അര്‍ഥപരിവര്‍ത്തനം വന്ന് പുതിയ അര്‍ഥം കൈവരിച്ച ഒരു വാക്കാണ് പ്രത്യേകം. പ്രതി+ഏകം = പ്രത്യേകം. (ഇ+ഏ=യ). ഓരോന്നും, ഓരോന്നിനും അഥവാ ഓരോരുത്തരും, ഓരോരുത്തര്‍ക്കും എന്നെല്ലാമാണ് ആ പദത്തിന്റെ നിരുക്ത്യര്‍ഥം. പഴയ അര്‍ഥം ഏതാണ്ട് എല്ലാവരും ഉപേക്ഷിച്ച മട്ടാണ്. പുതിയ അര്‍ഥത്തില്‍ മാത്രമാണ് പ്രത്യേകം എന്ന പദത്തിന്റെ ഇപ്പോഴത്തെ പ്രസിദ്ധി. കാലാന്തരത്തില്‍ വന്നുചേര്‍ന്ന അര്‍ഥപരിവര്‍ത്തനമാണത്. ഈ പരിണാമത്തെ പൂര്‍ണമായും തെറ്റാണെന്നു പറഞ്ഞുകൂടാ. എല്ലാ ജീവല്‍ഭാഷകളിലും ഇത്തരം പരിണാമങ്ങള്‍ സ്വാഭാവികമായിത്തന്നെ കാണാം.
എന്താണ് പുതിയ അര്‍ഥം? ഒരു വാക്യത്തിലൂടെ വ്യക്തമാക്കാം: 'വേദിയിലും സദസ്സിലും ഉപവിഷ്ടരായിരിക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു; ആരെയും പ്രത്യേകം പറയേണ്ടതില്ലല്ലോ!' ഇവിടെ എടുത്തുപറയേണ്ടതില്ലല്ലോ എന്നാണതിന്റെ അര്‍ഥം. 'പല രാജ്യക്കാരെയും അപേക്ഷിച്ച് പ്രത്യേകിച്ചും കേരളീയര്‍ സത്കാരപ്രിയരാണ്.' ഇവിടെ വിശേഷിച്ച് അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി എന്നാണ് പ്രത്യേകിച്ച് എന്നതിന്റെ അര്‍ഥം. പ്രത്യേകം എന്ന വാക്കിന് വിശേഷിച്ച് എന്ന അര്‍ഥമാണ് മലയാളത്തിലുള്ളതെന്ന് ശബ്ദതാരാവലികാരനും രേഖപ്പെടുത്തിയിട്ടുണ്ട്. ''വിശേഷം എന്ന വാക്കിന് വ്യത്യാസം എന്നര്‍ഥം. അപ്പോള്‍ വിശേഷിച്ച് എന്നു പറഞ്ഞാല്‍ വ്യത്യസ്തമായി, കൂടുതലായി എന്നൊക്കെ അര്‍ഥം വരും. വിശേഷിച്ച് എന്നു പറയേണ്ടിടത്തു പലപ്പോഴും നമ്മള്‍ പ്രത്യേകിച്ച് എന്നു പറയുന്നു. ...പ്രത്യേകിച്ച് എന്നതിന്റെ സ്ഥാനത്ത് വിശേഷിച്ച് എന്നായാലും അക്ഷരക്കൂടുതല്‍ ഒന്നും ഇല്ലല്ലോ.''* ചുരുക്കിപ്പറഞ്ഞാല്‍ പുതിയ അര്‍ഥത്തിലും പ്രയോഗസാധുത്വമുണ്ട്.
* വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം, ഡി.സി. ബുക്‌സ്, കോട്ടയം, 1999, പുറം - 215