•  16 Oct 2025
  •  ദീപം 58
  •  നാളം 32
ശ്രേഷ്ഠമലയാളം

ത്വങ്മാംസം

സംസ്‌കൃതത്തിലെ ത്വക് മലയാളത്തിലെ ത്വക്ക് എന്നാകുന്നു. അന്യഭാഷാപദങ്ങള്‍ ഏകമാത്രകമല്ലെങ്കിലും സ്വരം ചേരുമ്പോള്‍ വ്യഞ്ജനം ഇരട്ടിക്കാറുണ്ട്. മനസ് - മനസ്സ്, വാക് - വാക്ക്, ബുക് - ബുക്ക്. ഇതുപോലെ ത്വക്-ത്വക്ക് ആയി മാറുന്നു. പദാന്തത്തില്‍ വ്യഞ്ജനം വന്നാല്‍ സംവൃതോകാരം ചേര്‍ക്കണമെന്നുമുണ്ടല്ലോ. ത്വക്ങ്കത്വക്ക്. ശരീരത്തിന്റെ പ്രകൃത്യാ ഉള്ള ആവരണമാണ് ത്വക്ക്. തൊലി എന്നര്‍ഥം. പഞ്ചേന്ദ്രിയങ്ങളില്‍ (സ്പര്‍ശനേന്ദ്രിയം) ഒന്നായും ഇതറിയപ്പെടുന്നു. ത്വക്കിന് ഏഴുപാളികള്‍ ഉള്ളതായി അഷ്ടാംഗഹൃദയത്തില്‍ കാണുന്നു.*
ത്വക്, മാംസം എന്നീ പദങ്ങള്‍ സന്ധി ചെയ്യുമ്പോള്‍ ത്വങ്മാംസം എന്നു ലഭിക്കുന്നു. രണ്ടുപദങ്ങളും സംസ്‌കൃതമായതിനാല്‍ സംസ്‌കൃതനിയമപ്രകാരമാണ് സന്ധി ചെയ്യേണ്ടത്. ''പഞ്ചമത്തിന്‍ മുമ്പു വര്‍ഗ്ഗ്യം സ്വസ്വപഞ്ചമമായിയും'' ** (കാരിക 38) എന്നാണു നിയമം. അതായത്, പദാന്തസന്ധിയില്‍ പിന്‍വരുന്ന അനുനാസികം പ്രത്യയത്തിന്റേതാണെങ്കില്‍ അനുനാസികാദേശം നിത്യമായി സംഭവിക്കും. വാക്+മാധുര്യം = വാങ്മാധുര്യം; വാക്  +മയം=വാങ്മയം, ചിത്+മയം= ചിന്മയം; ദിക്+മാത്രം=ദിങ്മാത്രം; അപ്+മയം=അമ്മയം എന്നിങ്ങനെ ഉദാഹരണങ്ങള്‍ കണ്ടെത്താം. (വാക് + മാധുര്യം = വാഗ്മാധുര്യം എന്നുമാകാം.)
'ത്വങ്മാംസംങ്കതൊലിയും ഇറച്ചിയും. അനുനാസികമായ (nasal) മകാരത്തിന് തൊട്ടുമുമ്പുള്ള കകാരത്തിന് ങ എന്ന അനുനാസികം ആദേശം വരുന്ന സവര്‍ണനം (assimilation)  എന്ന പ്രവണതയെന്നും ഇതിനെ വിശേഷിപ്പക്കാം. ത്വഗിന്ദ്രിയംങ്കഇന്ദ്രിയം, രോഗം എന്നിവയുടെ തുടക്കത്തിലുള്ള ഇ, ര എന്നീ സ്വനങ്ങള്‍ക്കു തൊട്ടുമുമ്പ് ത്വക് എന്നതിലെ കകാരത്തിന് ഗകാരം ആദേശം വരുന്നു. നാദിസ്വനത്തിനു മുമ്പ് ശ്വാസി (voiceless) സ്വനം  നാദി (voiced)യുമാവുന്ന സവര്‍ണനപ്രക്രിയ' ഇവിടെയും പ്രകടമാണ്.***
* ത്വക്കിന്റെ ഏഴുപാളികള്‍: അവഭാസിനി, ലോഹിത, ശ്വേത, താമ്ര, വേദിനി, രോഹിണി, മാംസധാര
** രാജരാജവര്‍മ ഏ.ആര്‍. മണിദീപിക (വ്യാകരണം) കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 1987, പുറം-39.
*** പ്രബോധചന്ദ്രന്‍നായര്‍, വി.ആര്‍. ഡോ. എഴുത്തു നന്നാവാന്‍, കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2005, പുറം-74.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)