മലയാളത്തിന്, സംസ്‌കൃതവുമായുള്ള ബന്ധം തുടങ്ങിയ കാലംമുതലേ സംസ്‌കൃതധാതുക്കള്‍ തദ്ഭവമായും തത്‌സമമായും കടന്നുവന്നിട്ടുണ്ട്. ആ ധാതുക്കളെല്ലാം ഇപ്പോള്‍ മലയാളത്തിനു സ്വന്തമായിക്കഴിഞ്ഞു. അവ എങ്ങനെയെല്ലാമാണ് ഭാഷയില്‍ പ്രയോഗിക്കപ്പെടുന്നത് എന്നു മനസ്സിലാക്കേണ്ടതുണ്ട്. പൊതുവേ രണ്ടുവിധത്തിലാണ് സംസ്‌കൃതധാതുക്കളെ ഭാഷീകരിക്കേണ്ടത്. ഒന്ന്: ധാതുക്കളോട് ഇ എന്ന അംഗപ്രത്യയവും ഒടുവില്‍ കാലാദിപ്രത്യയങ്ങളും ചേര്‍ത്ത് ക്രിയാപദങ്ങളെ സൃഷ്ടിക്കാം. ഉദാ: സുഖ്‌ഴ സുഖ്+ഇ+ക്ക്+ഉന്നു=സുഖിക്കുന്നു; ചിന്ത്‌ഴ ചിന്ത്+ഇ+ക്ക്+ഉം=ചിന്തിക്കും; സ്‌നേഹ്+ ഇ+ക്ക്+ച്ചു=സ്‌നേഹിച്ചു. ദുഃഖിക്കുക, സേവിക്കുക, നമിക്കുക, ആശ്ലേഷിക്കുക, അധികരിക്കുക, കലാശിക്കുക മുതലായവയെല്ലാം വികരണം കൂടാതെയുള്ള ഭാഷീകൃത രൂപങ്ങളാണ്.
രണ്ട്: ധാതുക്കളില്‍ 'ഗുണവികാരം' ചെയ്ത് കാലാദിപ്രത്യയങ്ങള്‍ ചേര്‍ത്ത് ക്രിയാശബ്ദങ്ങളെ നിര്‍മിക്കാം. ആദ്യം 'ഗുണവികാരം' എന്നാല്‍ എന്ത് എന്ന് അറിയേണ്ടതുണ്ട്.അ, ഏ, ഓ എന്നീ സ്വരങ്ങളെ കുറിക്കുന്ന സാങ്കേതികസംജ്ഞയാണ് ഗുണം. ആദ്ഗുണഃ എന്നു പാണിനീയസൂത്രം (1). അവര്‍ണത്തില്‍നിന്ന് അച് പരമായാല്‍ രണ്ടും ചേര്‍ന്നിട്ടു ഗുണം വരുമെന്നു വ്യാഖ്യാനം. ''ധാതുവിലെ ഇ എന്ന സ്വരത്തിന് ആദ്യം എകാരമായി മാറ്റം വരും. വിദ് (അറിയുക) എന്ന ധാതു ഗുണവികാരം വന്ന് വേദ് ആയിട്ട് മലയാളത്തില്‍ ഇ കാരം ചേര്‍ത്ത് വേദിക്കുന്നു എന്ന ക്രിയാപദം ഉണ്ടാക്കുന്നു. ചില ധാതുക്കളിലെ ഇ (നീ) ഗുണവികാരം മൂലം ഏ ആയതിനുമേല്‍ അയ് എന്നും ഗുണവികാരം വരുന്നു. നീഴ നേഴനയിക്കുന്നു. ഇതുപോലെ ഉ കാരം ഓകാരമായും ഋ - അര്‍ എന്നായിട്ടും മാറി വരുന്ന രൂപത്തിലാണ് നാം ഇ ചേര്‍ത്ത് നുദ്-നോദിക്കുന്നു (ധ്വംസിക്കുന്നു), ദൃശ്‌ഴ ദര്‍ശിക്കുന്നു, ഭൂഴ ഭവിക്കുന്നു, ഹൃത്ത് ഴ ഹരിക്കുന്നു എന്നീ ക്രിയാരൂപദങ്ങള്‍ ഉണ്ടാകുന്നത്'' (2). ഇങ്ങനെ ഭാഷീകൃതരൂപങ്ങള്‍ ആശങ്ക കൂടാതെ പ്രയോഗിക്കുമ്പോള്‍ ഇരുഭാഷകളും തമ്മിലുള്ള ബന്ധം ഏറെ ദൃഢമാകുന്നു.
(1) ചാക്കോ, ഐ.സി., പാണിനീയപ്രദ്യോതം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012, പുറം - 47.
(2) ഗോപി, ആദിനാട്, പ്രഫ., മലയാളം: ഭാഷ, വ്യാകരണം, പ്രയോഗം, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 267.