•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഈശോ F r o m t h e B i b l e

തുപ്പ്

തിരുമുഖമാകെ തുപ്പല്‍ത്തുള്ളികളാല്‍ നനഞ്ഞ് അവന്‍ നിന്നു. മാതാവിന്റെ മുത്തങ്ങളും, വളര്‍ത്തച്ഛന്റെ കരലാളനങ്ങളും പതിഞ്ഞ, ജ്ഞാനികള്‍ കാണാന്‍ കൊതിച്ച അവന്റെ മൃദുവദനത്തില്‍ പരിഹാസത്തിന്റെ പരകോടിയെന്നവണ്ണം കണ്ടവരൊക്കെയും കാര്‍ക്കിച്ചു തുപ്പി. കേവലമൊരു തുപ്പലകലത്ത് അവരുടെ രക്ഷ ശിക്ഷയായി മാറി. അവന്റെ നെറ്റിത്തടവും, കണ്‍പോളകളും, കവിളിണകളും ചുണ്ടുകളുമൊക്കെ അവരുടെ കലി കുറുകിയ കഫം കലര്‍ന്ന ഈളയാല്‍ പൊതിയപ്പെട്ടു. തുണ്ടിലും തുമ്പിലും തുപ്പലിലുംവരെ സൗഖ്യം കരുതിവച്ച ആ മനുഷ്യസ്‌നേഹിയുടെ കോമളാനനം ഒരു കോളാമ്പിക്കു സമമായി. എന്നാല്‍, ആ നീചനരന്മാരുടെ ഉമിനീര്‍ക്കണങ്ങള്‍ നമ്മുടെ രക്ഷകന്‍ തുടച്ചുനീക്കിയില്ല. നിന്ദനങ്ങള്‍ക്കൊന്നിനും അവനെ നിഷ്പ്രഭനോ, നിര്‍ജ്ജീവനോ ആക്കാന്‍ കഴിഞ്ഞില്ല. മണ്ണില്‍ കഴിഞ്ഞ നാളുകളില്‍ അവന്‍  ആരുടെയും മുഖത്തു തുപ്പിയില്ല. തുപ്പിയതൊക്കെയും പൂഴിയിലേക്കായിരുന്നു. അത് അന്ധരുടെ അക്ഷികളില്‍ അഞ്ജനമായെഴുതി കാഴ്ചയുടെ തിരി തെളിക്കാനും അതുവഴി അവരുടെ മുഖത്ത് ആനന്ദം നിറയ്ക്കാനുമായിരുന്നു. സൗഖ്യത്തിന്റെ സുഗന്ധമുള്ള തൈലമായിരുന്ന അവന്റെ തുപ്പല്‍കൊണ്ട് തൃപ്തിപ്പെട്ടവര്‍ പലരുമുണ്ടായിരുന്നു.
മുഖത്തു തുപ്പുന്നത് അവജ്ഞയുടെ ഏറ്റം നീചമായ പ്രകടനമാണ്. അറപ്പുളവാക്കുന്നവയുടെമേലാണ് സാധാരണ നാം കാര്‍ക്കിച്ചുതുപ്പുന്നത്. മൃഗങ്ങളുടെ മുഖത്തുപോലും ആരും തുപ്പാറില്ല. അങ്ങനെയെങ്കില്‍, മൃതപ്രായനായ ഒരാളുടെ മുഖത്തു തുപ്പിയത് അയാള്‍ മൃഗത്തെക്കാള്‍ വെറുക്കപ്പെട്ടവനായിരുന്നതുകൊണ്ടല്ലേ? നമ്മുടെ രക്ഷാകരചരിത്രത്തില്‍ പതിച്ച ആ ഉമിനീര്‍ബിന്ദുക്കള്‍ നമ്മുടെ മുഖത്തു പതിക്കേണ്ടവയായിരുന്നു. നമ്മുടെ ആട്ടും തുപ്പുമേല്‍ക്കുന്ന അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവരെ നമ്മേക്കാള്‍ ശ്രേഷ്ഠരും ബഹുമാന്യരുമായി ഗണിക്കുക. ആരോടെങ്കിലുമുള്ള വിദ്വേഷത്തിന്റെ ആധിക്യം കാട്ടാന്‍ നമ്മുടെ വായിലെ രണ്ടു തുള്ളി തുപ്പല്‍ ധാരാളം മതി. വായിലുള്ളിടത്തോളം കാലം ഉമിനീര് നമുക്കു പ്രിയപ്പെട്ടതാണ്. എന്നാല്‍, തുപ്പിക്കളയുന്ന നിമിഷംമുതല്‍ അത് അറപ്പുളവാക്കും. കഠിനഹൃദയര്‍ക്കു മാത്രമേ മറ്റുള്ളവരുടെ മുഖത്ത് അത്ര കൃത്യമായി തുപ്പാന്‍ കഴിയൂ. നമുക്കു മറ്റുള്ളവരോട് ചിലപ്പോള്‍ വെറുപ്പു തോന്നുക മാനുഷികമാണ്. പക്ഷേ, അത് പ്രകടിപ്പിക്കുന്ന രീതി മൃഗീയമാകരുത്. തല്ലുന്നതിനും തലോടുന്നതിനും, പുകഴ്ത്തുന്നതിനും ഇകഴ്ത്തുന്നതിനും, നമസ്‌കരിക്കുന്നതിനും, തമസ്‌കരിക്കുന്നതിനുമൊക്കെ പരിധികളുണ്ടാകണം. അവ ലംഘിക്കുമ്പോള്‍ നാം നാമല്ലാതായി മാറുകയും നമ്മുടെതന്നെ നാശം കുറിക്കപ്പെടുകയും ചെയ്യും. കഴിവതും  ആരെയും വെറുക്കാതിരിക്കാം. മനുഷ്യരെ വെറുത്താല്‍ ഭൂമിയില്‍ മറ്റാരെയാണ് നാം സ്‌നേഹിക്കുക? മറ്റുള്ളവരുടെയല്ല, നമ്മുടെതന്നെ മ്ലേച്ഛതകളുടെ മുഖത്തു തുപ്പാന്‍ ധൈര്യപ്പെടാം. നമ്മുടെ ഹൃദയങ്ങളെ കൂടുതല്‍ മൃദുലവും മാംസളവുമാക്കി മാറ്റാന്‍ ശ്രമിക്കാം, പ്രാര്‍ഥിക്കാം.

 

Login log record inserted successfully!