മനസാ വാചാ കര്‍മണാ സംസ്‌കൃതത്തിലെ ഒരു സൂക്തമാണ്. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മംകൊണ്ടും എന്നാണതിന്റെ അര്‍ഥം. സംസ്‌കൃതത്തില്‍ തൃതീയാവിഭക്തിയാണ് മനസാ; മലയാളത്തിലാകട്ടെ പ്രയോജികാവിഭക്തിയും. മനസ്സാല്‍(മനസ്സിനാല്‍), മനസ്സുകൊണ്ട് എന്നിങ്ങനെ അര്‍ഥവും വരും. മനസാ എന്ന സംസ്‌കൃതശബ്ദത്തെ' 'മനസ്സാ'' എന്ന് ഇരട്ടിച്ചെഴുതാന്‍ പാടില്ല. എന്നാല്‍, മലയാളത്തിലെ വിഭക്തിപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ സകാരത്തിന് ദ്വിത്വം കൊടുത്തെഴുതണം. കൊണ്ട് എന്ന ഗതി ചേര്‍ത്താലും ഇരട്ടിപ്പ് നിലനില്ക്കും. മനസ്സിനെ(പ്രതിഗ്രാഹിക) മനസ്സിനോട് (സംയോജിക) മനസ്സിന് (ഉദ്ദേശിക) മനസ്സാല്‍ (പ്രയോജിക) മനസ്സിന്റെ (സംബന്ധിക) മനസ്സില്‍ (ആധാരിക) എന്നിങ്ങനെയാണ് ശരിയായി എഴുതേണ്ടത്. വിഭക്തിപ്രത്യയങ്ങള്‍ ചേരുമ്പോള്‍ സകാരം ഉച്ചരിക്കുന്നത് ഇരട്ടിപ്പോടുകൂടിയാണ്. അതുകൊണ്ട് 'സ്സ' ശരി എന്നു മനസ്സിലാക്കണം.
ഇതേക്കുറിച്ചുള്ള പന്മന രാമചന്ദ്രന്‍നായരുടെ അഭിപ്രായം ശ്രദ്ധിക്കുക: ''മനസാ എന്ന സംസ്‌കൃതപദത്തിന് മനസ്സുകൊണ്ട്, മനസ്സിനാല്‍ എന്നാണര്‍ഥം. മനസാ എന്നതിനെ മനസ്സാ ആക്കുക ശരിയല്ല. ശിരസാ എന്നതിനെ 'ശിരസ്സാ' ആക്കുന്നതും തെറ്റാണ്. 'അങ്ങയുടെ ആജ്ഞ ഞാന്‍ ശിരസാ വഹിക്കുന്നു' എന്നേ ആകാവൂ''* സംസ്‌കൃതത്തിലെ പ്രഥമാരൂപമായ മനസ് മലയാളമാക്കുമ്പോള്‍ മനസ്സ് എന്നാകും. കേവലവ്യഞ്ജനങ്ങളില്‍ അവസാനിക്കുന്ന സംസ്‌കൃതപദങ്ങള്‍ മലയാളമാക്കുമ്പോള്‍, അന്ത്യവ്യഞ്ജനം ഇരട്ടിച്ച് സംവൃതോകാരം ചേര്‍ത്തു പ്രയോഗിക്കണമെന്നാണല്ലോ നിലവിലുള്ള നിയമവും. പദാന്തേവ്യഞ്ജനം വന്നാല്‍/ സംവൃതം ചേര്‍ത്തുചൊല്ലുക** (കാരിക 19) എന്ന കേരളപാണിനീയവിധിക്ക് ഇന്നും പ്രസക്തിയുണ്ട്. അതിന്‍പ്രകാരം മനസ്സ്, വചസ്സ്, മഹസ്സ്, ശിരസ്സ്, തപസ്സ്, തേജസ്സ് എന്നിങ്ങനെ പറയുകയും എഴുതുകയും ചെയ്താലേ വ്യാകരണശുദ്ധിയുള്ള പ്രയോഗങ്ങളാവൂ.
*രാമചന്ദ്രന്‍നായര്‍, പന്മന, നല്ല ഭാഷ, ഡി.സി.ബുക്‌സ്, കോട്ടയം, 2014, പുറം - 196.
** രാജരാജവര്‍മ, ഏ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം -134.