷിബിനെ. അഥവാ അല്പം മൂത്രമൊഴിച്ചാലും കുഴപ്പമില്ല.'' അച്ചന്‍ കുഞ്ഞുവാവയെ കൈയില്‍ വാങ്ങി ഓമനിച്ചു. നെറ്റിയില്‍ മുത്തം നല്‍കി.
''നിന്റെ അമ്മച്ചിക്കു യോഗമില്ലാതെ പോയി നിന്നെ വളര്‍ത്താനും ഓമനിക്കാനും... എല്ലാം കര്‍ത്താവിന്റെ തിരുവിഷ്ടം. അവളങ്ങുപോയി. സ്വര്‍ഗത്തിലേക്ക്. കര്‍ത്താവിനിഷ്ടമുള്ള പുഷ്പം നേരത്തെ അവിടുന്ന് ഇറുത്തെടുത്തു...'' ജെറോം പൂപ്പറമ്പിലച്ചന്റെ സംസാരംകേട്ടപ്പോള്‍ ജോസഫും ഷിബിനും ദുഃഖിതരായി. ''ഓ, ഞാന്‍ നിങ്ങളെ വേദനിപ്പിച്ചു അല്ലേ... ഗ്രേസിയെ ഓര്‍ത്തപ്പോള്‍ ഓരോന്നു പറഞ്ഞുപോയതാണ്. ദേ... കുഞ്ഞുവാവ എന്നെത്തന്നെ നോക്കുന്നു. അവളുടെ അമ്മച്ചിയുടെ കാര്യംപറഞ്ഞതുകൊണ്ടാണോ?''
''ആയിരിക്കും അച്ചോ...'' ജോസഫ് കുഞ്ഞിനെ അച്ചന്റെ കൈയില്‍നിന്നു വാങ്ങി.
ഷിബിന്‍ നല്ലൊരു ചായയുണ്ടാക്കി അച്ചനു കൊടുത്തു.
''നീ ചെറിയ പാചകമൊക്കെച്ചെയ്യും അല്ലേ മോനേ.''
''ഉവ്വച്ചോ.'' ഷിബിന്‍ പുഞ്ചിരിച്ചു.
''ഇതിലേ ഒന്നിറങ്ങണമെന്നും കുഞ്ഞിനെ ഒന്നു കാണണമെന്നും എന്നും വിചാരിക്കും. ഓരോ തിരക്കുകാരണം നടന്നില്ല. ഇന്നു രണ്ടും കല്പിച്ചിങ്ങോട്ടിറങ്ങി.'' ചായക്കപ്പു തിരികെക്കൊടുത്ത് അച്ചന്‍ യാത്ര ചോദിച്ചു.
''എന്നാ ഞാനിറങ്ങട്ടെ ജോസഫേ.''
''ശരിയച്ചോ.''
ഫാദര്‍ ജെറോം പോയി.
''അപ്പച്ചാ മോള്‍ക്കു പാലു കൊടുക്കാറായോ?''
''ഇനി അല്പനേരം കഴിഞ്ഞു മതി മോനേ. നീ ചായ കുടിച്ചോ.''
''ഇല്ല. ഞാനിപ്പം കൊണ്ടുവരാം.'' ഷിബിന്‍ അകത്തേക്കു പോയി രണ്ടു ഗ്ലാസുകളില്‍ ചായ പകര്‍ന്നു. ഒന്ന് അപ്പച്ചനു കൊടുത്തു. ഒരു ഗ്ലാസ് അവനും കുടിക്കാനെടുത്തു. കുഞ്ഞുവാവ കരയാതെ ശാന്തമായി അപ്പച്ചന്റെ കൈയിലിരിക്കുന്നു. 

(തുടരും)

Login log record inserted successfully!