•  21 Nov 2024
  •  ദീപം 57
  •  നാളം 37
ശ്രേഷ്ഠമലയാളം

പേപ്പിടിയോ പിപ്പിടിയോ?

മകാലിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുക്കാവുന്ന ഒരു വാക്കാണ് ''പിപ്പിടി''. അങ്ങനെയൊരു പദം ശ്രീകണ്‌ഠേശ്വരം രേഖപ്പെടുത്തിയിട്ടില്ല. ശബ്ദതാരാവലിയില്‍ ഇല്ലെന്നു കരുതി, പിപ്പിടി എന്നൊരു വാക്ക് മലയാളത്തിലില്ല എന്നു നിശ്ചയിക്കാനാവുമോ? ഭീഷണി എന്ന അര്‍ത്ഥത്തില്‍ പേപ്പിടി എന്നൊരു പദം ശബ്ദതാരാവലിയിലുണ്ട്. പേപ്പിടിയുടെ പ്രാദേശികഭാഷണഭേദമാകണം പിപ്പിടി. അര്‍ത്ഥം ഭീഷണി എന്നുതന്നെ. പിന്നീടുണ്ടായ നിഘണ്ടുക്കളില്‍ പേപ്പിടിയും പിപ്പിടിയും കാണുന്നുണ്ട്. ഭയപ്പെടുത്താന്‍ പറയുന്ന വാക്ക്, ഭീഷണിവാക്ക് തുടങ്ങിയ വിവക്ഷിതങ്ങളിലാണ് പേപ്പിടിയും പിപ്പിടിയും ഇന്നു പ്രയോഗത്തിലുള്ളത്.*
പേ+പിടി സന്ധിയില്‍ പേപ്പിടിയാകും. പേ, പിടി എന്നീ വാക്കുകള്‍ വിശേഷണവിശേഷ്യങ്ങളായി സമാസിച്ച് പേപ്പിടിയാകുന്നു. ''വിശേഷണവിശേഷ്യങ്ങള്‍/ പൂര്‍വ്വോത്തരപദങ്ങളായ്/ സമാസിച്ചാലിരട്ടിപ്പൂ/ ദൃഢം പരപദാദിഗം'' (കാരിക 13) എന്ന കേരളപാണിനീയവിധിയനുസരിച്ചാണ് പേ+പിടി, പേപ്പിടിയാകുന്നത്. പേ എന്ന വാക്കിന് ഭയം എന്നും പിടി എന്ന ക്രിയാനാമത്തിന് 'പിടിക്കല്‍' എന്നും വിവക്ഷിതം കല്പിക്കാം. അങ്ങനെയെങ്കില്‍ ഭയപ്പെടുത്താനായി പറയുന്ന (കള്ള) വാക്ക് എന്ന അര്‍ഥം പേപ്പിടിക്കു വന്നുചേരും. പേപ്പിടി കാട്ടുക എന്നൊരു ചൊല്ലും പ്രസിദ്ധമാണല്ലോ. ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യാര്‍ഥങ്ങളാണല്ലോ അതിനുള്ളത്. 'പിപ്പിടി'യെ ഈ വിധം വ്യാഖ്യാനിക്കാനാവുകയില്ല. അതിനാല്‍, പേപ്പിടിയെ മാനകരൂപമായും പിപ്പിടിയെ അതിന്റെ പ്രാദേശികരൂപമായും കണക്കാക്കുക കരണീയം.
വാല്‍ക്കഷണം: കുഞ്ചുക്കുറുപ്പ്: കേരളസര്‍വകലാശാല ഇടതുനേതാക്കളെപ്പറ്റി വിജ്ഞാനകോശം പുറത്തിറക്കുന്നു. ഒന്നാംതരം പിപ്പിടിവിദ്യ. പേപ്പിടിയെക്കാള്‍ പിപ്പിടി ആളുകള്‍ക്കു പരിചിതമായിക്കഴിഞ്ഞുവെന്നു വ്യക്തം.
* സുമംഗല, പച്ചമലയാളം നിഘണ്ടു, ഗ്രീന്‍ ബുക്‌സ്, തൃശൂര്‍, 2016, പുറങ്ങള്‍ 853, 909.* രാജരാജവര്‍മ്മ ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 130.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)