നാളതുവരെ അവന്‍ നടന്ന വഴികളെല്ലാം കാല്‍വരിയിലേക്കു നീണ്ടുകിടന്ന പ്രധാനവീഥിയില്‍ സംഗമിച്ചു. അതിലൂടെ തന്റെ ദൗത്യപൂര്‍ത്തീകരണത്തിന്റെ വിജയശൃംഗത്തിലേക്കു രക്ഷയുടെ പ്രതീകമായി താന്‍ മാറ്റിയ ശിക്ഷയുടെ ചിഹ്നവും വഹിച്ച് ഏകാന്തപഥികനായി അവന്‍ നടന്നു. അതുകൊണ്ടുതന്നെ അതു കുരിശിലേക്കുള്ള വഴി എന്നതിലുപരി മനുഷ്യകുലത്തിന്റെ നിത്യരക്ഷയിലേക്കുള്ള കുരിശാകുന്ന വഴിയായിരുന്നു. കല്ലുകളും മുള്ളുകളും നിറഞ്ഞതും അധികമാരും ചവിട്ടിയിട്ടില്ലാത്തതുമായ നടവഴി. മരണത്തിലേക്കല്ല, മഹിതോത്ഥാനത്തിലേക്കുള്ള യാത്രയായിരുന്നു അത്. മണ്ണിന്റെ മാറിലൂടെ അവന്‍ ചെയ്ത മണിക്കൂറുകള്‍ മാത്രം നീണ്ട അന്തിമയാത്ര. മൂന്നു വര്‍ഷത്തെ തന്റെ തിരക്കേറിയ ജീവിതത്തില്‍ എത്രയോ ദൂരങ്ങള്‍ അവന്‍ സഞ്ചരിച്ചു. ഓരോ യാത്രയ്ക്കും അതിന്റേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അവന്റെ നടപ്പാതകള്‍ നീണ്ടുപോയത് മറ്റുള്ളവരുടെ നന്മയിലേക്കായിരുന്നു. സഹജരുടെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും നീണ്ട സഞ്ചാരമായിരുന്നു അവയോരോന്നും. അന്ധരുടെ അന്ധകാരത്തിലേക്കും ബധിരരുടെ ബന്ധനത്തിലേക്കും മൂകരുടെ മൗനത്തിലേക്കും വ്യഥിതരുടെ വേദനകളിലേക്കുമൊക്കെ അവന്‍ യാത്രപോയി. ദൃഢചിത്തനായി അവന്‍ നടന്നു, കാരണം, അവന് എത്തിച്ചേരാന്‍ ലക്ഷ്യസ്ഥാനവും എത്തിപ്പിടിക്കാന്‍ ലക്ഷ്യങ്ങളും മുമ്പിലുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അവനെ പിന്തിരിപ്പിക്കാന്‍ ഒരു ബാഹ്യശക്തിക്കും കഴിഞ്ഞില്ല. നമ്മുടെ ഏവരുടെയും നിത്യരക്ഷയിലേക്കു നീണ്ടുകിടന്ന ആ വഴിയില്‍ പലതവണ പാദമിടറിയപ്പോഴും നമ്മെക്കുറിച്ചുള്ള ഓര്‍മകള്‍ ചിതറിവീഴാതെ അവന്‍ ചേര്‍ത്തുപിടിച്ചിട്ടുണ്ടാവണം.
നാമും യാത്രികരല്ലേ? പലതിനെയും തേടിയും നേടാനുമുള്ള പ്രയാണത്തിലല്ലേ നാമും? നമ്മുടെ മാര്‍ഗങ്ങളും ലക്ഷ്യങ്ങളും ഒരുപോലെ പവിത്രമായിരിക്കട്ടെ. മറ്റുള്ളവരുടെ ഇല്ലായ്മകളിലേക്കും കുറവുകളിലേക്കും ആയിരിക്കണം നമ്മുടെയും ചുവടുകള്‍ ചലിക്കേണ്ടത്. വയ്ക്കുന്ന ഓരോ ചുവടും നിര്‍ണായകമാണ്. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളെ അതു സാരമായി ബാധിക്കും. ആകയാല്‍, തെറ്റായ ദിശകളിലൂടെ നാശോന്മുഖമായുള്ള യാത്രകള്‍ ഇവിടെവച്ച് അവസാനിപ്പിക്കാം. പതനത്തിലേക്കുള്ള പാതകളില്‍നിന്നു പാതിദൂരത്തെങ്കിലുംവച്ചു പിന്തിരിയാം. തെറ്റുകളിലേക്ക്, തന്നിഷ്ടങ്ങളിലേക്ക്, വിശ്വാസരാഹിത്യത്തിലേക്ക് തുടങ്ങി ദൈവമക്കളെന്ന നിലയില്‍ നമുക്കു ചേരാത്ത ചിലയിടങ്ങളിലേക്ക് നമ്മുടെ പാദങ്ങള്‍ വ്യഗ്രതപൂണ്ടു സഞ്ചരിച്ചിട്ടുണ്ടാവാം. നമ്മുെട വഴികളെയും ചുവടുകളെയും വിശുദ്ധീകരിക്കണമേയെന്നു പ്രാര്‍ഥിക്കാം. ആരുടെയും പതനം കൊതിക്കേണ്ട. നാമുള്‍പ്പെടെ നില്ക്കുന്നവയൊക്കെയും എന്നെങ്കിലും നിപതിക്കേണ്ടവതന്നെയാണ്. ആത്യന്തികമായി നാം നടത്തേണ്ട നാകോന്മുഖമായ യാത്രയെക്കുറിച്ചു നോമ്പിന്റെ നാളുകളില്‍ ചിന്തയുള്ളവരാകാം. അനുദിനക്ലേശങ്ങളുമേന്തിയുള്ള നമ്മുടെ യാത്രയില്‍ നാം അനാഥരല്ല. ആരും കൂട്ടിനില്ലാത്തവന്‍ കരംപിടിച്ചു കൂടെത്തന്നെയുണ്ട്. ആയുസ്സിന്റെ ശിഷ്ടദൂരം കുരിശു ചുമന്നവനെ കൂട്ടുപിടിച്ചു നടക്കാം.