•  9 May 2024
  •  ദീപം 57
  •  നാളം 9
ഈശോ F r o m t h e B i b l e

പ്രഹരം

ടികളേറ്റ ഇടയന്‍ അത്യധികം അവശനായി നിന്നു. കല്‍ത്തൂണില്‍ കെട്ടിയിട്ടു കുറുവടിയും കൂര്‍ത്ത അസ്ഥിച്ചീളുകള്‍ പതിപ്പിച്ച ചാട്ടവാറുംകൊണ്ട് അവര്‍ അവന്റെ ദേഹത്തും ഞാങ്ങണകൊണ്ടു ശിരസ്സിലും കരങ്ങള്‍കൊണ്ടു കരണത്തും ആളുമാറിയടിച്ചു. വടികള്‍ക്കുപോലും വേദനിക്കുമാറ് അവര്‍ അവനെ തല്ലിച്ചതച്ചു. ചതഞ്ഞ ഞാങ്ങണയെ ചവിട്ടിയൊടിക്കാത്ത ആ നിര്‍മലനെ ആ നരസിംഹങ്ങള്‍ പറ്റംചേര്‍ന്നു പിച്ചിച്ചീന്തി. തൊട്ടുസുഖപ്പെടുത്താന്‍ എത്തിയവനെ തല്ലി മുറിപ്പെടുത്തി. അധികാരിയുടെ മുമ്പില്‍വച്ച് അവന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ഒരു പരിചാരകന്റെ ശ്രമം. അതിന് ആ ചെകുത്താന്‍ കണ്ടത് പരിശുദ്ധനായവന്റെ ചെകിട്! കണ്ണുകെട്ടിയിട്ട് അടിക്കുന്നത് കേമമായി അവര്‍ കരുതി. ആ പ്രഹരം അവര്‍ക്കൊരു ഹരമായിരുന്നു. പിന്നീട്, കുരിശുമേന്തിയുള്ള യാത്രയിലും പല പ്രാവശ്യം പടയാളികള്‍ അവനെ പ്രഹരിച്ചിരിക്കണം. ഒരുവനെ ബന്ധിച്ചിട്ടു മര്‍ദിക്കുന്നത് ശൂരത്വമായി അവര്‍ കരുതി. മാനവരാശിയെ പാപത്തിന്റെ അടിമത്തത്തില്‍നിന്നു മോചിക്കാനുള്ള തന്റെ ദൗത്യനിര്‍വഹണത്തില്‍ അടിപ്പിണരുകള്‍ ഏല്‌ക്കേണ്ടിവരുമെന്ന് അവന്‍ അറിഞ്ഞിരുന്നു.
ആര്‍ക്കും ആരെയും ഉപദ്രവിക്കാന്‍ അവകാശമില്ലെന്നോര്‍ക്കാം. മറ്റുള്ളവരുടെ നേര്‍ക്കു നാം ഓങ്ങുന്ന ഓരാ കൈയ്ക്കും കണക്കുബോധിപ്പിക്കേണ്ടിവരും. അക്രമവും ആക്രമണവും ആര്‍ക്കും അലങ്കാരമേയല്ല. നമ്മുടെ രക്ഷകന്‍ ആരെയും ഉപദ്രവിച്ചില്ല. ഉറുമ്പിനെപ്പോലും നോവിച്ചില്ല. ആയുധം ഉപയോഗിക്കാനല്ല, ഉറയിലിടാനല്ലേ തന്റെ ശിഷ്യനെ അവന്‍ ഉപദേശിച്ചതും? അടിക്കാനല്ല, അനുഗ്രഹിക്കാനുള്ളവയാണ് നമ്മുടെ കരങ്ങള്‍. തല്ലാനല്ല, തഴുകാനുള്ളവയാണ്. നശിപ്പിക്കാനല്ല, നിര്‍മിക്കാനുള്ളവയാണ്. മുറിപ്പെടുത്താനല്ല, മുറിവുകെട്ടാനുള്ളവയാണ്. താങ്ങിക്കൊടുക്കാനും കണ്ണീരു തുടയ്ക്കാനുമൊക്കെയാണ് നമ്മുടെ കരങ്ങള്‍ നീളേണ്ടത്. ദുഷ്ടത നമ്മെ പരിശീലിപ്പിച്ച മര്‍ദനമുറകളെ പരീക്ഷിക്കാനുള്ള ഇടമല്ല മറ്റുള്ളവരുടെ മെയ്യും മുഖവുമൊക്കെ. വൃദ്ധരായ അപ്പനമ്മമാരെമുതല്‍ പിഞ്ചുകുഞ്ഞുങ്ങളെവരെ ശാരീരികമായി പീഡിപ്പിച്ചു ദേഹോപദ്രവം വിനോദമാക്കുന്നവരുള്ള ഈ ലോകത്തില്‍ വ്യത്യസ്തരായി നിലകൊള്ളാന്‍ ക്രൈസ്തവരായ നമുക്കു കഴിയണം. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഭാരമായി തോന്നിത്തുടങ്ങുമ്പോഴാണ് അന്യോന്യമുള്ള കൈയേറ്റങ്ങള്‍ നടക്കുക. അവ ദാമ്പത്യജീവിതത്തെ ദയനീയമായ അവസ്ഥയിലേക്കു നയിക്കും. പ്രഹരിക്കാനല്ല, പ്രണയിക്കാനുള്ളതാണ് ദാമ്പത്യബന്ധം. കുടുംബങ്ങളില്‍ ആരുടെയും ഉപദ്രവംമൂലം ആര്‍ക്കും സമാധാനം നഷ്ടപ്പെടാതിരിക്കട്ടെ. മറ്റുള്ളവരെ പീഡിപ്പിക്കാന്‍ പ്രേരകങ്ങളായ ലഹരിദ്രവ്യങ്ങളില്‍നിന്നും ഇതരദുശ്ശീലങ്ങളില്‍നിന്നും അകന്നുനില്ക്കാം. പറ്റിപ്പോയ കൈപ്പിഴകളെ യോര്‍ത്തു മനസ്തപിക്കാം. കൈവയ്‌ക്കേണ്ടത് കര്‍ത്താവിന്റെ തിരുവിലാവിലാണ്. അതുമൂലം നമ്മുടെ വിശ്വാസം വര്‍ദ്ധിക്കാന്‍. ഉപദ്രവകാരികളല്ല, ഉപകാരികളായി ജീവിക്കാന്‍ നാം പ്രാപ്തരാകട്ടെ.

 

Login log record inserted successfully!