വാദത്തിനുവേണ്ടി മാത്രം വാദിക്കുന്ന ചിലരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ആധാരമോ യുക്തിയോ ഇല്ലാതെ അവര്‍ വാദിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ വ്യര്‍ഥമായ വാഗ്വാദം നടത്തുന്നവരാണ് വിതണ്ഡാവാദികള്‍. സ്വപക്ഷം സ്ഥാപിക്കാതെതന്നെ പരപക്ഷം ഖണ്ഡിക്കുന്ന നിരര്‍ഥകഭാഷണമാണ് യഥാര്‍ഥത്തില്‍ വിതണ്ഡാവാദം. ''വി-തഡി ആഘാതേ.'* ഇത് സ്വപക്ഷത്തെ സ്ഥാപിക്കാതെ പരപക്ഷത്തെ ഖണ്ഡിക്കുന്നതിന്റെ പേര്‍ എന്ന് അമരകോശം രേഖപ്പെടുത്തുന്നു.
അടിസ്ഥാനമോ യുക്തിയോ ഇല്ലാത്ത വാദമാണ് വിതണ്ഡാവാദം എന്നു സൂചിപ്പിച്ചല്ലോ. ഉച്ചാരണത്തിലെ ശൈഥില്യംമൂലം പല തരത്തില്‍ എഴുതിക്കാണുന്നു. 'വിതണ്ടാവാദം', 'വിതണ്ടവാദം', 'വിദണ്ഡവാതം', 'വിതണ്ഡാവാതം', 'വിതണ്ഡതാവാദം' എന്നിങ്ങനെ. ഇവയെല്ലാം തെറ്റായ പദപ്രയോഗങ്ങളാണ്. സംസ്‌കൃതത്തിലെ ദീര്‍ഘാന്തപദങ്ങളുടെ പിന്നില്‍ മറ്റൊരു സംസ്‌കൃതപദം ചേരുമ്പോള്‍ ദീര്‍ഘം അതേപടി നിലനില്ക്കും. വിതണ്ഡാ എന്നാണ് ഇവിടെ മൂലപദം. അതിനോട് വാദം എന്ന സംസ്‌കൃതപദംതന്നെ ചേരുന്നതിനാല്‍ ദീര്‍ഘത്തിന് മാറ്റമില്ല. അപ്പോള്‍ വിതണ്ഡാവാദം എന്നുതന്നെ എഴുതണം. വിതണ്ഡാവാദിയെ വൈതണ്ഡികന്‍ എന്നും പറയാം. കുതര്‍ക്കക്കാരനാണവന്‍. ഉച്ചാരണത്തിലെ മാറ്റം എഴുത്തിലേക്കു കൊണ്ടുവരരുത്. വിതണ്ഡാ എന്ന പൂര്‍വപദത്തെ താ ചേര്‍ത്ത് വിതണ്ഡതാ എന്നു നീട്ടേണ്ടതുമില്ല.
ശൈലി എന്ന നിലയിലും വിതണ്ഡാവാദത്തിനു പ്രസക്തിയുണ്ട്. ദുസ്തര്‍ക്കമാണ് അവിടെ വിവക്ഷിതം. മര്‍ക്കടമുഷ്ടിക്കു സമാനമാണത്. മര്‍ക്കടം സര്‍പ്പത്തെ പിടിച്ചാല്‍ (തലയിലാണ് പിടിക്കുന്നത്.) ആ പിടി വിടണമെങ്കില്‍ സര്‍പ്പം ചത്തുചീഞ്ഞ് തനിയെ ഊരിപ്പോകണമെന്നത്രേ വിശ്വാസം. മര്‍ക്കടമുഷ്ടി, ശാഠ്യം, വിതണ്ഡാവാദം എന്നീ അര്‍ഥങ്ങള്‍ ലഭിക്കുന്ന മറ്റൊരു പദമാണ് ഒട്ടാരം. തമിഴില്‍നിന്നു മലയാളം കൈക്കൊണ്ട വാക്കാണത്. പ്രയോഗിച്ചുപരിചയിച്ചാല്‍ ഒട്ടാരം വിതണ്ഡാവാദം എന്ന സമസ്തപദത്തിനു പകരം നില്‍ക്കും.
* പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി) എന്‍ബിഎസ്, കോട്ടയം, 2013, പുറം - 848