ക്രൈസ്തവദൈവാലയങ്ങളില്‍ പ്രധാനപുരോഹിതനെ (വികാരിയെ), ഭരണപരവും പണപരവുമായ കാര്യങ്ങളില്‍ സഹായിക്കുന്ന വ്യക്തിയാണ് കൈക്കാരന്‍. കൈകാര്യകര്‍ത്താവ് എന്നു പറയാം. ''കയ്ക്കാരന്‍'' രൂപഭേദം മാത്രമാണ്. കൂടാതെ, ഭൃത്യന്‍, കാര്യസ്ഥന്‍, പ്രതിനിധി, തൊഴിലാളി, നന്നായി വേലയെടുക്കുന്നവന്‍, കൈവേലക്കാരന്‍, കൈയില്‍ ധാരാളം പണമുള്ളവന്‍, സ്ഥാനമാനങ്ങളുള്ളവന്‍, ഒരു സ്ഥാപനത്തിന്റെ ട്രസ്റ്റി, ഭരണകര്‍ത്താവ്, മുസ്ലീം ദൈവാലയത്തിലെ ഭരണസമിതിയിലെ അംഗം, മുസ്ലീം ദൈവാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍, ചതിയന്‍, ശക്തന്‍, സമര്‍ഥന്‍, വയസ്സ് മൂത്തവന്‍, വൃദ്ധന്‍ തുടങ്ങിയ വിവക്ഷിതങ്ങളും സന്ദര്‍ഭനിഷ്ഠമായി കൈക്കാരന്‍ എന്ന പദത്തിനുണ്ട്.* പൊതുവെ പുരുഷന്മാര്‍ മാത്രമാണ് കൈക്കാരന്റെ ചുമതല വഹിച്ചിരുന്നത്. തന്മൂലം തത്തുല്യമായ സ്ത്രീലിംഗപദം ഇത്രയുംനാള്‍ സൃഷ്ടിക്കപ്പെട്ടില്ല.
അടുത്തകാലത്തായി സ്ത്രീകളും കൈക്കാരപദവിയില്‍ വന്നുതുടങ്ങിയിട്ടുണ്ട്. അപ്പോള്‍ പുതിയ പദം ആവശ്യമായി വന്നു. മാധ്യമങ്ങള്‍ വളരെവേഗം നിര്‍മ്മിച്ചെടുത്ത ഒരു സമസ്തപദമാണ് 'വനിതാകൈക്കാരന്‍.' ഈ പ്രയോഗത്തില്‍ ഒന്നിലധികം തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. വനിത സ്ത്രീലിംഗവാചിയും കൈക്കാരന്‍ പുല്ലിംഗശബ്ദവുമാണ്. ഇവ പരസ്പരം കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. വനിതാ(വനിത) സംസ്‌കൃതശബ്ദവും കൈക്കാരന്‍ മലയാളവുമാണെന്ന സവിശേഷത വേറെയും. കൈക്കാരന്‍ (കൈ + കാരന്‍) എന്ന പുല്ലിംഗ പദത്തിന്റെ സ്ത്രീലിംഗരൂപം കൈക്കാരി (കൈ+കാരി) എന്നാണ്. 'വനിതാകൈക്കാരി' എന്നെഴുതുന്നതും അനാവശ്യമായ ആവര്‍ത്തനമാണ്. കൈക്കാരി വനിതയാണല്ലോ എന്നതത്രേ അവിടത്തെ ന്യായം!
കാരന്‍ - കാരി പ്രയോഗങ്ങള്‍ ഇന്നത്തെ ഭാഷയില്‍ സാധാരണമാണ്. കാരി വൈകല്പികമായി കാരത്തിയുമാകുന്നു (കൈക്കാരത്തി). കാരി രൂപങ്ങളില്‍ 'ഇ' പ്രത്യയം; കാരത്തിയില്‍ 'ത്തി' പ്രത്യയം. ജീവനക്കാരന്‍ - ജീവനക്കാരി, വീട്ടുകാരന്‍-വീട്ടുകാരി, പണക്കാരന്‍-പണക്കാരി, തയ്യല്‍ക്കാരന്‍ - തയ്യല്‍ക്കാരി, ജോലിക്കാരന്‍ - ജോലിക്കാരി, നാട്ടുകാരന്‍ - നാട്ടുകാരി എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍! ത്തി പ്രത്യയത്തിനുമുമ്പുള്ള വര്‍ണം താലവ്യമാണെങ്കില്‍ 'ത്തി' 'ച്ചി'യാകും. അപ്പോള്‍ വ്യാകരണദൃഷ്ട്യാ വേലക്കാരിയും വേലക്കാരത്തിയും വേലക്കാരച്ചിയും ശരിയായ പദനിര്‍മ്മിതികളാകുന്നു. (വേലക്കാരി - വേലക്കാരത്തി - വേലക്കാരച്ചി;
താലവ്യാദേശം - താലവ്യസ്വരങ്ങള്‍ക്കുശേഷം (അ, ഇ, എ, ഐ) വരുന്ന ത വര്‍ഗം ദന്ത്യം (ത, ന, ത്ത, ന്ന, ന്ത) ച വര്‍ഗമായി മാറുന്ന പ്രവണതയാണ് താലവ്യാദേശം. പിടിത്തു ണ്ണ പിടിച്ചു.
* സുമംഗല, പച്ചമലയാളം നിഘണ്ടു, ഗ്രീന്‍ബുക്‌സ്, തൃശൂര്‍, 2016, പുറം - 422.
** അച്യുതവാര്യര്‍, എസ്. പ്രൊഫ. ഭാഷാവ്യാകരണപഠ
നം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2011, പുറം - 122.