ഞാറ്റുവേല എന്ന പദത്തിന്റെ ശരിയായ അര്‍ഥം ധരിച്ചിട്ടുള്ളവര്‍ വിരളമാണ്. ഞാറു നടുമ്പോള്‍ പാടുന്ന പാട്ട് ഞാറ്റുപാട്ട്. ഇതുപോലെ ഞാറുനടുന്ന വേല (പണി)യാണോ ഞാറ്റുവേല? ആലോചിക്കേണ്ടിയിരിക്കുന്നു! ഞാറ് + വേല = ഞാറ്റുവേല എന്ന നിഘണ്ടുവിലെ പദച്ഛേദം തെറ്റുധാരണയ്ക്കു കാരണമായിട്ടുണ്ടാവണം.
ദ്രാവിഡഭാഷയില്‍ സൂര്യന് ഞായര്‍ എന്നും ചന്ദ്രന് തിങ്കള്‍ എന്നും പറഞ്ഞിരുന്നു. 'ഞായറു മറഞ്ഞേക്കാം തിങ്കളാലല്ലേ' (പെരുന്തച്ചന്‍) എന്ന ശങ്കരക്കുറിപ്പിന്റെ കാവ്യശകലത്തിലെ ഞായറിനും തിങ്കളിനും സൂര്യചന്ദ്രന്മാര്‍ എന്ന വിവക്ഷിതവും ഉണ്ടല്ലോ. ഞായറുവേല - ഞായറ്റുവേല - ഞാറ്റുവേല (യകാരലോപം) എന്നാണ് ഞാറ്റുവേല എന്ന പദത്തിന്റെ പരിണാമം.* ഞായര്‍ പടിയുന്ന (വീഴുന്ന) ദിക്ക് പടിഞ്ഞായറും പിന്നെ പടിഞ്ഞാറുമാകുന്നു.
ഞായര്‍ അഥവാ സൂര്യന്‍ ഒരു നക്ഷത്രത്തില്‍ നില്‍ക്കുന്ന വേല അഥവാ സമയം എന്നാണ് ഞാറ്റുവേലയ്ക്ക് അര്‍ഥം. സമയം എന്നര്‍ഥമുള്ള വേളയാണ് ഗ്രാമ്യഭാഷയില്‍ വേലയാക്കുന്നത്. ഫലത്തില്‍, വേളയും വേലയും ഒന്നുതന്നെ. അശ്വതി, ഭരണി, കാര്‍ത്തിക തുടങ്ങിയ നക്ഷത്രസമൂഹത്തിനു സമീപത്തായി സൂര്യന്‍ പ്രത്യക്ഷപ്പെടുന്ന സമയത്തിന് യഥാക്രമം അശ്വതി ഞാറ്റുവേല, ഭരണി ഞാറ്റുവേല, കാര്‍ത്തിക ഞാറ്റുവേല എന്നെല്ലാം വ്യവഹരിക്കുന്നു. (പകല്‍ നഗ്നനേത്രങ്ങള്‍ക്ക് നക്ഷത്രങ്ങള്‍ ദൃശ്യമല്ല.)
സൂര്യന് ഒരു നക്ഷത്രത്തില്‍നിന്ന് അടുത്തതിലേക്കു കടക്കാന്‍ വേണ്ട സമയമായ പതിമ്മൂന്നുദിവസം മുപ്പത്തൊന്നു നാഴിക പതിനെട്ടു വിനാഴിക, സൂര്യന്‍ ഏതെങ്കിലും ഒരു നക്ഷത്രത്തില്‍സ്ഥിതി ചെയ്യുന്ന സമയം, ഞാറ് പറിച്ചു നടാന്‍ കൊള്ളാവുന്ന ദിവസം** തുടങ്ങിയ വിവക്ഷിതങ്ങളില്‍ ഞാറ്റുവേല എന്ന ശബ്ദം പ്രയോഗിക്കുന്നു. ഞാറ്റുവേലയ്ക്ക് ഞാറ്റുവേല, ഞാറ്റുവേലി എന്നിങ്ങനെ നാമാന്തരങ്ങളും കാണുന്നുണ്ട്. 1993 ല്‍ പുറത്തിറങ്ങിയ മിഥുനം, 1977 ല്‍ പുറത്തിറങ്ങിയ ധീരസമീരേ യമുനാതീരേ എന്നീ ചലച്ചിത്രങ്ങളില്‍ 'ഞാറ്റുവേലക്കിളിയേ നീ' എന്നു തുടങ്ങുന്ന രണ്ടു വ്യത്യസ്ത ഗാനങ്ങള്‍ ഒ.എന്‍.വി. കുറുപ്പ് രചിച്ചിട്ടുണ്ട്.
*നാരായണമേനോന്‍, പി., മലയാളം ഭാഷയും സംസ്‌കാരവും, എഡിറ്റര്‍ റോയ് മാത്യു എം., കേരള സാഹിത്യഅക്കാദമി, തൃശൂര്‍, 2021, പുറം - 179.
** സുമംഗല, പച്ചമലയാളം നിഘണ്ടു, ഗ്രീന്‍ ബുക്‌സ്, തൃശൂര്‍, 2016, പുറം - 571.