•  30 Oct 2025
  •  ദീപം 58
  •  നാളം 34
ശ്രേഷ്ഠമലയാളം

ഓപ്പോള്‍

   എം.ടി. വാസുദേവന്‍ നായരുടെ പ്രസിദ്ധമായ ഒരു കഥയാണ് ഓപ്പോള് (ഓപ്പോള്‍). പ്രസ്തുത കഥയ്ക്ക് എം.ടി.തന്നെ തിരക്കഥയെഴുതി കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത് അതേപേരില്‍ സിനിമയുമാക്കി. 1980 ല്‍ ആണ് ഓപ്പോള്‍  എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നത്. മേനക, മാസ്റ്റര്‍ അരവിന്ദ്,  ബാലന്‍ കെ നായര്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. പി. ഭാസ്‌കരന്റെ വരികള്‍ക്ക് യേശുദാസ്, എസ്.ജാനകി, ലതാമാലതി എന്നിവരാണ് ശബ്ദം നല്കിയത്. നാല് ദേശീയ അവാര്‍ഡുകളും അഞ്ച് സംസ്ഥാന അവാര്‍ഡുകളും ആ ചിത്രത്തിനു ലഭിക്കുകയുണ്ടായി. ഏറ്റുമാനൂരമ്പലത്തില്‍ (എസ്. ജാനകി), പൊട്ടിക്കാന്‍ ചെന്നപ്പോള്‍ (യേശുദാസ്). ചാറ്റല്‍മഴയും (ലതാമാലതി) എന്നീ പാട്ടുകള്‍ ഇന്നും അവിസ്മരണീയമായി നിലകൊള്ളുന്നു.1
   തെക്കേ മലബാറില്‍ മാത്രം പരിചയമുള്ള ഒരു വിളിപ്പേരാണ് ഓപ്പോള്‍. ഉടപ്പിറന്നവള്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. ഉടന്‍ (കൂടെ) പിറന്നവള്‍ എന്ന അര്‍ഥത്തിലാകണം ആ പേരിന്റെ നിഷ്പത്തി. ഉടല്‍പ്പിറന്നവള്‍ (ലകാരലോപം) എന്ന വിവക്ഷിതവും വന്നുചേരാമെന്ന് മലയാളമഹാനിഘണ്ടുകാരന്‍ ഊഹിക്കുന്നു.2 സഹോദരനും സഹോദരിക്കും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാനാണ് ഓപ്പോള്‍ എന്ന പദം ഉപയോഗിക്കുന്നത്. എന്നാല്‍ സഹോദരന്മാര്‍ തമ്മില്‍ ഉടപ്പിറന്നവന്മാര്‍, എന്നോ സഹോദരിമാര്‍ തമ്മില്‍ ഉടപ്പിറന്നവള്‍മാര്‍ എന്നോ സാധാരണ പ്രയോഗിക്കാറില്ല.
  'വേറെയും പല മട്ടുണ്ടാം/ തദ്ധിതങ്ങളവാച്യമായ്' (356) എന്ന വിധിപ്രകാരം ഓപ്പോള്‍ എന്ന സംജ്ഞയെ തദ്ധിതഗണത്തില്‍ ഉള്‍പ്പെടുത്താം. 
ഒപ്പമുള്ളവള്‍ എന്ന അര്‍ഥത്തില്‍ ഓപ്പോള്‍ എന്നു പ്രയോഗിക്കാം. അതു ചുരുക്കി ഓപ്പ എന്നുമാകുന്നു. ഒപ്പമുള്ളവള്‍ മാത്രമല്ല ഒപ്പമുള്ളവനും ഓപ്പയാകും. അതായത്, ലിംഗവിവക്ഷയില്ലാതെ രണ്ടു രൂപങ്ങള്‍ക്കും സാംഗത്യമുണ്ടെന്നു സാരം. 
ഓപ്പ: പള്ളികളില്‍ ഉപയോഗിക്കുന്ന സഖ്യതാവസ്ത്രത്തിനും ഓപ്പ എന്നു വ്യവഹരിക്കാറുണ്ട്. 
1. വാസുദേവന്‍നായര്‍, എം.ടി. എം.ടിയുടെ തിരക്കഥകള്‍, ഡി.സി.ബുക്‌സ് കോട്ടയം, 2011, പുറം - 702.
2. കുഞ്ഞന്‍പിള്ള ശൂരനാട്, മലയാളമഹാനിഘണ്ടു, വാല്യം കക, കേരളസര്‍വകലാശാലാപ്രസിദ്ധീകരണം, തിരുവനന്തപുരം, 2003, പുറം-1333.
3. നമ്പൂതിരി, ഇ.വി. എന്‍. കേരളഭാഷാവ്യാകരണം, ഡി.സി.ബുക്‌സ്, കോട്ടയം, 2005, പുറം - 79.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)