ഇംഗ്ലീഷില്‍നിന്നു കടന്നുവന്ന് മലയാളമായിത്തീര്‍ന്ന ഒരു വാക്കാണ് ആക്രി. ആക്രയന്‍ എന്ന സംസ്‌കൃതപദത്തിന്റെ രൂപഭേദമാണിതെന്നു ചിലര്‍ കരുതുന്നു. സാമാനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവനാണ് ആക്രയന്‍. ആക്രയം Trade ആണല്ലോ. ആക്രയനില്‍നിന്നാണ് ആക്രി നിഷ്പന്നമായതെന്നു വിചാരിക്കാന്‍ ഒരു പക്ഷേ, ഇത് ഇടയാക്കിയിരിക്കണം. ''ശബ്ദതാരാവലിയില്‍ ''ആക്രേയന്‍'' എന്നൊരു വാക്കു കാണുന്നു'* എന്ന 'അക്ഷരംപ്രതി' പംക്തികാരന്റെ നിരീക്ഷണം ശരിയല്ല. ആക്രയന്‍ എന്നതാണ് ശരിയായ പദം. ''ആക്രേയന്‍'' എന്നെഴുതിയത് നോട്ടപ്പിശക് ആവാനേ സാധ്യതയുള്ളൂ.
ഇംഗ്ലീഷില്‍ നിന്നു രൂപാന്തരം പ്രാപിച്ച പദങ്ങളുടെ ഗണത്തിലാണ് ആക്രി എന്ന സംജ്ഞ, മലയാളത്തിലെ പരകീയപദങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പി.എം. ജോസഫ് ചേര്‍ത്തിരിക്കുന്നത്. ''ആക്രി (സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവന്‍) ഒമംമസലൃ.** ഒമംസലൃ എന്ന ഇംഗ്ലീഷ്പദത്തിനും അതേ അര്‍ഥമാണുള്ളത്. ഹോക്കര്‍ ആക്കറും ആക്കറിയുമായി മാറിയിട്ടാവണം ആക്രി എന്ന രൂപത്തില്‍ ഉറച്ചത് എന്ന ടി.ബി. വേണുഗോപാലപ്പണിക്കരുടെ നിരീക്ഷണം യുക്തിഭദ്രമാണ്. ഹോക്കര്‍ ണ്ണആക്കര്‍ ണ്ണ ആക്കറി ണ്ണ ആക്രി എന്നിങ്ങനെ ഈ പരിണാമത്തെ അടയാളപ്പെടുത്താം. അതോടെ പാഴ്‌വസ്തുക്കള്‍ എന്ന വിവക്ഷിതവും ആക്രിക്കു വന്നുചേര്‍ന്നു.
ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന കടകള്‍ വന്നതോടെ 'ആക്രിക്കട' എന്ന് എഴുതി വയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ആക്രി, കട-ഇവ രണ്ടും വിശേഷണവിശേഷ്യങ്ങള്‍ ആയതിനാല്‍ ആക്രിക്കട എന്നു കകാരത്തിന് ഇരട്ടിപ്പുകൊടുത്തുവേണം സമസ്തപദം സൃഷ്ടിക്കാന്‍. ആക്രി+കച്ചവടം= ആക്രിക്കച്ചവടം എന്നെഴുതുമ്പോഴും ചകാരത്തിനും ദ്വിത്വം വേണം. പാഴ്‌വസ്തുക്കള്‍ ശേഖരിച്ചു നടക്കുന്നവരെ ആക്രിക്കാരന്‍ എന്നും ആക്രിക്കാരി എന്നു വ്യവഹരിക്കുന്നതില്‍ ഭാഷാപരമായി തെറ്റില്ല. ചിലയിടങ്ങളില്‍ സംജ്ഞാനാമമായും 'ആക്രി' ശബ്ദം ഉപയോഗിച്ചുകാണുന്നു!
* നാരായണന്‍, കെ.സി., അക്ഷരംപ്രതി, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2025, പുറം - 143
** ജോസഫ്, പി.എം. മലയാളത്തിലെ പരകീയപദങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1984, പുറം - 456.