പാല് ഉറകൂടി ഉണ്ടാകുന്ന കൊഴുത്ത ദ്രാവകമാണ് തൈര് (രൗൃറ). രേഫച്ചില്ലായ ര്‍ ചേര്‍ത്ത് തൈര്‍ എന്നും എഴുതാം. തയിര്‍ എന്നൊരു രൂപഭേദവും ഉണ്ട്. ഇവയെല്ലാം രചനാപാഠം എന്ന നിലയില്‍ അംഗീകൃതമാണ്. (തൈര്, തൈര്‍, തയിര്, തയിര്‍) തൈരു മത്തുകൊണ്ട് കലക്കി (കടഞ്ഞ്) വെണ്ണയും മോരും വേര്‍തിരിച്ച് പാചകം ചെയ്തും അല്ലാതെയും ഉപയോഗിക്കും. തൈര്‍വില്പനക്കാരനെ തയിരുകാരന്‍ എന്നു വ്യവഹരിക്കാറുണ്ട്.
പാല്‍ ഉറയൊഴിച്ചാല്‍ തൈരു കട്ടയായി കിട്ടണമെന്നില്ല. നന്നായി കാച്ചിക്കുറുക്കി ഉറവച്ചാലേ കട്ടയായ തൈര്‍ ലഭിക്കുകയുള്ളൂ. കടഞ്ഞ് ഉടയ്ക്കാത്ത തൈരിന് കട്ടത്തൈര് എന്നു പറയുന്നു. കട്ടയായ തൈര് എന്നു വിഗ്രഹിക്കുകയും ചെയ്യാം. കട്ട + തൈര് = കട്ടത്തൈര്. ''കട്ടത്തൈരും കൂട്ടിയുരുട്ടിയതൊട്ടല്ലതുമൊരു പഞ്ചപ്രസ്ഥം''* എന്നു ഘോഷയാത്രയില്‍ (തുള്ളല്‍) നമ്പ്യാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കട്ട, തൈര് എന്നീ വാക്കുകള്‍ സന്ധി ചെയ്യുമ്പോള്‍ ഉത്തരപദത്തിന്റെ ആദ്യാക്ഷരം (ത-ത്ത) ഇരട്ടിച്ച് കട്ടത്തൈര് എന്നാകും. ഏകപദത്വപ്രതീതിക്കായി സമാസിക്കേണ്ടതുണ്ട്. തകാരം ഇരട്ടിപ്പില്ലാതെ 'കട്ട തൈര്' എന്ന് അകലമിട്ടെഴുതിയാല്‍ ദുരര്‍ഥപ്രതീതി ഉണ്ടാകും. കള്‍ക്കുക എന്നൊരു പ്രാചീനരൂപം നിലവിലുണ്ടായിരുന്നു. അതിലെ ള്‍ ലോപിച്ച് കക്കുന്നു കട്ടു (കള്‍+തു) കക്കും എന്നിങ്ങനെ കാലരൂപങ്ങള്‍ ഉണ്ടായി; കള്ളം എന്ന നാമരൂപവും. മറ്റൊരാളിന്റെ വക അയാളുടെ അറിവും സമ്മതവും കൂടാതെ അപഹരിക്കുക എന്നാണ് കക്കുക എന്ന പദത്തിന്റെ അര്‍ഥം. കട്ടു എന്ന ഭൂതകാലരൂപത്തിന്റെ വിശേഷണമായ കട്ട** എന്നതിനോട് വിശേഷ്യമായി തൈര്‍ എന്ന് തകാരദിത്വമില്ലാതെ എഴുതിയാല്‍ മോഷ്ടിച്ച തൈര്‍ എന്നര്‍ഥം വന്നുചേരും. അപ്പോള്‍, കട്ട + തൈര് = കട്ടത്തൈര് എന്നു സമാസിച്ചു തന്നെ എഴുതണം. എങ്കിലേ വിവക്ഷിതം വ്യക്തമാവുകയുള്ളൂ. സന്ധിചേര്‍ക്കാതെ 'കട്ട തൈര്' എന്ന് അകലമിട്ടെഴുതുന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിക്കൂടി വരുന്നു. തിരുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭാഷയുടെ ഘടന ശിഥിലമാകുകയും ഭാഷ അപകടത്തിലാവുകയും ചെയ്യും.
*കുഞ്ചന്‍ നമ്പ്യാര്‍, ഘോഷയാത്ര (ഓട്ടന്‍തുള്ളല്‍) വ്യാഖ്യാനം, പ്രൊഫ. കെ.വി. രാമചന്ദ്രപൈ, ലില്ലി ബുക്ക് സെന്റര്‍, ചങ്ങനാശ്ശേരി, 1988, പുറം-57.
**നമ്പൂതിരിപ്പാട്, കെ.വി. ഡോ. മലയാളമഹാനിഘണ്ടു, വാല്യം കകക, കേരളസര്‍വകലാശാലാ പ്രസിദ്ധീകരണം, 2009, പുറം- 6.