•  16 Oct 2025
  •  ദീപം 58
  •  നാളം 32
ശ്രേഷ്ഠമലയാളം

മുഖരിതം

   അര്‍ഥമറിയാതെ പ്രയോഗിക്കുന്ന വാക്കുകളില്‍ ഒന്നാണ് മുഖരിതം. ശബ്ദിക്കപ്പെട്ടത് (ശബ്ദം നിറഞ്ഞത്) എന്നാണ് ആ വാക്കിന്റെ അര്‍ഥം. ഇതു മനസ്സിലാക്കാതെ ''ശബ്ദമുഖരിതം'' എന്നെഴുതുമ്പോള്‍, അനാവശ്യമായ ആവര്‍ത്തനം സംഭവിക്കുന്നു! അനാവശ്യപദങ്ങള്‍ പ്രത്യാഗമിക്കുന്ന പ്രവണതയാണത്. പുനരുക്തി എന്ന ദോഷം അവിടെ വന്നുചേരുന്നു. ഉക്തി = വാക്ക്. ഒരേ അര്‍ഥം വരുന്ന പദങ്ങള്‍ ആവര്‍ത്തിച്ചു പ്രയോഗിക്കുന്നതാണ് പുനരുക്തിദോഷം അഥവാ പൗനരുക്ത്യം. ''ശബ്ദമുഖരിതം'' തെറ്റായ പ്രയോഗമാണ്. ഒന്നുകില്‍ മുഖരിതം എന്നോ അല്ലെങ്കില്‍ ശബ്ദം നിറഞ്ഞത് എന്നോ  ഉപയോഗിച്ചാല്‍ മതിയാകും. രണ്ടും ചേര്‍ന്നു വരുന്ന 'ശബ്ദമുഖരിത'ത്തിന് ആവര്‍ത്തനത്തിന്റെ അസ്വാരസ്യമുളവാക്കലേ ഉള്ളൂ. വിശേഷിച്ചൊരു മേന്മയും ഇല്ല.
   പുനരുക്തിദോഷം ഭാഷയില്‍ ഏതെല്ലാം തരത്തിലാണ് സംഭവിക്കുക എന്നതിന് കൈയും കണക്കുമില്ല എന്നു പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം നല്‍കിയിട്ടുള്ള ഏതാനും ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു: ''ധൂളിപ്പൊടി, ഗേറ്റുവാതില്‍, ശരീരബോഡി, നടുമധ്യം, ട്രങ്കുപെട്ടി, അഷ്ടചൂര്‍ണപ്പൊടി, ഡബിള്‍ക്കോട്ടുകട്ടില്‍, പൊടിഭസ്മം, പോസ്റ്റുതൂണ്, ലൈറ്റുവെട്ടം, അര്‍ദ്ധപകുതി, വടിക്കമ്പ്, സുകുമാരഘൃതനെയ്യ്, ഗോപാല്‍ ഇങ്കുമഷി ഇവയിലെല്ലാമുണ്ട് ഒരേ അര്‍ഥമുള്ള രണ്ടു വാക്കുകള്‍.* കൂടാതെ, ഭയചകിതന്‍, വയസ്സു ചെന്ന കിളവന്‍, സ്വയം ആത്മഹത്യ ചെയ്തു, അദ്ദേഹം തന്റെ ആത്മകഥയെഴുതി, കാല്പാദം, നയനബാഷ്പം തുടങ്ങിയ ഉദാഹരണങ്ങളിലും പുനരുക്തിദോഷം കാണാം.
 ""Life is a tale told by an idiot, full of sound and fiery signifying nothing (Macbeth Shakespeare)'' ജീവിതം ശബ്ദായമാനവും അന്തസ്സാരശൂന്യവുമായ ഏതോ വിഡ്ഢി പറഞ്ഞ കടങ്കഥയാണ് എന്ന വാക്യം, സാംബശിവന്റെ കഥാപ്രസംഗത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കേട്ടത് ഇപ്പോഴും ഓര്‍മയിലുണ്ട്. മുഖരിതം എന്ന വാക്കിനു പകരമാണല്ലോ സാംബശിവന്‍ ശബ്ദായമാനം എന്നു പ്രയോഗിച്ചത്. എന്തായാലും 'ശബ്ദമുഖരിതം' വേണ്ടേ വേണ്ടാ!
* രാമചന്ദ്രന്‍നായര്‍, പന്മന, നല്ല ഭാഷ, ഡി.സി. ബുക്‌സ്, കോട്ടയം, 2014, പുറം - 64.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)